അവിടെ ഐസ്‌ക്രീം കച്ചവടക്കാരൻ ഇവിടെ പാൽക്കാരൻ, ഇത് മോഷണം; നന്‍പകല്‍ നേരത്ത് മയക്കത്തിനെതിരെ തമിഴ് സംവിധായിക
text_fieldsപ്രേക്ഷക നിരൂപക പ്രശംസ നേടിയ മമ്മൂട്ടി- ലിജോ ജോസ് ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. തിയറ്ററുകളിൽ കൈയടി നേടിയ ചിത്രം ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിനെതിരെ ഗുരുതര ആരോപണവുമായ തമിഴ് സംവിധായിക ഹലിതാ ഷമീം രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ നൻപകൽ തന്റെ ചിത്രമായ 'ഏലേ'യുടെ കോപ്പിയാണെന്നാണ് സംവിധായികയുടെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നത്. തനിക്ക് വേണ്ടി താൻ സംസാരിച്ചേ മതിയാവൂ എന്നൊരു പശ്ചാത്തലത്തിലാണ് പോസ്റ്റ് ചെയ്യുന്നതെന്നും പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
'ഒരു സിനിമയുടെ എല്ലാ സൗന്ദര്യവും മോഷ്ടിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. 'ഏലേ' എന്ന ചിത്രത്തിനായി ഞങ്ങൾ ഒരു ഗ്രാമം മുഴുവനും ഒരുക്കിയിരുന്നു. അതേ ഗ്രാമത്തിലാണ് നൻപകൽ നേരത്ത് മയക്കവും ചിത്രീകരിച്ചതെന്നുളളത് ഏറെ സന്തോഷകരമാണ്. ഞാൻ കണ്ടതും സൃഷ്ടിച്ചതുമായ സൗന്ദര്യാത്മകത അതുപോലെ പകർത്തിയിരിക്കുന്നത് കാണുന്നത് അൽപം ബുദ്ധിമുട്ടാണ്- ഹലിത പറഞ്ഞു.
അവിടെ ഐസ്‌ക്രീം കച്ചവടക്കാരൻ, ഇവിടെ പാൽക്കാരൻ. അവിടെ ഒരു മോര്‍ച്ചറി വാനിനു പിറകെ പ്രായമായ ഒരു മനുഷ്യന്‍ ഓടുന്നുവെങ്കില്‍ ഇവിടെ ഒരു പ്രായമായ മനുഷ്യന് പിന്നാലെ ഒരു മിനി ബസാണ് ഓടുന്നത്. ഞാന്‍ പരിചയപ്പെടുത്തിയ നടനും സംവിധായകനുമായ ചിത്രൈ സേനന്‍ മമ്മൂട്ടിക്കൊപ്പം പാടുകയാണ്, ഏലേയിലേതു പോലെ തന്നെ. പല കാലങ്ങള്‍ക്ക് സാക്ഷികളായ ആ വീടുകള്‍ മറ്റു സിനിമകളിലൊന്നും വന്നിട്ടുള്ളവയല്ല. അതൊക്കെ ഞാന്‍ ഇവിടെ കണ്ടു.
എനിക്കു വേണ്ടി ഞാന്‍ തന്നെ സംസാരിച്ചേ മതിയാവൂ എന്നൊരു ഘട്ടത്തിലാണ് ഞാനിത് പോസ്റ്റ് ചെയ്യുന്നത്. 'ഏലേ' എന്ന എന്റെ ചിത്രത്തെ നിങ്ങള്‍ക്ക് നിരസിക്കാം. എന്നാൽ അതില്‍ നിന്ന് ആശയങ്ങളും സൗന്ദര്യാന്മകതയും ഒരു കരുണയുമില്ലാതെ നിഷ്കരുണം കീറിമുറിച്ചാൽ താൻ നിശബ്ദയായി ഇരിക്കില്ല’- സംവിധായിക പറഞ്ഞു.
ഹലിതയെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. പോസ്റ്ററുകളിലെ സമാനതയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.