ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു
text_fieldsെകാൽക്കത്ത: ബംഗാൾ സിനിമയിലെ ഇതിഹാസതാരം സൗമിത്ര ചാറ്റർജി അന്തരിച്ചു. ആഴ്ചകളായി കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 85 വയസായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് ഒക്ടോബർ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില മോശമാകുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
1959ൽ സത്യജിത് റേ സംവിധാനം ചെയ്ത അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് സൗമിത്ര ചാറ്റർജി സിനിമയിലെത്തിയത്. സത്യജിത് റേയുടെ 14 ചിത്രങ്ങളിൽ ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.
അഞ്ചു പതിറ്റാണ്ടിലേറെ ബംഗാളി സിനിമയിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിനെ 2004ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 70കളിൽ പത്മശ്രീ പുരസ്കാരം അദ്ദേഹം നിരസിച്ചിരുന്നു. ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം, ഫ്രഞ്ച് സർക്കാറിെൻറ കലാകാരൻമാർക്ക് നൽകുന്ന പരമോന്നത ബഹുമതി, ദേശീയ ചലചിത്ര പുരസ്കാരം തുടങ്ങിയവ സൗമിത്ര ചാറ്റർജിയെ തേടിയെത്തി.
കൊൽക്കത്തയിൽനിന്ന് 100 കിലോമീറ്റർ അകലെ കൃഷ്ണനഗറിലായിരുന്നു ഇദ്ദേഹത്തിെൻറ ജനനം. അഭിഭാഷകനും സർക്കാർ ഉദ്യോഗസ്ഥനും നാടക പ്രവർത്തകനുമായിരുന്നു സൗമിത്ര ചാറ്റർജിയുടെ പിതാവ്. മുത്തച്ഛനും നാടക പ്രവർത്തകനായിരുന്നു. സ്കൂൾ നാടകങ്ങളിലൂടെ സൗമിത്രയും അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. വിദ്യാഭ്യാസം പൂർത്തീകരിക്കുന്നതിനൊപ്പം തന്നെ നാടക നടനും സംവിധായകനുമായി അഹീന്ദ്ര ചൗധരിയിൽനിന്ന് അഭിനയപാഠങ്ങൾ പഠിച്ചു. പിന്നീട് അനശ്വര സംവിധായകൻ സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു സൗമിത്ര. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കുമാർ, ഋതുപർണ ഘോഷ് എന്നിവരുടെ ചിത്രങ്ങളിലും സൗമിത്ര വേഷമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.