സാറാസ് ഒാണം
text_fieldsചുരുളൻ മുടിയും വിടർന്ന ചിരിയുമായി മലയാളികളുടെ ഹൃദയത്തിലേക്ക് ബേബി മോളായി കടന്നുവന്ന പെൺകുട്ടിയാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിെൻറ മകൾ കൂടിയായ അന്ന ബെൻ. ആദ്യ ചിത്രം കുമ്പളങ്ങി നൈറ്റ്സിലെ മികച്ച പ്രകടനത്തിനുശേഷം ചെയ്ത സിനിമകളിലെല്ലാം തേൻറതായ മുദ്ര പതിപ്പിച്ച അന്ന, ഹെലൻ, കപ്പേള, ഏറ്റവുമൊടുവിൽ ഇറങ്ങിയ സാറാസ് എന്നീ ചിത്രങ്ങളിലെല്ലാം പ്രധാനവേഷത്തിലെത്തി. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
പൂക്കളം, ഡാൻസ്, കസിൻസ്... അതാണോണം
ഓണത്തെക്കുറിച്ച് പറയുമ്പോൾ അന്ന ബെന്നിന് നൂറുനാവാണ്. രണ്ടുവർഷം മുമ്പു വരെ അടിച്ചുപൊളിച്ച് ആഘോഷിച്ച ദിവസങ്ങളായിരുന്നു ഓണക്കാലം. സ്കൂൾ, കോളജ് കാലത്തെ ഓണാഘോഷങ്ങളും അതുകഴിഞ്ഞ് തിരുവോണ നാളിൽ വീട്ടിൽ കസിൻസ് എല്ലാം ഒത്തുചേരുന്നതും ആട്ടവും പാട്ടും സിനിമയുമെല്ലാമായി പൂക്കളം പോലെ സുന്ദരമാണ് ഓണം ഓർമകൾ. എറണാകുളം വടുതല ചിന്മയ വിദ്യാലയയിലും െസൻറ് തെരേസാസ് കോളജിലും പഠിക്കുന്ന കാലത്തെ ഓണമായിരുന്നു ഓണം. ചിന്മയയിൽ ഓണാഘോഷത്തിെൻറ ഒരുക്കം തന്നെ രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കുന്നതാണ്. പൂക്കളം ഡിസൈൻ തിരഞ്ഞെടുക്കലും മണ്ണൊരുക്കലുമെല്ലാമായി ആകക്കൂടി വലിയ ഓളമാകും ആ ദിവസങ്ങളിൽ. കോളജിെലത്തിയപ്പോൾ പൂക്കള മത്സരത്തിന് വീറും വാശിയും ഏറി. ഒന്നാം സ്ഥാനത്തിനുവേണ്ടിയായിരുന്നു എപ്പോഴും പോരാട്ടം. അന്നത്ത ആ 'ടൈറ്റ് കോമ്പിറ്റീഷനെ' കുറിച്ച് ആലോചിക്കുമ്പോൾ അന്ന പൊട്ടിച്ചിരിക്കാൻ തുടങ്ങും. പെൺകുട്ടികൾ മാത്രമുള്ള കാമ്പസിൽ എവിടെ തിരിഞ്ഞാലും പട്ടുപാവാടയും കേരള സാരിയും മുല്ലപ്പൂവുമെല്ലാം കാണാം.
അകത്തിരുന്നോണം ആഘോഷിക്കും
ഓണം വെക്കേഷൻ തുടങ്ങിയാൽ പിന്നെ ആഘോഷം വീടുകളിലാണ്. നായരമ്പലത്തുള്ള തറവാട്ടുവീട്ടിലോ അല്ലെങ്കിൽ ഏതെങ്കിലും കസിെൻറ വീട്ടിലോ ആയിരിക്കും ആഘോഷവും ആരവവുമെല്ലാം. പൂക്കളമിട്ടും കോടിയുടുപ്പിട്ടും ഓണപ്പാട്ടു പാടിയും ഊഞ്ഞാലാടിയും സദ്യയൊരുക്കിയുമെല്ലാം ആ ദിനങ്ങൾ അതിമനോഹരമാക്കും. മുതിർന്നവരും സമപ്രായക്കാരുമെല്ലാമായി പത്തിരുപതിലേറെ പേരുണ്ടാകും. അമ്മ ഫുൽജയുണ്ടാക്കുന്ന ഓണസദ്യയാണ് അന്നക്ക് അന്നും ഇന്നും ഏറെയിഷ്ടം. കൂട്ടുകറിയോടാണ് പ്രിയം കൂടുതൽ, പാലടപ്രഥമനും ഫേവറിറ്റ് ലിസ്റ്റിലുണ്ട്. അമ്മയെന്തുണ്ടാക്കിയാലും രുചിയാണെന്ന് മകൾ മാർക്കിടുന്നു. കറിവെക്കാനും മറ്റും ചില്ലറ സഹായങ്ങളുമായി ഓണനാളുകളിൽ അന്നയും അമ്മക്കൊപ്പം കൂടാറുണ്ട്. ഓണസദ്യ കഴിഞ്ഞാൽ പിന്നെ കസിൻസ് കൂട്ടം നേരെ തിയറ്ററിലേക്ക് വെച്ചുപിടിപ്പിക്കും. ഓണം റിലീസായ ഏതെങ്കിലും സിനിമ കൂടി കാണണം, അതുമല്ലെങ്കിൽ ബാക്കി ആഘോഷങ്ങൾ വീട്ടിൽ തന്നെ.
