ബോളിവുഡിന്റെ ഷെഹൻഷാ, രാജീവിന്റെ ഉറ്റതോഴൻ; 80 ആണ്ടിന്റെ കാതലുമായി ബച്ചനെന്ന വന്മരം
text_fieldsബോളിവുഡിന്റെ ഷെഹൻഷാ, രാജീവിന്റെ ഉറ്റതോഴൻ, രേഖയുടെ നിത്യഹരിത കാമുകൻ, ജയയുടെ സൽഗുണ സമ്പന്നനായ ഭർത്താവ്, ആരാധ്യയുടെ പ്രിയപ്പെട്ട മുത്തച്ഛൻ, ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് 80 വയസ് പൂർത്തിയാകുമ്പോൾ വിശേഷണങ്ങൾ ഒന്നൊന്നായി തെളിഞ്ഞുവരികയാണ്. ഒരു തട്ടുപൊളിപ്പൻ ഹിന്ദി സിനിമയേക്കാൾ ഉദ്വേഗഭരിതമായ ജീവിതമായിരുന്നു ഈ ആറടി രണ്ടിഞ്ചുകാരന്റേത്. തിരസ്കാരവും അംഗീകാരവും ഉയർച്ചയും കിരീടധാരണവും പടിയിറക്കവും എല്ലാം ആ ജീവിതത്തിന് മാറ്റുകൂട്ടി. 80ാം വയസിലും ഇന്ത്യൻ പരസ്യലോകത്തെ ഹോട്ട് സെല്ലറാണ് അമിതാഭ്ബച്ചൻ. ഈ വാർധക്യത്തിലും തന്റെ വിൽപ്പന മൂല്യം ഉടയാതെ കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവുംവലിയ സൂപ്പർ സ്റ്റാർ എന്ന വിശേഷണവും അമിതാഭ് ഹരിവംശറായ് ബച്ചന് മാത്രം സ്വന്തമാണ്.
അഭിനയരംഗത്തെത്തി പതിറ്റാണ്ടുകൾ കഴിയുമ്പോഴും ബോളിവുഡ് വാർത്തകളിലെ സജീവ സാന്നിധ്യമാണ് അമിതാഭ് ബച്ചൻ. എൺപതുകൾ കടക്കുമ്പോഴും വാർധക്യം ബാധിക്കാത്ത അഭിനയവും പ്രകടനവുമായി ബച്ചൻ ഇവിടെയുണ്ട്. ക്യാമറയ്‌ക്കു മുന്നിലും പിന്നിലും സിനിമാ കുടുംബത്തിന്റെ ഗൃഹനാഥന്റെ റോളിലും തന്റെ മാത്രം ശൈലികൾകൊണ്ടും കാഴ്‌ചപ്പാടുകൾകൊണ്ടും ബച്ചൻ എന്നും വാർത്തകളിൽ നിറയുന്നു.
1942 ഒക്ടോബർ 11ന് പ്രശസ്ത കവി ഹരിവംശ് റായ് ബച്ചന്റെ മകനായാണു ജനനം. ആദ്യപുത്രനു പിതാവ് കണ്ടുവച്ച പേര് ഇൻക്വിലാബ്, അമ്മ വിളിച്ചത് മുന്നയെന്ന്. ഹരിവംശ് റായിയുടെ സുഹൃത്ത് കവി സുമിത്രാനന്ദൻ അമിതാഭ് എന്ന പേര് നിർദേശിച്ചു. നിലയ്ക്കാത്ത ശോഭയെന്ന് അർഥമുള്ള പേര് ബച്ചന്റെ കാര്യത്തിൽ തീർത്തും ശരിയായി. ഉത്തരാഖണ്ഡിലുള്ള നൈനിറ്റാളിലെ ഷെർവുഡ് കോളജിൽ നാടകം അവതരിപ്പിച്ച് അഭിനയജീവിതത്തിന്റെ തുടക്കം. ഡൽഹിയിലെ കോളജ് വിദ്യാഭ്യാസത്തിനുശേഷം ആകാശവാണിയിൽ അനൗൺസറുടെ ജോലിക്കു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശബ്ദവും ഉച്ചാരണവും പ്രക്ഷേപണയോഗ്യമല്ല എന്ന വിലയിരുത്തലിലായിരുന്നു ഇത്. 1962ൽ ഐ.സി.ഐ കമ്പനിയിലേക്കു നടന്ന അഭിമുഖത്തിലും പരാജയപ്പെട്ടു.
