ഞങ്ങളുടെ മരുമക്കൾക്ക് ഒരു പ്രത്യേകതയുണ്ട്; കുടുംബത്തിലെ വിവാഹങ്ങളെക്കുറിച്ച് അമിതാഭ് ബച്ചൻ
text_fieldsപ്രണയ വിവാഹത്തെ പിന്തുണക്കുന്നവരാണ് തങ്ങളുടെ കുടുംബമെന്ന് നടൻ അമിതാഭ് ബച്ചൻ.കോൻ ബനേഗ ക്രോർപതി ഷോയുടെ പുതിയ എപ്പിസോഡിലാണ് ഇക്കാര്യം പറഞ്ഞത്.മകൻ അഭിഷേക് ബച്ചന്റേയും മരുമകൾ ഐശ്വര്യ റായിയുടെ വേർപിരിയൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുമ്പോഴാണ് ബച്ചൻ തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞത്.
ഷോയിൽ ഗുജറാത്ത് സ്വദേശി അശുതോഷ് സിങ് ആയിരുന്നു മത്സരാർഥിയായി എത്തിയത്. സോഫ്‌റ്റ്‌വെയർ ഡെവലപ്പറായ ഇദ്ദേഹത്തിന്റേത് പ്രണയ വിവാഹമായിരുന്നു. വിവാഹത്തിൽ വീട്ടുകാർക്ക് ഇഷ്ടമുണ്ടായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ചുവർഷമായി തന്നോട് മിണ്ടിയിട്ടില്ലെന്നും അശുതോഷ് സിങ് പറയവെയാണ് തങ്ങളുടെ കുടുംബത്തിലെ പ്രണയ വിവാഹത്തെക്കുറിച്ച് ബച്ചൻ പറഞ്ഞത്.
'ഞാൻ ഉത്തർപ്രദേശ് സ്വദേശിയാണ്. എന്നാൽ ഞാൻ വിവാഹം കഴിച്ചത് ബംഗാളിൽ നിന്നാണ്. എന്റെ സഹോദരൻ ഒരു സിന്ധി കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചത്. എന്റെ മരുമകൻ ഒരു പഞ്ചാബി ഫാമിലിയിലുള്ളതാണ്. എന്റെ മകന്റെ കാര്യം അറിയാമല്ലോ? മംഗലാപുരത്തു നിന്നാണ് വിവാഹം ചെയ്തത്. ഞങ്ങളുടെ കുടുംബത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുളള മരുമക്കളുണ്ട്'- അമിതാഭ് ബച്ചൻ പറഞ്ഞു.
കഴിഞ്ഞ ദിവസം വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ബച്ചൻ രംഗത്തെത്തിയിരുന്നു. ബ്ലോഗിലൂടെയായിരുന്നു പ്രതികരണം.ഈ ലോകത്ത് വിഡ്ഢികൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും മറ്റുള്ളവരെ കുറിച്ച് എഴുതിയാണ് അവര്‍ സ്വന്തം ദുഷ്പ്രവര്‍ത്തികള്‍ മറയ്ക്കുന്നതെന്നുമാണ് ബച്ചൻ ബ്ലോഗിൽ കുറിച്ചത്.
'ഈ ലോകത്ത് വിഡ്ഢികൾക്ക് യാതൊരു ക്ഷാമവുമില്ല. മറ്റുള്ളവരെ കുറിച്ച് എഴുതിയാണ് അവര്‍ സ്വന്തം ദുഷ്പ്രവര്‍ത്തികള്‍ മറയ്ക്കുന്നത്. അത്തരക്കാര്‍ക്ക് ഒരു കുറവും ഈ ലോകത്തില്ല. സ്വന്തം പോരായ്മകള്‍ മറച്ചുവെക്കാനായാണ് അവര്‍ ഓരോദിവസവും വസ്തുതയില്ലാത്ത, വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്'.- അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗില്‍ കുറിച്ചു
ഏറെനാളത്തെ പ്രണയത്തിന് ശേഷം 2007 ഏപ്രിലിലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. ഇവർക്ക് ആരാധ്യ എന്നൊരു മകളുണ്ട്. ആനന്ദ് അംബാനി-രാധിക മെർച്ചന്റ് ആഡംബര കല്യാണത്തില്‍ ഐശ്വര്യയും അഭിഷേകും തനിച്ച് വന്നതോട് കൂടിയാണ് താരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയ്. എന്നാല്‍ ഇരുവരും ഇത്തരം വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.