വളരെ കരുത്തുറ്റ കഥാപാത്രം, ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഇനിയും താൽപര്യം; 'ഞാന്‍ കര്‍ണ്ണനു'മായി പ്രദീപ് രാജ്
text_fieldsആദ്യചിത്രത്തിലെ മികച്ച പ്രകടനം കാഴ്ച വെച്ച് നടന്‍ 'പ്രദീപ് രാജ്' മലയാളസിനിമയില്‍ ശ്രദ്ധേയനാകുന്നു. 'ഞാന്‍ കര്‍ണ്ണന്‍'എന്ന പുതിയ ചിത്രത്തിലെ നായക കഥാപാത്രമായ 'കര്‍ണ്ണനെ അവതരിപ്പിച്ചുകൊണ്ടാണ് പ്രദീപ് രാജ് വെള്ളിത്തിരയിലെത്തുന്നത്. ആന്തരിക സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങി എന്നും ഒരു നെമ്പരമായി മാറിയ പുരാണത്തിലെ കര്‍ണ്ണന്‍റെ അതേ സംഘര്‍ഷഭരിതമായ ജീവിതമാണ് പ്രദീപ് രാജും ചിത്രത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.
ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന ചിത്രമാണ് 'ഞാന്‍ കര്‍ണ്ണന്‍'. സിനിമ-സീരിയല്‍ താരവും അധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഞാന്‍ കര്‍ണ്ണന്‍. ആധുനിക കുടുംബജീവിതത്തിന്‍റെ അസ്വാരസ്യങ്ങളും പുതിയ കാലം കുടുംബജീവിതത്തില്‍ സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികളുമൊക്കെ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. വൈകാരിക മുഹൂര്‍ത്തങ്ങളുള്ള കഥാപാത്രമായ കര്‍ണ്ണനെ ഏറെ മികവോടെ പ്രദീപ് രാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അഭിനയവും സിനിമയും തന്‍റെ പാഷനായതുകൊണ്ടാണ് അഭിനയിച്ചതെന്ന് പ്രദീപ് രാജ് പറഞ്ഞു. വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു. ഏറെ അഭിനയസാധ്യതയുള്ളതും. ഇനിയും ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താൽപര്യമുണ്ടെന്നും താരം പറഞ്ഞു.
ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജാണ് 'ഞാന്‍ കര്‍ണ്ണന്‍ നിര്‍മ്മിച്ചത്. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.