പ്രളയത്തിൽ കുടുങ്ങിയ ആമിർ ഖാനും വിഷ്ണു വിശാലിനും രക്ഷകനായി അജിത്തിന്റെ ഹീറോയിസം; നന്ദി പറഞ്ഞ് നടൻ
text_fieldsചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് അജിത് കുമാർ. വെള്ളിത്തിരയിൽ മാത്രമല്ല, ജീവിതത്തിലും താൻ ഹീറോയാണെന്ന് പലതവണ തെളിയിച്ചിട്ടുണ്ട് അജിത്. പ്രളയത്തിലകപ്പെട്ട് ചെന്നൈയിൽ കുടുങ്ങിയ ഹിന്ദി സൂപ്പർ താരം ആമിർ ഖാനും തമിഴ് യുവനടൻ വിഷ്ണു വിശാലിനും രക്ഷകനായി അജിത് എത്തിയ വിശേഷമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സിനിമ പ്രേമികൾക്കിടയിലെ ചർച്ച.
പ്രളയം ചെന്നൈയെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ കാരപ്പാക്കത്തായിരുന്നു ആമിറും വിഷ്ണു വിശാലും. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ആമിർ ഖാൻ ചെന്നൈയിലെത്തിയത്. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ഇരുവരും കുടുംബാംഗങ്ങളും താമസസ്ഥലത്ത് കുടുങ്ങി. ഇവരെയും താമസിക്കുന്ന പ്രദേശത്തെ മറ്റുള്ളവരെയും അഗിരക്ഷ സേന താൽക്കാലിക ബോട്ടുകളിലെത്തിയാണ് രക്ഷിച്ചത്.
തുടർന്നായിരുന്നു അജിത്തിന്റെ രംഗപ്രവേശം. സുഹൃത്തുക്കളായ നടന്മാർ കുടുങ്ങിയതറിഞ്ഞ അജിത്ത് അവരെ സന്ദർശിക്കുകയും ഇരുവർക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല, ആ പ്രദേശത്ത് താമസിച്ച മുപ്പതോളം പേർക്കും സുരക്ഷിത യാത്ര സൗകര്യമൊരുക്കുകയും ചെയ്തു. വിഷ്ണു വിശാൽ മൂവരും ഒന്നിച്ചുള്ള ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയും അജിത്തിന് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
‘ഒരു സുഹൃത്ത് വഴി ഞങ്ങളുടെ സാഹചര്യം അറിഞ്ഞ ശേഷം, എപ്പോഴും സഹായ സന്നദ്ധനായ അജിത് സാർ ഞങ്ങളെ കാണാനെത്തി. ഞങ്ങളുടെ വില്ല കമ്യൂണിറ്റി അംഗങ്ങൾക്ക് യാത്രാ സൗകര്യമൊരുക്കി... ലവ് യു അജിത് സർ’ -എന്ന കുറിപ്പോടെയായിരുന്നു വിഷ്ണു വിശാലിന്റെ പോസ്റ്റ്.
ചൊവ്വാഴ്ച ജലനിരപ്പ് ഉയർന്നതോടെ സഹായം അഭ്യർഥിച്ച് വിഷ്ണു വിശാൽ എത്തിയിരുന്നു. 'വെള്ളം വീടിനുള്ളിലേക്ക് കയറിത്തുടങ്ങി. കാരപ്പാക്കത്ത് ജലനിരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിന്റെ ടെറസിന് മുകളിൽ മാത്രമാണ് സിഗ്നൽ ലഭിക്കുന്നത്. ഞാനുൾപ്പടെയുള്ളവർക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരത്തിൽ ചെന്നൈയിലുള്ള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോകുകയാണ്'– എന്നായിരുന്നു വിഷ്ണു വിശാല്‍ എക്സിൽ കുറിച്ചത്.
തുടർന്നാണ് രക്ഷാപ്രവർത്തകർ എത്തിയത്. ആമിറിനൊപ്പം ബോട്ടിൽ സുരക്ഷിത സ്ഥലത്തേക്ക് പോകുന്നതിന്റെ ചിത്രം വിഷ്ണു വിശാൽ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഒപ്പം റെസ്ക്യൂ വിഭാഗത്തിനും സർക്കാറിനും നന്ദി അറിയിക്കുകയും ചെയ്തു. 'ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദി. കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം തുടങ്ങി. ഇതിനകം മൂന്ന് ബോട്ടുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഘട്ടത്തിലുള്ള തമിഴ്നാട് സർക്കാരിന്റ പ്രവർത്തനം അഭിനന്ദനാർഹമാണ്. ഈ അവസരത്തിൽ ഉറച്ച തീരുമാനത്തോടെ പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദി'–വിഷ്ണു വിശാൽ ചിത്രത്തിനൊപ്പം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.