Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'വീട്ടിനുള്ളില്‍...

'വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി എല്ലാവരെയും ഉപദ്രവിച്ചു, എന്റെ മുഖത്തടിച്ചു'; നടൻ വിജയകുമാറിനെതിരെ മകൾ അർഥന

text_fields
bookmark_border
Actresss  Arthana Binu  Allegation  Aganist  Her Father   Actor Vijaya Kumar
cancel

ടൻ വിജയ കുമാറിനെതിരെ ഗുരുതര ആരോപണവുമായി മകളും നടിയുമായ അർഥന ബിനു. വിജയകുമാറിന്റെ പിന്തുണയിലല്ല ജീവിച്ചതെന്നും അമ്മ കഷ്ടപ്പെട്ടാണ് തന്നെയും അനിയത്തിയെയും വളർത്തിയതെന്നും അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടാതെ 2017ല്‍ വിജയകുമാർ തങ്ങളുടെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി എല്ലാവരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തന്റെ മുഖത്തടിച്ചുവെന്നും അർഥന പറഞ്ഞു.

'ഞാനും എന്റെ കുടുംബവും എന്റെ ബയോളജിക്കല്‍ ഫാദര്‍ ആയ മിസ്റ്റര്‍ വിജയകുമാറിന്റെ സാമ്പത്തികത്തിന്റേയോ പ്രശസ്തിയുടെയോ പിന്തുണയോടെയോ തണലില്‍ ജീവിച്ചിട്ടുള്ളവരല്ല. തുണികള്‍ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാര്‍ലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളര്‍ത്തിയത്. അതുകൊണ്ടു തന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതുതന്നെ പൊലീസുപോലും സംരക്ഷിക്കാനില്ലെന്ന എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പൊലീസ് നടപടി എടുക്കട്ടെ എന്ന് കരുതിയായിരുന്നു.

അച്ഛന്‍ ഇവിടെ വീട്ടില്‍ വന്നു പ്രശ്‌നമുണ്ടാക്കുമ്പോള്‍ ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവിടെനിന്നും ആരും വരികയോ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല ( ഞങ്ങള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിട്ടു പോലും) ഞങ്ങള്‍ മിസ്റ്റര്‍ വിജയകുമാറിനെതിരെ നല്‍കിയിട്ടുള്ള നിരവധി പരാതികള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഭയാനകമാണ്. ഒടുവിലത്തെ സംഭവം നടന്ന ദിവസം വൈകുന്നേരമാണ് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട് രണ്ടു സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വന്നത്. മിസ്റ്റര്‍ വിജയകുമാറിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരുടെ നിര്‍ദേശ പ്രകാരം ശ്രീകാര്യം സ്റ്റേഷനില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ വന്നു മൊഴി എടുത്തു. ഇനി ഞാന്‍ വര്‍ഷങ്ങളായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ ഭീകരത അറിയിക്കുവാനായി ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.

ഓര്‍മവച്ച കാലം തൊട്ടേ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്റെ ജീവിതത്തില്‍ ആകെ രണ്ടു വര്‍ഷങ്ങള്‍ (LKG - UKG പഠിക്കുമ്പോള്‍) മാത്രമാണ് അച്ഛനോടൊപ്പം എറണാകുളം ഫ്ളാറ്റില്‍ ഞങ്ങള്‍ താമസിച്ചത്. ആ സമയത്ത് പോലും അദ്ദേഹം ഞങ്ങളുടെ കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളില്‍ അയല്‍ക്കാര്‍ മാത്രമായിരുന്നു സഹായത്തിന് ഉണ്ടായിരുന്നത്. അന്നൊരിക്കല്‍ ആത്മഹത്യയുടെ വക്കില്‍ നിന്ന് അമ്മയെ ഒന്ന് പിന്തിരിപ്പിക്കാന്‍ ഞാന്‍ കാലുപിടിച്ചു പറഞ്ഞിട്ടു പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് എന്റെ അച്ഛന്‍. ആ സമയത്ത് അമ്മയുടെ ജോലി സ്ഥലത്ത് വന്ന് പോലും ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്.

