‘ഇതൊരു ലോ കോളേജാണെന്ന് ഓർക്കുമ്പോഴാണ് ഞാൻ സ്തബ്ദയായിപ്പോയത്’; ദുരനുഭവത്തെക്കുറിച്ച് നടി അപർണ ബാലമുരളി
text_fieldsസിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടി അപർണ ബാലമുരളി നേരിട്ട ദുരനുഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘തങ്ക’ത്തിന്റെ പ്രമോഷനു വേണ്ടി എറണാകുളം ലോ കോളേജിൽ എത്തിയപ്പോഴാണ് താരത്തിന് വിദ്യാർഥിയിൽനിന്ന് മോശം പെരുമാറ്റം നേരിട്ടത്. കോളേജിൽ എത്തിയ താരത്തിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വേദിയിലെത്തിയ വിദ്യാർഥി അവരുടെ തോളിൽ കൈയ്യിടാൻ ശ്രമിക്കുന്നതും അപർണ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.
വിദ്യാർഥി കൈ ഉയർത്തി വരുമ്പോൾ മാറി നിൽക്കുന്നുണ്ട് അപർണ. താരം വിദ്യാർഥിയുടെ പ്രവർത്തിയിൽ അസ്വസ്ഥയാണെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. പിന്നീട് അപർണയോട് മാപ്പ് പറയാനായി വീണ്ടും അതേ വിദ്യാർത്ഥി വേദിയിലെത്തി. അപർണയോട് കൈ നൽകാനായി ആവശ്യപ്പെട്ടപ്പോൾ താരം വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടൻ വിനീത് ശ്രീനിവാസനു കൈ കൊടുക്കാനായി ശ്രമം. എന്നാൽ കൈ കൊടുക്കാതെ, കുഴപ്പമില്ല പോകൂ എന്നാണ് വിനീത് പറഞ്ഞത്. ‘വേറെയൊന്നും വിചാരിച്ച് ചെയ്‌തതല്ല. ആരാധന കൊണ്ട് ചെയ്തതാണെന്നാണ്,’ വിദ്യാർഥി പറയുന്നത്. അനുവാദമില്ലാതെ താരത്തിനെ സ്‌പർശിക്കാൻ നോക്കിയ വിദ്യാർഥിയ്ക്കുനേരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
‘ഇതൊരു ലോ കോളേജാണെന്ന് ഓർക്കുമ്പോഴാണ് ഞാൻ സ്തബ്ദയായിപ്പോയത്’
എഴുത്തുക്കാരി സൗമ്യ രാധ വിദ്യാധർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ വിഷയത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇതിനു താഴെ നടി അപർണയും കമന്റു ചെയ്‌തിട്ടുണ്ട്. അനുവാദമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തിൽ സ്‌പർശിച്ചത് അന്യായമാണെന്നും വീണ്ടും മാപ്പ് പറയൽ എന്ന രീതിയിൽ കൈയിൽ സ്‌പർശിക്കാൻ ശ്രമിക്കുന്നത് അതിനും വലിയ തെറ്റാണെന്ന് സൗമ്യ കുറിക്കുന്നു.
‘ലോ കോളേജിൽ ഇത് സംഭവിച്ചു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്, എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടു പോയി’ എന്നാണ് അപർണ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ നിന്ന് കമന്റായി കുറിച്ചത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിദ്യാർഥി യൂനിയൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്‌തു.
അപർണയ്‌ക്കൊപ്പം വേദിയിൽ നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ ബിജിബാൽ എന്നിവരുണ്ടായിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ സഹീത് അറഫാത്ത് സംവിധാനം ചെയ്യുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ബോളിവുഡ് നടൻ ഗിരീഷ് കുൽക്കർണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. പൊലീസ് ഉദ്യോഗസ്ഥനായാണ് ഗിരീഷ് ചിത്രത്തിലെത്തുന്നത്. ശ്യാം പുഷ്‌കരന്റേതാണ് രചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.