തെറ്റ് അംഗീകരിക്കുന്നു, നിരുപാധികം മാപ്പ്! കൂപ്പുകൈയോടെ ആദിപുരുഷിന്റെ തിരക്കഥാകൃത്ത് മനോജ് മുന്താഷിർ
text_fieldsപ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ഏറെ പ്രതീക്ഷയോടെയാണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ ജൂൺ 16 ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല. ചിത്രത്തിലെ സംഭാഷണങ്ങൾക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു.
ആദിപുരുഷിനെതിരെ വൻ വിമർശനം കനക്കുമ്പോൾ പ്രേക്ഷകരോട് ക്ഷമാപണം നടത്തി സിനിമയുടെ തിരക്കഥാകൃത്ത് മനോജ് മുന്താഷിർ. ചിത്രം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് അംഗീകരിക്കുന്നുവെന്നും കൈകൂപ്പി ക്ഷമ ചോദിക്കുന്നുവെന്നും മനോജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.'ആദിപുരുഷ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ഞാൻ സമ്മതിക്കുന്നു. കൂപ്പ് കൈകളോടെ നിരുപാധികം മാപ്പ് ചോദിക്കുന്നു. പ്രഭു ബജ്റംഗ് ബലി നമ്മളെ ഒന്നിപ്പിച്ച് നിർത്തുകയും നമ്മുടെ വിശുദ്ധ സനാതനത്തെയും മഹത്തായ ദേശത്തെയും സേവിക്കാൻ ശക്തി തരട്ടെ'- മനോജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സംഭാഷണങ്ങൾക്കെതിരെ വിമർശനവും ട്രോളും ഉയർന്നപ്പോൾ ഇതിനെ ന്യായികരിച്ച് മനോജ് എത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹനുമാൻ ദൈവമല്ലെന്നും ആളുകൾ ദൈവമാക്കി മാറ്റുകയായിരുന്നെന്നും അഭിമുഖത്തിൽ പറഞ്ഞു. വൻ ബജറ്റിലൊരുങ്ങിയ ചിത്രത്തിൽ പ്രഭാസിനൊപ്പം വൻ താരനിരയാണ് അണിനിരന്നത്. കൃതി സിനോൺ ആയിരുന്നു നായിക. സെയ്ഫ് അലിഖാൻ,സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും സംവിധായകൻ ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.