ഭക്ഷണത്തിനും വാടകയ്ക്കും പൈസ ഇല്ലാതിരുന്നപ്പോഴാണ് അമ്മയുടെ വീട്ടിലേക്ക് ഞങ്ങള്‍ തിരിച്ച് താമസമാക്കിയത്. അതുകഴിഞ്ഞ് അച്ഛന്‍ തിരുവനന്തപുരത്ത് വരുമ്പോഴും ഇവിടെ ഷൂട്ട് ഉള്ളപ്പോഴും അദ്ദേഹത്തിന് താമസിക്കാന്‍ മാത്രമായി ഞങ്ങള്‍ താമസിക്കുന്ന വീട്. ഇന്നുവരെ എന്റെ കുടുംബം അദ്ദേഹത്തെ കാണുന്നതില്‍ നിന്നും എന്നെയും സഹോദരിയെയും തടഞ്ഞിട്ടില്ല. ഒരിക്കല്‍ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്നു പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വച്ച് കൊച്ചുകുഞ്ഞായിരുന്ന എന്റെ അനിയത്തിയെ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടു പോയി. ഇതുപോലുളള സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായപ്പോഴാണ് 2015 ല്‍ നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച് അമ്മ കുടുംബ കോടതിയെ സമീപിച്ചത്.

2017ല്‍ ഇദ്ദേഹം ഞങ്ങളുടെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി എല്ലാവരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പോലീസുകാര്‍ വളരെ ലാഘവത്തോടെ പെരുമാറുന്നത് കണ്ട ധൈര്യത്തില്‍ അവരുടെ മുന്നില്‍ വച്ച് എന്റെ മുഖത്തടിച്ചു മിസ്റ്റര്‍ വിജയകുമാര്‍.

സിനിമയില്‍ അഭിനയിക്കുക എന്നത് അന്നും ഇന്നും എന്റെ ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവുമാണ്. എന്റെ വിവിധ ഭാഷകളിലെ അഭിമുഖങ്ങള്‍ നോക്കിയാലും അറിയാം മിസ്റ്റര്‍ വിജയകുമാറിന്റെ പേരോ അദ്ദേഹവുമായുള്ള ബന്ധമോ ഞാന്‍ എവിടെയും പരാമര്‍ശിച്ചിട്ടില്ല.

ആങ്കറിങ്, മോഡലിങ്, ഷോര്‍ട്ട് ഫിലിംസ് എന്നിവയില്‍ വര്‍ക്ക് ചെയ്ത് പതിയെയാണ് ഞാന്‍ എന്റെ പ്രഫഷന്‍ ഉണ്ടാക്കി എടുത്തത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ ചാനലിലെ ഓണ്‍ സ്‌ക്രീന്‍ പ്രോഗ്രാമിന്റെ അവതാരകയായിട്ടായിരുന്നു എന്റെ തുടക്കം. ഇദ്ദേഹത്തിന്റെ മകള്‍ എന്ന ലേബലില്‍ അല്ല ഓഡിഷന്‍ വഴിയാണ് എനിക്ക് അവസരം ലഭിച്ചത്. ഇത് കേട്ടറിഞ്ഞ മിസ്റ്റര്‍ വിജയകുമാര്‍ തന്റെ സ്വാധീനം ഉപയോഗിച്ച് എന്നെ അതില്‍ നിന്നും മാറ്റിച്ചു. മറ്റൊരു ചാനലില്‍ സ്മാര്‍ട്ട് ഷോ എന്ന പ്രോഗ്രാം ഞാന്‍ അവതരിപ്പിക്കുന്നത് അറിഞ്ഞ് ഇദ്ദേഹം ചാനലിനെതിരെ ലീഗല്‍ നോട്ടീസ് അയയ്ക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു. പക്ഷേ ചാനലില്‍ ഉള്ളവര്‍ എന്നെ മനസ്സിലാക്കി സപ്പോര്‍ട്ട് ചെയ്തു.

