‘കാസ്റ്റിങ് കൗച്ച് കെട്ടുകഥയല്ല, യാഥാർത്ഥ്യം’; ദുരനുഭവം വിവരിച്ച് നടി മാളവിക ശ്രീനാഥ്
text_fieldsമധുരം, സാറ്റർഡെ നൈറ്റ് തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മാളവിക ശ്രീനാഥ്. കാസ്റ്റിങ് കൗച്ച് വഴി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് മാളവിക. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി വ്യക്തമാക്കുന്നത്. മഞ്ജു വാര്യരുടെ മകളായി അഭിനയിക്കാനുള്ള ഓഡിഷനായി എത്തിയതായിരുന്നു മാളവിക. ചിത്രത്തിന്റെയോ വ്യക്തിയുടെയോ പേരു വെളിപ്പെടുത്താതെയായിരുന്നു മാളവികയുടെ തുറന്നു പറച്ചിൽ. അമ്മയും സഹോദരിയും ഒപ്പമുണ്ടായിട്ടും താന്‍ എങ്ങനെയാണ് ദുരനുഭവം നേരിട്ടതെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കി.
‘സിനിമാമേഖലയുടെ ഒരു വലിയ ഭാഗം തന്നെയാണ് കാസ്റ്റിങ്ങ് കൗച്ച്. ഞാനതിന്റെ ഒരു ഇരയാണെന്ന് പറയാം. ഇതിനു മുൻപ് എവിടെയും ഞാനിത് പറഞ്ഞിട്ടില്ല. ഇപ്പോൾ എനിക്ക് ഇൻഡസ്ട്രിയിൽ ഒരു സ്ഥാനമുണ്ട് അതുകൊണ്ട് തുറന്നുപറയാം. ഒരു മഞ്ജു വാര്യർ ചിത്രത്തിന്റെ ഓഡിഷനായി എനിക്കൊരു കോൾ വന്നു. മഞ്ജു വാര്യരുടെ മകളുടെ റോളിക്കോയിരുന്നു ഓഡിഷൻ. കുറച്ചു നാളുകൾക്ക് ശേഷമാണ് എന്നെ ഓഡിഷൻ ചെയ്തവർ ആ ചിത്രത്തിന്റെ ഭാഗമല്ലെന്ന് എനിക്കു മനസ്സിലായത്. മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുക എന്ന ആകാംക്ഷയിലായിരുന്നു ഞാൻ’
ആ സമയത്ത് എനിക്കു സിനിമാമേഖലയിലെ ആരെയും പരിചയമില്ല. ഓഫറിന്റെ സത്യാവസ്ഥ പോലും ഞാൻ അന്വേഷിച്ചില്ല.
ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ഇന്നോവയിലാണ് അവർ എന്നെയും അമ്മയെയും സഹോദരിയെയും കൊണ്ടു പോയത്’-മാളവിക പറയുന്നു.
ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍. അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. ഗ്ലാസ്സ് റൂമിൽ ഓഡിഷൻ ചെയ്തതിനു ശേഷം ഡ്രെസ്സിങ്ങ് റൂമിൽ ചെന്ന് മുടി ഒതുക്കാൻ അവർ മാളവികയോട് ആവശ്യപ്പെട്ടു.
‘ഞാൻ മുറിയിൽ നിന്ന് മുടി ഒതുക്കുന്ന സമയത്ത്, അയാൾ എന്നെ പുറകിൽ വന്ന് കെട്ടിപ്പിടിച്ചു. വളരെയധികം പൊക്കമുള്ള മനുഷ്യനായിരുന്നു അയാൾ. ചിലർ പറയാറുണ്ട്, എന്തുകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല? എന്തുകൊണ്ട് തള്ളി മാറ്റിയില്ല? സത്യമെന്തെന്നാൽ ചില സമയങ്ങളിൽ നമുക്ക് പ്രതികരിക്കാൻ സാധിക്കില്ല എന്നതാണ്. പേടി നമ്മളെ കീഴ്‌പ്പെടുത്തി കളയും. ഞാൻ വളരെ ചെറുപ്പമായിരുന്നു. അയാൾ എന്നെ സ്പർശിച്ചപ്പോൾ മുതൽ ഞാൻ വിറയ്ക്കുകയായിരുന്നു. കൈമുട്ട് ഉപയോഗിച്ച് ഞാൻ തള്ളിമാറ്റാൻ ശ്രമിച്ചു. ‘മാളവിക സമ്മതിക്കുകയാണെങ്കിൽ, ഇനി ആളുകൾ മാളവികയെ കാണാൻ പോകുന്നത് മഞ്ജു വാര്യരുടെ മകളായിട്ടായിരിക്കും എന്നാണ് അയാൾ അപ്പോൾ പറഞ്ഞത്.’
ഒരു 10 മിനുട്ട് മാളവിക ഇവിടെ നിന്നാൽ മതി എന്ന് അയാൾ എന്നോട് പറഞ്ഞു. ‘ഞാൻ കരയാൻ തുടങ്ങി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. അയാൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ച ക്യാമറ കയ്യിലുണ്ടായിരുന്നു. അതു തള്ളി താഴെയിടാൻ ഞാൻ ശ്രമിച്ചു. അയാളുടെ ശ്രദ്ധ പെട്ടെന്നു മാറിയപ്പോൾ ഞാനവിടുന്ന് ഇറങ്ങിയോടി.
അമ്മയ്ക്കും സഹോദരിയ്ക്കും മനസ്സിലായില്ല ഞാൻ എന്തിനാണ് കരയുന്നതെന്ന്. ഞാൻ പുറത്തേക്കോടി ഒരു ബസ്സിൽ കയറി. ആ ബസ്സ് എങ്ങോടാണ് പോകുന്നതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അവിടെ ഇരുന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇങ്ങനെ രണ്ടു മൂന്നു തവണ ഞാൻ കാസ്റ്റിങ്ങ് കൗച്ച് നേരിട്ടിട്ടുണ്ട്’-മാളവിക ശ്രീനാഥ് അഭിമുഖത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.