തന്റെ അമ്മയുടെ മുത്തച്ഛൻ ഹിറ്റ്ലറിനെതിരെ രഹസ്യ പത്രം നടത്തിയിരുന്നുവെന്ന് ആലിയ ഭട്ട്
text_fieldsമുബൈ: ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിനെതിരെ തന്റെ അമ്മയുടെ മുത്തച്ഛൻ രഹസ്യമായി പത്രം നടത്തിയിരുന്നുവെന്ന വിവരം പങ്കുവെച്ചിരിക്കയാണ് ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട്.
അടുത്തിടെ ‘ലല്ലൻടോപ്’ ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ആലിയ ഭട്ട് തന്റെ ജർമൻ വേരുകളെക്കുറിച്ച് തുറന്നുപറഞ്ഞത്. തന്റെ മുത്തച്ഛന്റെ അച്ഛൻ ഹിറ്റ്‌ലറിനെതിരെ ഒരു രഹസ്യപത്രം നടത്തിയിരുന്നതായി അവർ പറഞ്ഞു. ഇപ്പോൾ തന്റെ ‘ജിഗ്ര’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിലാണ് താരം.
ആലിയയുടെ അമ്മയുടെ മുത്തച്ഛൻ ജർമ്മനിയിൽ താമസിച്ചിരുന്നതായും പത്രങ്ങൾ വഴി അഡോൾഫ് ഹിറ്റ്‌ലറിനെതിരെ പ്രവർത്തിച്ചിരുന്നതായും അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു.
ആലിയയുടെ അമ്മ സോണി റസ്ദാന്റെ മാതാവ് ജർമ്മനും പിതാവ് ഇന്ത്യക്കാരനുമാണ്. ആലിയയുടെ കുടുംബത്തിന്റെ മാതൃവംശം ജർമനിയിലാണ്. ആലിയയുടെ അമ്മ സോണി റസ്ദാൻ തന്റെ മുത്തച്ഛൻ തടവിലാക്കപ്പെട്ടതായും കോൺസെൻട്രേഷൻ ക്യാമ്പിലാക്കിയതായും ഉള്ള വിവരം നേരത്തേ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
എന്റെ അമ്മയുടെ കുടുംബം ജർമനിയിൽ നിന്നാണ്. ഹിറ്റ്‌ലർ അധികാരത്തിൽ വരുന്നതിന് തൊട്ടുമുമ്പ് കിഴക്കൻ ബെർലിനിലാണ് അവർ താമസിച്ചിരുന്നത്. മുത്തച്ഛൻ കാൾ ഹോൽസർ ഹിറ്റ്‌ലറിനെതിരെ ഒരു രഹസ്യ പത്രം നടത്തി. അദ്ദേഹം ജൂതനല്ല, ഫാഷിസത്തിന് എതിരായിരുന്നു. അദ്ദേഹത്തെ തടങ്കൽപ്പാളയത്തിലാക്കി. വളരെ നല്ല ഒരു വക്കീൽ ഉള്ളതുകൊണ്ട് മാത്രമാണ് അദ്ദേഹം കൊല്ലപ്പെടാതിരുന്നത്.
ഒടുവിൽ വിട്ടയച്ചെങ്കിലും ജർമ്മനി വിടാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും രണ്ടാം ലോകയുദ്ധം ആരംഭിച്ചിരുന്നു. അദ്ദേഹം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് മാറി. ജർമ്മൻ മാതാവ് ഗെർട്രൂഡ് ഹോൽസർ, കശ്മീരി പണ്ഡിറ്റായ പിതാവ് എൻ. റസ്ദാൻ എന്നിവരുടെ മകളായി ബർമിങ്ഹാമിലാണ് സോണി റസ്ദാൻ ജനിച്ചത്. മുമ്പ് ബെർലിൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഹൈവേ എന്ന ചിത്രം പ്രദർശിപ്പിച്ചപ്പോൾ ആലിയയുടെ പിതാവ് ചലച്ചിത്ര നിർമ്മാതാവ് മഹേഷ് ഭട്ടും ആലിയയുടെ ജർമൻ വേരുകളെ കുറിച്ച് സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.