പലപ്പോഴും ക്ലാസ്സ് അല്ലെങ്കില്‍ പരീക്ഷയുടെ സമയത്ത് എറണാകുളത്ത് ഷൂട്ട് നടക്കുമ്പോള്‍ ഒഴിവുസമയങ്ങളില്‍ അവിടെ തന്നെ ഇരുന്നായിരുന്നു പഠിത്തം. ഷൂട്ടില്‍ എന്റെ സമയമാകുമ്പോള്‍ ഷൂട്ടിലും പങ്കെടുത്ത് വിശ്രമിക്കുക പോലും ചെയ്യാതെ അതിരാവിലെ ട്രെയിന്‍ കയറി തിരുവനന്തപുരം മാറിവാനിയസ് കോളജില്‍ എത്തുമായിരുന്നു. അന്നും ഇന്നും സ്വന്തമായ ഒരു വീടും സാമ്പത്തിക ഭദ്രതയുമായിരുന്നു എന്റെ ലക്ഷ്യം. ഞാന്‍ എന്റെ പിതാവിന്റെ സ്ഥാനത്ത് കാണുന്നത് എന്റെ അപ്പച്ചനെയാണ്, അമ്മയുടെ അച്ഛനെ. അദ്ദേഹം ഇന്ന് ലോകത്ത് ഇല്ലെങ്കില്‍ കൂടെ എന്നോട് കാണിച്ച സ്‌നേഹവും എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കാന്‍ അദ്ദേഹം കാണിച്ച കരുതലും ഒരിക്കലും മറക്കാന്‍ കഴിയില്ല. ആ അപ്പച്ചനെ പോലും തെറി വിളിക്കുകയും അക്രമിക്കുകയും ചെയ്ത മിസ്റ്റര്‍ വിജയകുമാറിനെ ഞാന്‍ മരിക്കുന്നത് വരെ അച്ഛന്‍ എന്ന രൂപത്തില്‍ കാണുവാന്‍ എനിക്ക് സാധിക്കില്ല.

അദ്ദേഹത്തിന്റെ ശരികളല്ല എന്റെ ശരികള്‍. അദ്ദേഹം കണ്ട സിനിമയോ സിനിമക്കാരെയോ അല്ല ഞാന്‍ കണ്ടത്. ഞാന്‍ സിനിമയില്‍ നില്‍ക്കുന്നത് ആ പ്രഫഷനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. ഇത്രയും പുച്ഛമാണ് ഈ ജോലിയോട് എങ്കില്‍ എന്തിന് വര്‍ഷങ്ങളായി അദ്ദേഹം ഇതില്‍ തുടരുന്നു? അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തില്‍ ഒരു ജെന്‍ഡര്‍ മാത്രം വിചാരിച്ചാല്‍ ആണോ വ്യഭിചാരമോ സെക്ഷ്വല്‍ ആക്ടിവിറ്റിയോ നടക്കുന്നത്? ലൈംഗിക അതിക്രമം പ്രായഭേദമന്യേ ഏത് ജോലിയിലും ഏത് സമയത്തും സ്വന്തം വീട്ടില്‍ പോലും സംഭവിച്ചേക്കാം. അതിന് സിനിമയില്‍ തന്നെ ജോലി ചെയ്യണമെന്നില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളോട് എതിര്‍പ്പ് പറയുവാനും ഏതെങ്കിലും രീതിയില്‍ എവിടെവച്ച് ആണെങ്കിലും എന്നെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ പ്രതികരിക്കാനും ഉള്ള ധൈര്യവും പിന്‍തുണയും എനിക്കുണ്ട്. ജീവിതത്തിലുടനീളം എന്റെ കുടുംബത്തെ ഉപേക്ഷിച്ച് കാത്തുരക്ഷിക്കാതെ വിട്ടിട്ട് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം എന്നെ അന്വേഷിക്കുന്ന മിസ്റ്റര്‍ വിജയകുമാറിന്റെ സഹായവും കരുതലും എനിക്ക് ആവശ്യമില്ല.

