വിൽ സ്മിത്ത് ഇന്ത്യയിൽ; സദ്ഗുരു ജഗ്ഗി വാസുദേവിനെ കാണാനെന്ന് റിപ്പോർട്ടുകൾ
text_fieldsമുംബൈ: ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഇന്ത്യയിലെത്തി. ഓസ്കാർ പുരസ്കാരദാന വേദിയിൽ അവതാരകൻ ക്രിസ് റോക്ക്സിന്റെ മുഖത്തടിച്ച് വിവാദത്തിലായ വിൽ സ്മിത്ത് ശനിയാഴ്ചയാണ് മുംബൈ വിമാനത്താവളത്തിലെത്തിയത്. ആത്മീയാചാര്യൻ സദ്ഗുരു ജഗ്ഗി വാസുദേവിനെ കാണാനാണ് നടൻ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർട്ട്. അടി വിവാദത്തിന് പിന്നാലെ വിൽ സ്മിത്തിന്റെ വ്യക്തി ജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും പ്രശ്നങ്ങൾ ഉടലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
മാർച്ച് 27ന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ ഓസ്കർ പുരസ്കാര ചടങ്ങിനിടെയാണ് മികച്ച നടനുള്ള പുരസ്കാരം നേടിയ വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. രോഗിയായ തന്റെ പങ്കാളി ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസ്സിന്റെ തമാശ അവഹേളനപരമാണെന്ന് പറഞ്ഞാണ് വിൽ സ്മിത്ത് വേദിയിലെത്തി മുഖത്തടിച്ചത്. എന്നാൽ വിവാദങ്ങൾക്ക് ശേഷം വിൽ സ്മിത്തും ജാദ പിങ്കറ്റും വേർപിരിയലിന്റെ വക്കിലാണെന്നാണ് വിവരങ്ങൾ.
മുംബൈയിൽ തന്റെ സമീപത്തുള്ള ആളുകളുമായി സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്ന സ്മിത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ജുഹുവിലെ ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് നടൻ താമസിക്കുന്നതെന്നാണ് വിവരം.
മുമ്പ് നിരവധി തവണ ഇന്ത്യയിലെത്തിയ വിൽ സ്മിത്ത് 2019ൽ തന്റെ റിയാലിറ്റി ഷോ ആയ 'ദി ബക്കറ്റ് ലിസ്റ്റ്' ഷൂട്ടിങ്ങിനാണ് അവസാനമായി രാജ്യം സന്ദർശിച്ചത്. ഹരിദ്വാർ സന്ദർശിച്ച അദ്ദേഹം ഗംഗ ആരതിയിൽ പങ്കെടുത്തു.
വിൽ സ്മിത്ത് തന്റെ മകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിൽ പ്രതികരണവുമായി റോസ് റോക്ക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'വിൽ സ്മിത്ത് ക്രിസിനെ തല്ലിയപ്പോൾ, അവൻ അടിച്ചത് ഞങ്ങളെ എല്ലാവരെയുമാണ്. പക്ഷേ അവൻ എന്നെ ശരിക്കും അടിച്ചു. നിങ്ങൾ എന്റെ കുട്ടിയെ വേദനിപ്പിക്കുമ്പോൾ എന്നെയുമാണ് വേദനിപ്പിക്കുന്നത്' -റോസ് പറഞ്ഞു. വിവാദമുണ്ടായി ഒരുമാസത്തിന് ശേഷമാണ് എഴുത്തുകാരിയും മോട്ടിവേഷനൽ സ്പീക്കറുമായ റോസ് പ്രതികരണവുമായി രംഗത്തെത്തിയത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹോളിവുഡ് ഫിലിം അക്കാദമിയുടെ പരിപാടികളിൽ നിന്ന് വിൽ സ്മിത്തിനെ 10 വർഷത്തേക്ക് വിലക്കിയിരുന്നു. അവതാരകനും സ്റ്റാൻഡ് അപ് കൊമേഡിയനുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ വില്‍ സ്മിത്ത് ക്ഷമ പറഞ്ഞിരുന്നു. ക്രിസ് റോക്കിനോട് പരസ്യമായി മാപ്പു പറയുന്നതായി വില്‍ സ്മിത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭാര്യയെ പരിഹസിച്ചപ്പോൾ വൈകാരികമായി പ്രതികരിച്ചതാണ്. തന്‍റെ പ്രവൃത്തി അംഗീകരിക്കാനാവാത്തതും പൊറുക്കാനാവാത്തതുമാണെന്ന് സ്മിത്ത് എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.