നടി മീന ഗണേഷ് അന്തരിച്ചു
text_fieldsഷൊർണൂർ: പ്രശസ്ത നാടക, സിനിമ, സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയായിരുന്നു അന്ത്യം. രക്തസമ്മർദം കൂടിയതിനെ തുടർന്ന് നാലുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം വൈകിട്ട് നാലുമണിക്ക് ഷൊർണൂർ ശാന്തിതീരത്ത് നടക്കും.
നാടക, സിനിമ നടൻ അന്തരിച്ച എ.എൻ ഗണേശിന്‍റെ ഭാര്യയാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടൻ അടക്കമുള്ളവ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ കഥാപാത്രം മീനയെ സിനിമ പ്രേക്ഷകരിൽ സുപരിചിതയാക്കി.
19-ാം വയസിലാണ് മീന ആദ്യ നാടകത്തിൽ അഭിനയിച്ചത്. എസ്.എൽ പുരം സൂര്യ സോമ, കായംകുളം കേരള തീയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങിയ നാടക സമിതികളിലാണ് അഭിനയിച്ചിരുന്നത്. നാടകത്തിൽ നിന്നാണ് മീന സിനിമയിലും സീരിയലിലും എത്തിയത്.
ആദ്യ സിനിമ പി.എ ബക്കറിന്‍റെ 'മണിമുഴക്കം'. വളം, നഖക്ഷതങ്ങൾ, തലയണമന്ത്രം, വെങ്കലം, ഈ പുഴയും കടന്ന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടൻ അടക്കം നൂറിലധികം സിനിമകളിലും 25ലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കാലിന് വയ്യാതായതോടെ അഭിനയ രംഗത്ത് നിന്ന് കുറച്ചുനാൾ വിട്ടുനിന്നിരുന്നു. നാടകത്തിൽ ഒപ്പം അഭിനയിച്ച എ.എൻ ഗണേശ് പിന്നീട് ജീവിതപങ്കാളിയായി. 14 വർഷം മുമ്പ് ഭർത്താവ് മരിച്ചു. സംവിധായകൻ മനോജ് ഗണേഷ് ആണ് മകൻ. മകൾ: സംഗീത. ബിജു മനോജ്, സംഗീത ഉണ്ണികൃഷ്ണൻ എന്നിവർ മരുമക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.