ഇതേ മീഡിയ തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ പല നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കും എതിരെ വാര്‍ത്തയിട്ട് ആഘോഷിച്ചിട്ടുള്ളതാണ്. നിരന്തരം അക്രമ സ്വഭാവം കാണിക്കുന്ന ഒരാളുടെ മകളായി പോയി എന്നുള്ളതുകൊണ്ട് കുട്ടിക്കാലം തൊട്ടേ പലയിടങ്ങളിലും ഞാന്‍ അവഗണിക്കപ്പെടുകയും ആക്ഷേപങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. 2020ല്‍ കോടതി ഡിവോഴ്‌സ് അനുവദിച്ചപ്പോള്‍ ഇനിയെങ്കിലും സമാധാനമായി ജീവിക്കാന്‍ ആകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ 2021 ല്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത മിസ്റ്റര്‍ വിജയകുമാര്‍ എന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ കാരണം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കെട്ടുകഥകളും നെഗറ്റീവ് കമന്റ്‌സും കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണവും മാനസികമായും വൈകാരികമായും ഒരുപാട് തളര്‍ത്തി.

അപ്പച്ചന്റെ വിയോഗത്തില്‍ നിന്ന് ഞങ്ങള്‍ കരകയറുന്നതിനു മുന്‍പേ ആയിരുന്നു ഇങ്ങനെ ഒരു പീഡനം. അന്ന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നതിന്റെ പേരില്‍ മിസ്റ്റര്‍ വിജയകുമാറിന്റെ ക്രൂരതകള്‍ വീട്ടുകാര്‍ സഹിക്കേണ്ടി വന്നു. ഇതെല്ലാം ജീവിതത്തോടുള്ള എന്റെ ഇഷ്ടത്തെയും ആത്മവിശ്വാസത്തെയും ബാധിച്ചു. അങ്ങനെ ഇവിടെ നിന്ന് മാറിനില്‍ക്കാന്‍ കൂടിയാണ് ഞാന്‍ കാനഡയില്‍ സോഷ്യല്‍ സര്‍വീസ് വര്‍ക്ക് എന്ന കോഴ്‌സ് പഠിക്കാന്‍ പോയത്. അതിനോടൊപ്പം പാര്‍ട്ടൈം ആയി ജോലി ചെയ്തു. ഈ പറഞ്ഞ ജോലിയും ഇനി മിസ്റ്റര്‍ വിജയകുമാറിന്റെ കാഴ്ചപ്പാടില്‍ വൃത്തികെട്ടത് ആണോ എന്ന് എനിക്കറിയില്ല കാരണം ഭിന്നശേഷിയുള്ള വ്യക്തികളെ പരിപാലിക്കുക അവരുടെ പേഴ്‌സണല്‍ കെയര്‍ ചെയ്യുക, കുളിപ്പിക്കുക എന്നിവയൊക്കെയാണ് ഈ ജോലി ആവശ്യപ്പെടുന്നത്.

