ജീവിതത്തിൽ ഒരിക്കലും വിചാരിക്കാത്തത് ; രജനിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഐശ്വര്യ
text_fieldsരജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രത്തിൽ അതിഥി വേഷത്തിൽ രജനികാന്തും എത്തുന്നുണ്ട്. മൊയ്ദീൻ ഭായ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനി അഭിനയിക്കുന്നത്.
ഇപ്പോഴിതാ പിതാവിനൊപ്പമുള്ള സിനിമാ അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ രജനികാന്ത്. ഷൂട്ടിങ് ദിനങ്ങൾ മിനി മാസ്റ്റർ ക്ലാസ് ആയിരുന്നെന്നാണ് ഐശ്വര്യ പറയുന്നത്. ഇതൊരു അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും പിതാവിനൊപ്പം ചിത്രം ചെയ്യാൻ സാധിക്കുമെന്ന് ജീവിതത്തിൽ ഒരിക്കൽ പോലും വിചാരിച്ചില്ലെന്നും താരപുത്രി പറഞ്ഞു.
'ജീവിതത്തിൽ ഒരിക്കൽ പോലും പിതാവിനൊപ്പം സിനിമ ചെയ്യാൻ കഴിയുമെന്ന് വിചാരിച്ചില്ല. ഇതൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്ത ഓരോ ദിവസവും മാസ്റ്റർ ക്ലാസ് ആയിട്ടാണ് കാണുന്നത്. ഈ പ്രായത്തിലും അദ്ദേഹത്തിന് ജോലിയോടുള്ള സമര്‍പ്പണബോധവും ആദരവും സിനിമയെ സമീപിക്കുന്ന രീതിയുമൊക്കെ എല്ലാവരും കണ്ടു പഠിക്കണം. ഇപ്പോഴും അദ്ദേഹം മറ്റുള്ളവരിൽ നിന്ന് കാര്യങ്ങൾ കണ്ടുപഠിക്കാൻ ശ്രമിക്കാറുണ്ട്. മറ്റുള്ളവരിൽ നിന്ന് ധാരാളം പഠിക്കാനുണ്ട് എന്ന മനോഭവമാണ് അദ്ദേഹത്തിന്. മറ്റ് സംവിധായകരെപ്പോലെ അദ്ദേഹത്തോടൊപ്പമുളള സിനിമ നിമിഷങ്ങള്‍ എന്നും സൂക്ഷിക്കാനാണ് ആഗ്രഹം- ഐശ്വര്യ പറഞ്ഞു.
‘ലാൽ സലാം’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ ഐശ്വര്യ പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. തന്റെ പിതാവ് സംഘിയല്ലെന്നാണ് പറഞ്ഞത്. 'സമൂഹ മാധ്യമങ്ങളിൽ നിന്നു മാറിനിൽക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ ചുറ്റും എന്താണ് നടക്കുന്നതെന്ന് എന്റെ ടീം അറിയിക്കാറുണ്ട്. ചില പോസ്റ്റുകളും അവർ കാണിച്ചുതരും. അതെല്ലാം കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വരുന്നത്. നമ്മളും മനുഷ്യരാണ്. ഈയടുത്തായി ഒരുപാട് ആളുകൾ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നുണ്ട്. അതെന്നെ വേദനിപ്പിക്കുന്നു. അതിന്റെ അർഥം എന്താണെന്ന് എനിക്കറിയില്ല. ഇതിനെക്കുറിച്ച് ചിലരോട് ചോദിച്ചു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുകയെന്ന് അവർ പറഞ്ഞു. ഈ അവസരത്തിൽ ഒരുകാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. സംഘിയായിരുന്നെങ്കിൽ അദ്ദേഹം ‘ലാൽസലാം’ പോലൊരു ചിത്രം ചെയ്യില്ലായിരുന്നു. ഒരുപാട് മനുഷ്യത്വമുള്ളയാൾക്കേ ഈ ചിത്രം ചെയ്യാനാകുകയുള്ളൂ- എന്നാണ് ഐശ്വര്യ പറഞ്ഞത്.
ഐശ്വര്യയുടെ വാക്കുകൾ വലിയ ചർച്ചയായതോടെ വിശദീകരണവുമായി രജനികാന്ത് രംഗത്തെത്തിയിരുന്നു. സംഘിഎന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെ കുറിച്ചാണ് ഐശ്വര്യ പറഞ്ഞതെന്നും രജനി കൂട്ടിച്ചേര്‍ത്തു.
'ലാൽ സലാം' എന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാനകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്. സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.