മോർഗൻ സ്റ്റാൻലിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് 'കഹോന പ്യാര്‍ ഹെ'സിനിമയിൽ അഭിനയിച്ചത്; അമീഷ പട്ടേൽ
text_fieldsഹൃത്വിക് റോഷൻ ചിത്രമായ കഹോന പ്യാര്‍ ഹെയിലൂടെയാണ് നടി അമീഷ പട്ടേൽ ബോളിവുഡിലേക്ക് ചുവടുവെച്ചത്. 2000 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെയാണ് ഹൃത്വിക്കും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായിരുന്നു.
ഈ ചിത്രത്തിനായി അമീഷ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അവിചാരിതമായി സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് നടി പറഞ്ഞത്. സിനിമ തന്റെ മനസിൽ ഇല്ലായിരുന്നുവെന്നും ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്നും അമീഷ പട്ടേൽ പറഞ്ഞു.
'ഇക്കണോമിക് അനലിസ്റ്റായി ജോലി നോക്കിയിരുന്ന സമയമായിരുന്നു. ആ സമയത്ത് കുടുംബത്തിനൊപ്പം ഒരു വിവാഹത്തിന് പോയിരുന്നു. മനസ്സില്ലാമനസ്സോടെയായിരുന്നു കുടുംബാംഗങ്ങൾക്കൊപ്പം പോയത്. ആ ചടങ്ങിൽ ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനുമുണ്ടായിരുന്നു. അദ്ദേഹം എന്നെക്കുറിച്ച് അച്ഛനോട് ചോദിച്ചിരുന്നു.
ആ കൂടിക്കാഴ്ചക്ക് ശേഷം , തൊട്ട് അടുത്ത ദിവസം രാകേഷ് അങ്കിൾ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.എൻ്റെ ആദ്യ സിനിമയായ കഹോ നാ... പ്യാർ ഹെ ഓഫർ ചെയ്യാനാണ് അദ്ദേഹം എന്നെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അവരുടെ വീട്ടിലെത്തി. അന്ന് അവിടെ ഹൃത്വിക് റോഷനും പിങ്കി ആന്റിയും ഉണ്ടായിരുന്നു. ഞാനും ഹൃത്വിക്കും കുട്ടിക്കാലത്ത് നല്ല സുഹൃത്തുക്കളായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഞാൻ വീട്ടിലേക്ക് പോകാൻ തയാറായപ്പോൾ രാകേഷ് അങ്കിൾ, എന്റെ ഭാവി പരിപാടിയെക്കുറിച്ച് ചോദിച്ചു. ആ സമയത്ത് പഠനം തുടരണോ മോർഗൻ സ്റ്റാൻലിയിലെ ഉയർന്ന ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കണോ എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു. അത് ഞാൻ അങ്കിളിനോട് പറയുകയും ചെയ്തു.
അപ്പോഴാണ് അദ്ദേഹം എനിക്ക് ഹൃത്വിക്കിനൊപ്പമുള്ള സിനിമ ഓഫർ ചെയ്തത്. അഭിനയത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ സ്കിറ്റിലും നാടകത്തിലും അഭിനയിച്ചതല്ലാതെ അഭിനയത്തിൽ മറ്റൊരു പശ്ചാത്തലവും എനിക്കില്ലായിരുന്നു. ഭരതനാട്യം പഠിച്ചിരുന്നു. കാമറയെക്കുറിച്ചോ സിനിമയെക്കുറിച്ചോ യാതൊന്നും അറിയാത്ത ഞാൻ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ഇതിന് മുമ്പും സിനിമ ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ അന്ന് ഞാൻ യൂനിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു. അതിനാൽ അവയെല്ലാം നിരസിച്ചു. ഞാൻ സമ്മതം പറഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സിനിമ ആരംഭിച്ചു. സിനിമ വിജയിക്കുകയും ചെയ്തു' അമീഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.