ആ സമയത്ത് അര്‍ഥനയെ എവിടേക്കാണ് വിറ്റത് എന്ന ചോദ്യവുമായി മിസ്റ്റര്‍ വിജയകുമാര്‍ വീട്ടില്‍ കയറി ബഹളം ഉണ്ടാക്കി. ഈ വിവരം അറിഞ്ഞപ്പോള്‍ അമ്മയുടെ സമാധാനം ഓര്‍ത്ത് ഞാന്‍ മിസ്റ്റര്‍ വിജയകുമാറിനെ വിളിച്ച് ഞാന്‍ സുരക്ഷിതയാണെന്നും ദയവുചെയ്ത് എന്റെ പേര് പറഞ്ഞു വീട്ടില്‍ പോയി ശല്യം ചെയ്യരുതെന്നും അഭ്യര്‍ഥിച്ചിട്ടും എന്റെ കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് വിളിച്ച കോളുകള്‍ എടുക്കാതെ ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ ഞാന്‍ മിസ്സിങ് ആണെന്ന് വ്യാജ പരാതി നല്‍കുകയാണ് അദ്ദേഹം ചെയ്തത്. ഒടുവില്‍ എനിക്ക് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും എന്‍ആര്‍ഐ സെല്ലില്‍ പരാതിപ്പെടുകയും ചെയ്യേണ്ടി വന്നു.

എന്റെ ബയോളജിക്കല്‍ ഫാദറിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞാന്‍ നേരിട്ടതിന്റെയും അനുഭവിച്ചത്തിന്റെയും വെളിച്ചത്തില്‍ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹം നല്‍കുന്ന അഭിമുഖങ്ങളില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വസ്തുതയില്ലാത്തവയാണ്. പണം ഡെപ്പോസിറ്റ് ചെയ്തതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ടല്ലോ അത് കോടതി 2018 മുതല്‍ ഞങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന മെയിന്റനന്‍സിന്റെയും അമ്മയുടെ വീട്ടില്‍ തിരിച്ചു കൊടുക്കാനുള്ള 10 ലക്ഷത്തിന്റെയും നൂറു പവന്റെയും വിഹിതങ്ങളാണ്. വല്ലപ്പോഴുമായി ഇതില്‍ കുറച്ച് തിരിച്ച് നല്‍കിയതല്ലാതെ ഞാന്‍ പ്രായപൂര്‍ത്തിയായതിനുശേഷം എന്റെയോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കായി മിസ്റ്റര്‍ വിജയകുമാര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷം ഏകദേശം ഈ സമയത്ത് അദ്ദേഹത്തിന്റെ പേരിലുള്ള മറ്റു കേസുകള്‍ ഒക്കെ കഴിഞ്ഞുവെന്നും ഇനി അമ്മ കൊടുത്ത ഡൊമസ്റ്റിക് വയലന്‍സ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ കേസുകളും പണവും സ്വര്‍ണവും തിരിച്ചു നല്‍കാനുള്ള കേസ് മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നും പറഞ്ഞ് മിസ്റ്റര്‍ വിജയകുമാര്‍ അമ്മയെ കാണാന്‍ എത്തി. ആ കേസുകള്‍ കൂടി പിന്‍വലിക്കണമെന്ന് ഭീഷണിയായും അപേക്ഷയായും ഒക്കെ നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ സഹികെട്ട് പകുതി പണമെങ്കിലും തിരിച്ചു നല്‍കുകയും ഞങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുകയും ചെയ്യാതിരുന്നാല്‍ എല്ലാ പരാതികളും പിന്‍വലിക്കാമെന്ന് അമ്മ മറുപടി നല്‍കി. ഇത് നടപ്പിലാക്കാന്‍ മാത്രമാണ് 2022 ഡിസംബറില്‍ 5 ലക്ഷം രൂപ നല്‍കാം എന്ന് അദ്ദേഹം വാക്കു നല്‍കിയത്. പറഞ്ഞ സമയം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും പണം അയയ്ക്കാത്തത് തുടര്‍ന്ന് അമ്മ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഈ തുക ഒരുമിച്ച് നല്‍കാന്‍ കഴിയില്ലെന്നും സിനിമയില്‍ നിന്നും കിട്ടുന്നതുപോലെ തവണകളായി തന്നു തീര്‍ക്കാം എന്നും പറയുകയുണ്ടായി.

