റിവ്യൂ ചെയ്യുന്നവർ സിനിമ എന്താണെന്ന് മനസ്സിലാക്കിയിട്ട് സംസാരിക്കണം -അഞ്ജലി മേനോൻ
text_fieldsസിനിമ പതുക്കെയാണ് നീങ്ങുന്നതെന്ന് റിവ്യൂ ചെയ്യുന്നവർ പറയുന്നത് കേൾക്കുമ്പോൾ ചിരി വരാറുണ്ടെന്ന് സംവിധായക അഞ്ജലി മേനോൻ. 'വണ്ടർ വുമൺ' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജലി മേനോൻ.
എനിക്ക് ഏറ്റവും ചിരി വരാറുള്ളത്, സിനിമക്ക് ലാഗ് ഉണ്ട് എന്ന് പറയുന്നത് കേൾക്കുമ്പോഴാണ്. ഇത്തരം അഭിപ്രായം പറയുന്നതിന് മുമ്പ് എഡിറ്റിങ് എന്ന പ്രോസസിനെക്കുറിച്ച് ആദ്യം കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഒരു സിനിമ എങ്ങിനെയാണ് പറയുന്നത്, എന്താണ് അതിലുള്ളത് എന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. റിവ്യൂ ചെയ്യുന്ന ആളുകൾ കുറച്ചുകൂടി ഈ മീഡിയം മനസ്സിലാക്കിയിട്ട് സംസാരിക്കുകയാണെങ്കിൽ അത് എല്ലാവർക്കും ഗുണം ചെയ്യും -സംവിധായക പറയുന്നു.
ഒരു സിനിമ മുഴുവൻ കാണാതെ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്നത് നിരുത്തരവാദപരമാണ്. സമൂഹ മാധ്യമങ്ങളിൽ 'സിനിമാ പാരഡീസോ' പോലെയുള്ള ഇടങ്ങളിൽ നടക്കുന്ന ചർച്ചകൾ വായിക്കുന്നത് വളരെ ഇഷ്ടമാണെന്നും അഞ്ജലി അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ, ആറാട്ട് സിനിമയുടെ പ്രമോഷനോടനുബന്ധിച്ചുള്ള അഭിമുഖത്തിൽ, സിനിമാ നിരൂപകർക്കെതിരെ മോഹൻലാലും രംഗത്തുവന്നിരുന്നു. സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണ വേണമെന്നും സിനിമയുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരാണ് സിനിമയെക്കുറിച്ച് പറയുന്നതെന്നും മോഹൻലാൽ വിമർശിച്ചിരുന്നു. ഒരു സിനിമയുടെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.