നല്ല ശബ്ദമല്ല എന്ന് ആകാശവാണി ഉദ്യോഗസ്ഥരുടെ പഴികേട്ട ബച്ചനു തന്റെ ശബ്ദം തന്നെയാണു സിനിമയിൽ ആദ്യം രക്ഷയായത്. 1969ൽ ഇതിഹാസ സംവിധായകൻ മൃണാൾ സെൻ സംവിധാനം ചെയ്ത ഭുവൻഷോമെ എന്ന സിനിമയിൽ പശ്ചാത്തല വിവരണം ഒരുക്കിയത് അദ്ദേഹമാണ്. പിന്നീട് സത്യജിത് റായിയുടെ സിനിമകൾക്കും ശബ്ദം നൽകി. 1969ൽ സാഥ് ഹിന്ദുസ്ഥാനിയിൽ വേഷമിട്ടുകൊണ്ട് സിനിമയിൽ അരങ്ങേറ്റം.
പ്രകാശ് മെഹ്റയുടെ സഞ്ജീർ (1973) എന്ന സിനിമയിൽനിന്ന് അന്നത്തെ നായകൻമാരിൽ പലരും പിൻമാറി. നെഗറ്റീവ് ടച്ചുള്ള റോളാണു നായകകഥാപാത്രത്തിനുള്ളത് എന്നതായിരുന്നു കാരണം. ഈ റോൾ ധൈര്യപൂർവം ബച്ചൻ ഏറ്റെടുത്തു. ഇന്ത്യൻ സിനിമയുടെ കിരീടംവയ്ക്കാത്ത ചക്രവർത്തിയുടെ അരിയിട്ടുവാഴ്ചയായിരുന്നു അത്. 1980കളിൽ രാജീവ് ഗാന്ധിയുമായുള്ള അടുപ്പം പ്രശസ്തം. രാജ്യസഭയിലേക്കു ബച്ചനെ അയയ്ക്കണമെന്ന രാജീവിന്റെ ആവശ്യം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിരസിച്ചു. ബച്ചൻ അഭിനയരംഗത്ത് ഉറച്ചുനിൽക്കട്ടെ എന്നായിരുന്നു ഇന്ദിരയുടെ അഭിപ്രായം. പിന്നീട് തിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തി.
പിന്നീട് ഭാര്യയായ ജയ ഭാദുരിയെ ആദ്യം കാണുന്നതു മോഹൻ സ്റ്റുഡിയോസിൽവച്ച്, ഗുഡ്ഡി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ. ഗുഡ്ഡിയിൽ നായകനായി നിശ്ചയിച്ചിരുന്നതു ബച്ചനെ. എന്നാൽ പരിചിതമായ മുഖമല്ല തന്റെ നായകനുവേണ്ടത് എന്ന് സംവിധായകൻ ഹൃഷികേശ് മുഖർജി തീരുമാനിച്ചതോടെ ബച്ചനു നിരാശയോടെ പിൻവാങ്ങേണ്ടിവന്നു. അന്നു ജയയാണ് തന്നെ പുറത്താക്കാൻ പ്രേരിപ്പിച്ചതെന്നു ബച്ചൻ പലപ്പോഴും തമാശയായി പറയാറുണ്ട്. 1973ൽ ഇരുവരും വിവാഹിതരായി.
'ഗുഡ്‍ബൈ' എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും 'ഗുഡ്‍ബൈ'ക്കുണ്ട്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍നിന്ന് ലഭിച്ചത്. 'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വികാസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.