2020 ല്‍ കോടതി അമ്മയ്ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു എന്നാല്‍ ഒരു മാസം മുന്‍പ് ഈ വിധിക്കെതിരെ മിസ്റ്റര്‍ വിജയകുമാര്‍ കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം ആയിട്ടില്ല എന്ന് പറയുന്നത് നിയമപരമായി എന്റെ അമ്മ അദ്ദേഹത്തിന്റെ ഭാര്യയല്ല.

അച്ഛന്റെ ശത്രുക്കള്‍; എന്ന് പറയപ്പെടുന്നവരുടെ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തികച്ചും മാന്യവും പ്രഫഷനലും ആയിട്ടാണ് എന്നോട് പെരുമാറിയത്. സിനിമയില്‍ ഉള്ളവരെ മാത്രമല്ല ഇദ്ദേഹം ശത്രുക്കളായി പറയുന്നത്. കോടതിയില്‍ ഡിവോഴ്‌സ് മധ്യസ്ഥ ചര്‍ച്ച നടക്കുന്ന സമയത്ത് ഞാന്‍ ഉപരിപഠനത്തിനായി ബെംഗളൂര്‍ ചെന്നൈയിലെ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്ന കാര്യം സൂചിപ്പിച്ചു. എന്നാല്‍ തനിക്ക് ശത്രുക്കള്‍ ഉള്ള ഇടം ആയതിനാല്‍ അത് സമ്മതിക്കില്ലെന്ന് ആയിരുന്നു ഇദ്ദേഹം പറഞ്ഞത്. തനിക്ക് വിശ്വാസമുള്ള ഏതെങ്കിലും ഒരു കോളജില്‍ താന്‍ പറയുന്ന ഡിപ്ലോമ കോഴ്‌സിന് ചേര്‍ക്കണം എന്നും മിസ്റ്റര്‍ വിജയകുമാര്‍ സമ്മര്‍ദ്ദം ചെലുത്തി. നാല്‍പതിനായിരം രൂപ അയച്ചത് കിട്ടിയോ എന്ന് അന്വേഷിച്ചപ്പോള്‍ മറുപടി കൊടുത്തില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത് ഇത് വസ്തുത അല്ല. അമ്മ താങ്ക്യൂ എന്ന് മറുപടി മെസ്സേജ് അയച്ചിട്ടുണ്ട്.

ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളൊക്കെ ആധാരമായ സംഭവം നടന്ന ജൂലൈ നാലിന് എന്റെ അനിയത്തി മേഖല്‍ അച്ഛനു കയറി വരാന്‍ ഗേറ്റ് തുറന്നു കൊടുത്തു എന്ന് പറയുന്നത് നുണയാണ്. തുറന്നു കിടന്ന ഗേറ്റ് ഉള്ളപ്പോള്‍ എന്തിനാണ് ഒരാള്‍ തിരിച്ചു മതില്‍ ചാടി പോകുന്നത്. ഈ മതില്‍ ചാട്ടം ആദ്യത്തെതല്ല. മുമ്പത്തെ ഇത്തരം ഒരു അതിക്രമിച്ചു കയറിയ വീഡിയോ കൂടി ഞാന്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. ഇത്രയും കാലം ഞങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാത്ത മിസ്റ്റര്‍ വിജയകുമാര്‍ എന്ന വ്യക്തി ഇത്രയും കാലം കഴിഞ്ഞ് ഞങ്ങള്‍ മുതിര്‍ന്ന കുട്ടികള്‍ ആയപ്പോള്‍ തിരിച്ചു വരുന്നത് അംഗീകരിക്കാന്‍ ഒരിക്കലും കഴിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നിങ്ങള്‍ ജീവിച്ചിട്ട് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക'- അര്‍ഥന കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijaya kumarArthana Binu
News Summary - Actresss Arthana Binu Allegation Aganist Her Father Actor Vijaya Kumar
Next Story