നടി അമല പോൾ നൽകിയ വിശ്വാസ വഞ്ചന കേസിൽ മുൻ സുഹൃത്ത് അറസ്റ്റിൽ
text_fieldsചെന്നൈ: നടി അമലപോൾ നൽകിയ വിശ്വാസ വഞ്ചന കേസുമായി ബന്ധപ്പെട്ട് മുൻ സുഹൃത്തിനെ വിഴുപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ ഭവ്നീന്ദർസിങ് ദത്ത് (35) ആണ് പ്രതി. ഏറെ അടുപ്പത്തിലായിരുന്ന ഇരുവരും ചേർന്ന് നാലു വർഷം മുൻപ് വിഴുപ്പുറം കേന്ദ്രമായി സിനിമ നിർമാണ കമ്പനി തുടങ്ങിയിരുന്നു. അമലപോൾ പ്രസ്തുത കമ്പനിയിൽ വൻ തുക മുതൽമുടക്കിയിരുന്നു.
കമ്പനി ബാനറിൽ 'കഡാവർ' എന്ന സിനിമ നിർമിക്കുകയും ഇത് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസാവുകയും ചെയ്തിരുന്നു. അമലപോളിനെ വിവാഹം കഴിക്കാനിരിക്കയാണെന്ന് അറിയിച്ച് ഫോട്ടോ സഹിതം സാമുഹിക മാധ്യമങ്ങളിൽ ഭവ്നീന്ദർസിങ് ദത്ത് പോസ്റ്റിടുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു.
അമല പോളിനെ സിനിമ നിർമാണ കമ്പനിയുടെ ഡയറക്‌ടർ സ്ഥാനത്തുനിന്നും നീക്കി വ്യാജരേഖ ചമച്ച് ദത്ത് വഞ്ചിച്ചതായാണ് പരാതി. അമലപോളിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. വ്യാജരേഖ ചമക്കൽ, ഭീഷണിപ്പെടുത്തൽ, ഉപദ്രവിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് ദത്തിനെതിരെ പൊലീസ് കേസെടുത്തത്.
തമിഴ് സിനിമ സംവിധായകൻ എ.എൽ വിജയ്‌യെ അമലപോൾ വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് വിവാഹ മോചനം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.