ഒരു ബൗണ്ടറിയുടെ പേരിൽ തുടങ്ങിയ കലഹം; കരഞ്ഞുകലങ്ങി നടി റിപ; ബംഗ്ലാദേശ് സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കൈയാങ്കളി
text_fieldsധാക്ക: പന്ത് ബൗണ്ടറി കടന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ വാഗ്വാദവും കൈയാങ്കളിയുമായി മാറിയപ്പോൾ ബംഗ്ലാദേശ് സെലബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കരച്ചിലും പിഴിച്ചിലും ഉൾപ്പെടെ നാടകീയ രംഗങ്ങൾ. പന്ത് അതിർവര കടന്നതായി അംഗീകരിക്കാൻ മാച്ച് ഒഫീഷ്യൽസ് അംഗീകരിക്കാതിരുന്നതോടെയാണ് സംഭവ വികാസങ്ങളുടെ തുടക്കം. ഒടുവിൽ നടി രാജ് റിപ കാമറക്കുമുന്നിൽ കണ്ണിരൊഴുക്കുന്നതിലേക്കെത്തി കാര്യങ്ങൾ. കൈയാങ്കളിയുടെയും കരച്ചിലിന്റെയുമൊക്കെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
സംവിധായകൻ മുസ്തഫ കമാൽ റാസിന്റെയും ദിപാങ്കർ ദിപോണിന്റെയും ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് അടിപിടിയുണ്ടായത്. ബൗണ്ടറി അമ്പയർ അംഗീകരിക്കാതിരുന്നതോടെയുണ്ടായ വാക്കുതർക്കത്തിനിടെ റിപയുടെ നേർക്ക് ആരോ വാട്ടർ ബോട്ടിൽ എറിയുകയായിരുന്നു. അത് ചെന്നുകൊണ്ടത് മൗഷ്മി അപുവിന്റെ ദേഹത്താണ്. ഇതിനു മറുപടിയായി രാജ് റിപ കസേരയെടുത്തെറിഞ്ഞു. അതുപക്ഷേ, ആരുടെയും ദേഹത്തൊന്നും തട്ടിയില്ലെന്ന് അവർ പറയുന്നു.
ഇതിനിടെ മുസ്തഫ കമാലിനൊപ്പമുള്ള ശരീഫുൽ റാസ് അടിക്കാൻ ബാറ്റുവീശി എതിർടീമിനടുത്തേക്ക് നീങ്ങി. നാലോ അഞ്ചോ പേർ ചേർന്നാണ് ശരീഫുലിനെ പിടിച്ചുവെച്ചത്. കൈയാങ്കളിക്കുശേഷം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മുസ്തഫ കമാൽ റാസും ശരീഫുൽ റാസും തന്റെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ ആരോപിക്കുന്നു. ശരീഫുൽ ബാറ്റുവീശി ആക്രമിക്കാനെത്തുന്ന വിഡിയോയും റിപ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
എന്നാൽ, മത്സരത്തിനിടെയുണ്ടായ ചെറിയ സംഭവം ഊതിവീർപ്പിക്കുകയാണെന്നും റിപയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുസ്തഫ കമാൽ റാസ് പ്രതികരിച്ചു. ‘തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു സംഭവങ്ങൾ. സ്വകാര്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തും. മുതിർന്ന കലാകാരന്മാർ മധ്യസ്ഥരാകുമെന്നാണ് വിശ്വാസം.’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.