നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു
text_fieldsകൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയായിരുന്നു. പൊലീസുകാരനായിരുന്ന പി.സി. ജോര്‍ജ് എസ്.പിയായാണ് വിരമിച്ചത്.
നാടകത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. കോളജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പഠന ശേഷം പൊലീസില്‍ ഓഫീസറായി ചേര്‍ന്നു. വയലാര്‍ രാമവര്‍മ്മ, കെ.ജി. സേതുനാഥ് എന്നിവരുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടയില്‍ ചില പ്രൊഫഷനല്‍ നാടകങ്ങളില്‍ അഭിനയിച്ചു.
അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം. വിടരുന്ന മൊട്ടുകള്‍, ശ്രീമുരുകന്‍, രാമു കാര്യാട്ടിന്റെ ദ്വീപ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
68 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം.
ആദ്യകാലങ്ങളില്‍ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും ഇടക്ക് പൂര്‍ണമായും സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് അഭിനയ രംഗത്ത് സജീവമായ അവസരത്തില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് സജീവമല്ലായിരുന്നു.
ഭാര്യ: കൊച്ചു മേരി. മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍ റിജോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.