ബാബരി മസ്ജിദിന്‍റെ ചിത്രം പങ്കുവെച്ച് അമൽ നീരദ്
text_fieldsകൊച്ചി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകൻ അമൽ നീരദ്. ബാബരി മസ്ജിദിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ അമൽ നീരദ് പങ്കുവെച്ചു. 'മൂല്യബോധം കുറഞ്ഞ വിലക്ക് വിൽക്കാൻ പറ്റും. പക്ഷേ അതു മാത്രമാണ് ശരിക്കും നമുക്ക് സ്വന്തമായുള്ളത്. അതു മാത്രമായിക്കും നമ്മിലവശേഷിക്കുന്നത്. പക്ഷേ, ആ ബോധ്യത്തിനുള്ളിൽ നമ്മൾ സ്വതന്ത്രരാണ്'- ബാബരി മസ്ജിദിന്‍റെ ചിത്രത്തിനൊപ്പം അമൽ കുറിച്ചു. 'വി ഫോർ വെണ്ടേറ്റ' സിനിമയിലെ കഥാകൃത്തായ അലൻ മൂറിന്‍റെ വരികളാണ് അമൽ നീരദ് പങ്കുവെച്ചത്.
അയോധ്യ പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചും പ്രതികരിച്ചും സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, കനി കുസൃതി, ദിവ്യപ്രഭ, സംവിധായകരായ ആഷിഖ് അബു, ജിയോ ബേബി, കമൽ കെ.എം, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് നിലപാടറിയിച്ചത്.
‘നമ്മുടെ ഇന്ത്യ’ എന്ന കുറിപ്പോടെയാണ് പാർവതി ഭരണഘടനയുടെ ആമുഖം പങ്കുവെച്ചത്. ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന കുറിപ്പോടെയായിരുന്നു റിമ കല്ലിങ്കൽ ആമുഖം പോസ്റ്റ് ചെയ്തത്. പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായും ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രങ്ങളുമായും സംഘ്പരിവാർ അണികൾ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ ആഹ്വാനത്തെ വിമർശിച്ച് രംഗത്തെത്തിയതിനെ തുടർന്ന് സംഘ്പരിവാറിന്‍റെ സൈബർ ആക്രമണത്തിനിരയായ ഗായകൻ സൂരജ് സന്തോഷും സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.