'ഇനി ജീൻ ഇല്ലെന്നത് ഉൾക്കൊള്ളാനാകുന്നില്ല'; ഹൃദയം തൊടുന്ന കുറിപ്പുമായി അനിൽ കപൂർ
text_fieldsഅന്തരിച്ച ഓസ്കാർ ജേതാവ് ജീൻ ഹാക്ക്മാന് ആദരാഞ്ജലി അർപ്പിച്ച് നടൻ അനിൽ കപൂർ. ലോകത്തിൽ ഇനി ജീൻ ഇല്ല എന്ന വസ്തുത തനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
'ലോകത്ത് ഇനി ജീൻ ഹാക്ക്മാൻ ഇല്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല... ദി ഫ്രഞ്ച് കണക്ഷൻ, അൺഫോർഗിവൻ, ദി ഫേം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അനായാസ പ്രകടനങ്ങൾ അദ്ദേഹത്തിലെ പ്രതിഭയെ ലോകം കണ്ട ചുരുക്കം ചില അവസരങ്ങൾ മാത്രമാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം നിലനിൽക്കും. നിത്യശാന്തി നേരുന്നു'. അനിൽ കപൂർ എക്സില്‍ കുറിച്ചു.
ജീൻ ഹാക്ക്മാനെയും ഭാര്യ ബെറ്റ്സി അരകാവയെയും ഇന്നലെയാണ് മെക്സിക്കോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറാണ് ജീനിന്‍റേത്. രണ്ടുതവണ ഓസ്‌കര്‍ നേടിയ അഭിനേതാവ്. 1972ല്‍ 'ദി ഫ്രഞ്ച് കണക്ഷനിലെ' ഡിറ്റക്റ്റീവ് ജിമ്മി പോപ്പേ ഡോയല്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിച്ചു. 1992ല്‍ 'അണ്‍ഫോര്‍ഗിവന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കാറും സ്വന്തമാക്കി. ഓസ്‌കറിന് പുറമേ രണ്ട് ബാഫ്റ്റ അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബുകള്‍, ഒരു എസ്.എ.ജി അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും ജീൻ നേടിയിട്ടുണ്ട്. ഭാര്യ ബെറ്റ്‌സി പിയനിസ്റ്റാണ്.
കാലിഫോർണിയ സ്വദേശിയായ ജിൻ ഹാക്ക്മാൻ 1930 ജനുവരി 30നാണ് ജനിച്ചത്. പതിനാറാം വയസ്സിൽ യു.എസ് മറൈൻസിൽ ചേർന്ന ഹാക്ക്മാൻ, ചൈന, ജപ്പാൻ, ഹവായ് എന്നിവിടങ്ങളിൽ നാലര വർഷം സേവനമനുഷ്ഠിച്ച ശേഷം ഇല്ലിനോയിസ് സർവകലാശാലയിൽ ജേണലിസത്തിലും ടെലിവിഷൻ പ്രൊഡക്ഷനിലും ബിരുദം നേടി. ‘യങ് ഫ്രാങ്കൻസ്റ്റൈൻ’ (1974) ‘നൈറ്റ് മൂവ്സ്’ (1975), ‘ബൈറ്റ് ദി ബുള്ളറ്റ്’ (1975), ’സൂപ്പർമാൻ’ (1978) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. നൂറിലധികം സിനിമകളിൽ അഭിനയിച്ച ഹാക്ക്മാന്റെ അവസാന ചിത്രം ‘വെൽക്കം ടു മൂസ്പോർട്ട്’ ആണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.