അന്യയല്ല, മലയാളികൾക്ക് സ്വന്തം കുട്ടിയാണ് അനന്യ
text_fieldsമലയാളികളുടെ 'സ്വന്തം കുട്ടി' ഇമേജാണ് അനന്യക്കുള്ളത്. അതേ പരിഗണനയും സ്നേഹവും അന്യഭാഷയിലെ സിനിമാ പ്രേക്ഷകർക്കിടയിലും ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നതാണ് അനന്യയുടെ പ്രത്യേകതയും. എന്നാൽ, സിനിമയിൽനിന്ന് ഒരു ഇടവേള എടുക്കേണ്ടി വന്നു ഈ താരത്തിന്. ഇപ്പോൾ മൂന്നുവർഷത്തെ ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ് അനന്യ. പൃഥ്വിരാജ് നായകനായ 'ഭ്രമം' സിനിമയിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമായി തുടങ്ങിയ അനന്യ തന്‍റെ വിശേഷങ്ങൾ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു.
'ഭ്രമ'ത്തിന് നല്ല പ്രതികരണം
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ചെയ്ത 'ഭ്രമ'ത്തിലെ അഭിനയത്തിന് പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ വളരെ സേന്താഷമുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയാണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. അദ്ദേഹം സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും പറഞ്ഞുതന്നു. അങ്ങനെയാണ് ഈ സിനിമയിലേക്ക് ഞാൻ വരുന്നത്. 'അന്ധാദുൻ' സിനിമ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. ഇതിന് മുമ്പും റീമേക്ക് സിനിമകൾ ചെയ്തു പരിചയം ഉള്ളതുകൊണ്ട് മറ്റ് തരത്തിലുള്ള ആശങ്കകൾ ഒന്നുമില്ലായിരുന്നു. ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുടെ വേഷമാണ് 'ഭ്രമ'ത്തിൽ ഞാൻ ചെയ്തത്. രവി കെ. ചന്ദ്രൻ സാറിന്‍റെ സംവിധാനത്തിൽ ചെയ്ത സിനിമ എന്ന നിലക്ക് അതിയായ സന്തോഷം തന്നെയുണ്ട്, ഈ സിനിമയിലെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഓർക്കുമ്പോൾ.
വർഷത്തിൽ ഒരു സിനിമ
കുറച്ചുകാലമായി ഒരു വർഷത്തിൽ ഒരു സിനിമ എന്ന രീതിയിലാണ് ഞാൻ ചെയ്തു വരുന്നത്. എനിക്ക് പൂർണ സംതൃപ്തി നൽകുന്ന തരത്തിലുള്ള സ്ക്രിപ്റ്റുകൾ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തിരുന്നത്. ഇപ്പോഴും എനിക്ക് ധൃതിയൊന്നുമില്ല. നല്ല സിനിമയ്ക്കും നല്ല കഥാപാത്രത്തിനും വേണ്ടി തന്നെയാണ് കാത്തിരിക്കുന്നത്. എങ്കിലും ഇപ്പോൾ 2021ൽ രണ്ട് മലയാള ചിത്രങ്ങളാണ് ചെയ്യുന്നത് എന്നത് ഞാൻ എടുത്തു തന്നെ സൂചിപ്പിക്കുന്നു. സണ്ണി വെയ്ൻ, ഗ്രെയ്‌സ് ആന്റണി തുടങ്ങിയവർ അഭിനയിക്കുന്ന ഒരു പ്രോജക്ട് വരാനുണ്ട്. അത് ഉടനെ അനൗൺസ് ചെയ്യും.അതാണ് ഇനി പുറത്തു വരാനുള്ള വർക്ക്.