പ്രളയവും കോവിഡുമെല്ലാം ഓണാഘോഷത്തിെൻറ ശോഭ കെടുത്തിയെങ്കിലും വീട്ടിലെ ചെറിയ തോതിലുള്ള ആഘോഷങ്ങൾ കഴിഞ്ഞ വർഷങ്ങളിലും കൈവിട്ടിട്ടില്ല. അക്കാലങ്ങളിലെ ഓണം വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് അന്ന പറയുന്നു. എല്ലാവരും ഒത്തു ചേരാനൊന്നും പറ്റിയില്ലെങ്കിലും ഇത്തവണയും വീട്ടിൽ കുഞ്ഞുകുഞ്ഞ് ആഘോഷങ്ങളുണ്ടാവും.
ഈ കാലവും കടന്നു പോകും
കോവിഡ് മഹാമാരി കാലത്തെ ഓണാഘോഷത്തിനിടെ അന്നക്ക് ഏറ്റവുമധികം മിസ് ചെയ്യുന്നത് തിയറ്ററുകളില്ലാത്തതു തന്നെയാണ്. ഓണനാളിൽ എല്ലാവരുമായി സിനിമക്ക് പോയിരുന്ന കാലം ഓർമകളിൽ മാത്രം. കോവിഡ് ലോകത്തിെൻറ സകലതാളവും ക്രമവും മാറ്റിമറിച്ചതോടെ തിയറ്ററുകളിൽനിന്ന് വീടുകളിലേക്കും മൊബൈൽ സ്ക്രീനിലേക്കും സിനിമ റിലീസിങ് പറിച്ചുനട്ടതിെന കുറിച്ചും അന്നക്ക് ഏറെ പറയാനുണ്ട്. ജൂഡ് ആൻറണി ജോസഫിെൻറ സംവിധാനത്തിൽ അന്ന ബെന്നും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സാറാസ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഒ.ടി.ടി റിലീസിങ് മുന്നിൽ കണ്ട് ഒരുക്കിയ ചിത്രം തന്നെയായിരുന്നു ഇത്. തിയറ്ററുകളിൽനിന്നും കിട്ടുന്നത്രയോ അതിലേറെയോ പ്രേക്ഷക സ്വീകാര്യതയും ഈ സിനിമയെ തേടിയെത്തി, നെഗറ്റിവും പോസിറ്റിവുമായ അഭിപ്രായങ്ങളും ചൂടൻ ചർച്ചകളും പിന്നാലെയുണ്ടായി.
ഒ.ടി.ടി കാലത്തിെൻറ അനിവാര്യത
കാലഘട്ടത്തിെൻറ അനിവാര്യതയാണ് ഒ.ടി.ടിയെന്നാണ് അന്നയുടെ വിലയിരുത്തൽ. സിനിമയുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും ഉപജീവനം നടത്തുന്ന ആയിരക്കണക്കിനാളുകൾക്കുള്ള പിടിവള്ളിയാണ് സിനിമ റിലീസിങ്ങുകൾ. ചിത്രീകരണാനുമതി കിട്ടുന്നതു തന്നെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാവുമ്പോൾ, ചിത്രീകരണമുൾപ്പടെ എല്ലാ ജോലിയും തീർന്നിരിക്കുന്ന സിനിമകൾ എത്രകാലത്തേക്കെന്നു വെച്ചാണ് റിലീസിങ് നീട്ടുന്നത്. തിയറ്ററുകളിലെ വൈബും എക്സ്പീരിയൻസും ഒന്നു വേറെതന്നെയാണെങ്കിലും കോവിഡ് കാലം കഴിയും വരെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമകൾ കൂടുതലായി പ്രദർശിപ്പിക്കണം. തിയറ്ററിലെത്താൻ കഴിയാത്ത എല്ലാവർക്കും റിലീസിങ്ങിെൻറ അന്നു തന്നെ ചൂടോടെ സിനിമ കാണാനാവുന്നുവെന്നതു തന്നെയാണ് ഏറെ പ്രധാനം. പ്രായമായവർക്കും കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമെല്ലാം വീടിെൻറ സുരക്ഷിതത്വത്തിൽ തീരെ ചെറിയൊരു തുക മുടക്കി സിനിമകൾ കാണാം. സാധാരണഗതിയിൽ തിയറ്റർ റിലീസിങ് വൈകുന്ന രാജ്യങ്ങളിൽ പോലും ഒരേസമയം ഒ.ടി.ടിയിലൂടെ സിനിമകൾ ആസ്വദിക്കാമെന്ന ഗുണവുമുണ്ട്. തിയറ്ററുകളുൾെപ്പടെ പൊതുഇടങ്ങൾ ഒട്ടും സുരക്ഷിതമല്ലാത്ത വർത്തമാന കാലത്ത് സ്വന്തം വീടൊരു തിയറ്ററായും മൊബൈൽ സ്ക്രീൻ വെള്ളിത്തിരയായും മാറുന്നത് മഹാമാരി തീർത്ത മാനസിക സംഘർഷങ്ങളിൽനിന്നൊരു വിടുതൽ നൽകാനും സഹായിക്കുന്നുണ്ട്.
അതിജീവനത്തിെൻറ പാതയിൽ മുന്നേറുന്ന കാലത്ത് ഒ.ടി.ടി റിലീസുകളിലൂടെയെങ്കിലും നല്ല ചിത്രങ്ങൾ കാണാനാവണം, അതിലുപരി ഈ കെട്ടകാലം എത്രയും പെട്ടെന്ന് അവസാനിച്ച് പഴയതു പോലെ ആളും ആരവവുമുള്ള തിയറ്റർ റിലീസുകൾ കൊണ്ട് നിറയണം. ഇങ്ങനെ കോവിഡ് കാലത്തും പ്രതീക്ഷകളും സ്വപ്നങ്ങളും ഏറെയാണ് അന്നക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.