തന്‍റെ പേര് ഉപയോഗിക്കുന്നത് വിലക്കണം; മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ കോടതിയെ സമീപിച്ച് വിജയ്
text_fieldsചെന്നൈ: പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തന്‍റെ പേര് ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് തമിഴ് സൂപ്പർ താരം വിജയ് കോടതിയിൽ. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ് കേസ്.
പിതാവ് എസ്.എ. ചന്ദ്രശേഖർ, അമ്മ ശോഭ ചന്ദ്രശേഖർ എന്നിവരെ കൂടാതെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ഒമ്പതുപേർക്കും എതിരെയാണ് വിജയ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.
വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും പാർട്ടി രൂപീകരിക്കുമെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിജയ്യുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ബന്ധുവായ പത്മനാഭനെ പാർട്ടി പ്രസിഡന്‍റായും ശോഭയെ ട്രഷററായും നിയമിക്കുമെന്നും താൻ ജനറൽ സെക്രട്ടറിയാകുമെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
കൂടാതെ വിജയ്യുടെ ആരാധകരുടെ സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ ചന്ദ്രശേഖർ രാഷ്ട്രീയപാർട്ടിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പാർട്ടിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു.
തമിഴ്നാട്ടിൽ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് മക്കൾ ഇയക്കം തയാറെടുക്കുന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്യുടെ ഹരജി. വിജയ്യുടെ ഹരജി ഈ മാസം 27ന് മദ്രാസ് ഹൈകോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.