തുടക്കം 'പൈ ബ്രദേഴ്സി'ൽ ബാലതാരമായി
എന്‍റെ അച്ഛൻ വി.എൻ. ഗോപാലകൃഷ്ണൻ നായർ നിർമാതാവായ ഒരേയൊരു സിനിമയാണ് 'പൈ ബ്രദേഴ്സ്'. ജഗതി ചേട്ടനും ഇന്നസെന്‍റ് ചേട്ടനും ആയിരുന്നു അതിലെ പ്രധാന കഥാപാത്രങ്ങൾ. 1994ലാണ് അത്. ഞാനന്ന് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയാണ്. അക്കാലത്താണ് ഞാൻ ആ സിനിമയിൽ അഭിനയിക്കുന്നത്. സത്യത്തിൽ അന്നത്തെ ഓർമകൾ ഒന്നും വലുതായി എന്‍റെയുള്ളിൽ ഇല്ല. ആ സിനിമയിൽ വളരെ കുറച്ചു ഷോട്ടുകൾ മാത്രമേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. അതാണ് എന്‍റെ തുടക്കം. ജഗതി ചേട്ടനെയും ഇന്നസെന്‍റ് ചേട്ടനെയും ഒക്കെ കണ്ട ലൊക്കേഷൻ ഓർമകൾ മാത്രമേ എനിക്കുള്ളൂ. പിന്നീട് 'വൃദ്ധന്മാരെ സൂക്ഷിക്കുക' എന്ന ചിത്രത്തിലും ഞാൻ ബാലതാരമായെത്തിയിരുന്നു. അതൊക്കെ യാദൃശ്ചികമായി സംഭവിച്ചു എന്നല്ലാതെ അന്നൊന്നും അഭിനയത്തെ അത്ര ഗൗരവത്തോടെ ഒന്നും ഞാൻ കണ്ടിട്ടേയില്ല. പിന്നീട് 2007ൽ 'പോസിറ്റീവ്' എന്ന സിനിമ തൊട്ടാണ് വീണ്ടും ഞാൻ സിനിമയിലെത്തുന്നത്.
അന്യഭാഷാ ആരാധകരുടെ സ്നേഹം
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ ആരാധകർ തരുന്ന സ്നേഹം വളരെ വലുതാണ്. സ്നേഹത്തേക്കാളുപരി ബഹുമാനമാണ് അവർ നൽകുന്നത്. കഥാപാത്രങ്ങളെ മാത്രമല്ല, ആ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആളുകളെയും മനസ്സറിഞ്ഞു സ്വീകരിക്കുന്നവരാണ് അവർ. സമുദ്രക്കനി സംവിധാനം ചെയ്ത 'നാടോടികൾ', എം. ശരവണൻ സംവിധാനം ചെയ്ത 'എങ്കേയും എപ്പോതും' തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഒക്കെ ഇന്നും ഓർത്തുവെച്ച് നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകരാണ് അവർ.
അവസരം ലഭിച്ചാൽ സ്പോർട്‌സിലേക്ക് തിരികെവരും
സിനിമ പോലെ തന്നെ പ്രിയപ്പെട്ട ഒന്നാണ് എനിക്ക് സ്പോർട്സ്. അമ്പെയ്ത്തിൽ സംസ്ഥാന/ദേശീയ തലത്തിൽ രണ്ടുതവണ (2006, 2007) ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള ആളാണ് ഞാൻ. മോട്ടോർ സൈക്കിൾ റേസിങ്ങിലും ഏറെ താൽപര്യമുള്ള വ്യക്തിയാണ്. അവസരം കിട്ടിയാൽ ഇനി അതിലേക്ക് തിരിച്ചുവരണം എന്ന് അതിയായ ആഗ്രഹമുണ്ട്. വാസ്തവത്തിൽ കുറച്ചുകാലം എന്‍റെ ആരോഗ്യസ്ഥിതി അതിന് അനുയോജ്യമല്ലായിരുന്നു. ചെറിയ ആക്സിഡൻറ് സംഭവിച്ചു കൈയിൽ പ്ലാസ്റ്റർ ഒക്കെ ഇട്ടിരുന്നു. അക്കാരണത്താലാണ് ഞാൻ സ്പോർട്സിൽ അധികം സജീവമാവാതിരുന്നത്. ആരോഗ്യസ്ഥിതിയിൽ മാറ്റം വന്നുകഴിഞ്ഞാൽ തീർച്ചയായും ഞാൻ വീണ്ടും സ്പോർട്സിലേക്ക് തിരിച്ചുവരും.
അവതാരകനും നടനുമായ അനിയൻ
അനിയൻ അർജുൻ ഗോപാൽ അവേന്റതായ പാഷൻ വെച്ചുകൊണ്ടാണ് സിനിമയിലേക്ക് വന്നിട്ടുള്ളത്. ഒരു അഭിനേതാവ് എന്നതിനപ്പുറം അവൻ റേഡിയോ ജോക്കി ആയും ജോലി ചെയ്തിട്ടുള്ളയാളാണ്. കൂടാതെ ടി.വി പരിപാടികളിൽ ഒക്കെ വന്നിട്ടുള്ള ആളാണ്. അവേന്റതായ താൽപര്യങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നുമുണ്ട്. 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'യിലൊക്കെ മികച്ച വേഷം ചെയ്തിട്ടുണ്ട് അര്‍ജുൻ. 'ഏതഴകാണ് നീ...' തുടങ്ങിയ മ്യൂസിക്കൽ ഷോർട്ട്ഫിലിമിൽ ഒക്കെ അവൻ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അനിയൻ എന്ന നിലക്ക് അവന് വേണ്ട പിന്തുണകൾ ഞാൻ നൽകാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.