ആര്യന് ലഹരി നൽകിയിട്ടില്ല, വാങ്ങാൻ സഹായിച്ചിട്ടുമില്ല -ആരോപണങ്ങൾ നിഷേധിച്ച് അനന്യ പാണ്ഡെ
text_fieldsന്യൂഡൽഹി: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് ബോളിവുഡ് താരം അനന്യ പാണ്ഡെ. കേസുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി അനന്യയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തിരുന്നു.
താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും ആര്യൻ ഖാന് മയക്കുമരുന്ന് നൽകിയിട്ടില്ലെന്നും അനന്യ എൻ.സി.ബിയെ അറിയിച്ചതായാണ് വിവരം. ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് 22കാരിയായ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും അനന്യയെ ചോദ്യം ചെയ്യും.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്‍റെ സുഹൃത്തുക്കളെയും പിടികൂടിയിരുന്നു. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യനും സുഹൃത്തുക്കളും.
2018-19 ലെ വാട്സ്ആപ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് അനന്യയെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളമാണ് അനന്യയെ രണ്ടുദിവസം എൻ.സി.ബി ചോദ്യം ചെയ്തത്. താൻ ലഹരി ഉപയോഗിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. ആര്യനുമായി ലഹരിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല -അനന്യ പറഞ്ഞു.
എന്നാൽ, 2018-19ൽ അനന്യ ആര്യന് ലഹരിമരുന്ന് ഇടപാടുകാരുടെ നമ്പറുകൾ നൽകുകയും മൂന്നുവട്ടം ലഹരി വാങ്ങാൻ സഹായിച്ചെന്നും എൻ.സി.ബി പറയുന്നു.
അനന്യ പാണ്ഡെയുടെ മുംബൈ ബന്ദ്രയിലെ വസതിയിൽ എൻ.സി.ബി പരിശോധന നടത്തിയിരുന്നു. ലാപ്ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വ്യാഴാഴ്ച രണ്ടു മണിക്കൂറോളവും വെള്ളിയാഴ്ച നാലുമണിക്കൂറോളവുമാണ് അനന്യയെ ചോദ്യം ചെയ്തത്.
ആര്യന്‍റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. കഴിഞ്ഞദിവസം ഷാരൂഖ് ഖാൻ ജയിലിലെത്തി ആര്യനെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.