വീണ്ടും ഒന്നിക്കുമോ റഹ്മാനും സൈറാ ബാനുവും? അനുരഞ്ജനത്തിന് ഇനിയും സാധ്യതയുണ്ടെന്ന് അഭിഭാഷക
text_fields29 വർഷം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്ന് സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ പ്രഖ്യാപിച്ചത് ഈയിടെയാണ്. ഭാര്യ സൈറാ ബാനുവുമൊത്ത് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ച ഇക്കാര്യം ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ഇരുവരും ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.
വിവാഹമോചന വാർത്തകൾക്ക് പിന്നാലെ അഭ്യൂഹങ്ങളും ഗോസിപ്പുകളും നിരവധിയുണ്ടായി. വ്യാചപ്രചാരണങ്ങൾക്കെതിരെ റഹ്മാൻ രംഗത്തെത്തുകയും ചെയ്തു. സൈറാ ബാനുവും റഹ്മാനെതിരായ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കുകയുണ്ടായി. റഹ്മാൻ വളരെ നല്ല മനുഷ്യനാണെന്നും മികച്ച വ്യക്തിത്വമാണെന്നും സൽപേര് കളങ്കപ്പെടുത്തുന്ന പ്രചരണങ്ങൾ ദയവായി നിർത്തണമെന്നുമായിരുന്നു സൈറയുടെ അഭ്യർഥന.
വിവാഹമോചന നീക്കങ്ങളുമായി രണ്ടുപേരും മുന്നോട്ടുപോകവേ, അനുരഞ്ജനത്തിന് ഇനിയും സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇവരുടെ അഭിഭാഷക വന്ദനാ ഷാ. വിക്കി ലാൽവാനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവേയായിരുന്നു അഭിഭാഷകയുടെ വാക്കുകൾ.
'എ.ആർ. റഹ്മാനും സൈറയും തമ്മിൽ അനുരഞ്ജനം സാധ്യമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ശുഭാപ്തിവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. നീണ്ടകാലത്തെ ദാമ്പത്യമായിരുന്നു ഇരുവരുടേതും. ഒരുപാട് ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. അവരുടെ സംയുക്ത പ്രസ്താവനയിൽ കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ, അനുരഞ്ജനം സാധ്യമല്ലെന്ന് ഞാൻ ഇപ്പോഴും പറയുന്നില്ല' - വന്ദനാ ഷാ പറഞ്ഞു.
റഹ്മാൻ വിശ്വാസവഞ്ചന കാണിച്ചതു കൊണ്ടാണ് വിവാഹമോചനം എന്ന പ്രചാരണം അസംബന്ധമാണെന്ന് വന്ദനാ ഷാ ചൂണ്ടിക്കാട്ടി. സൈറ പണത്തോട് ആർത്തിയുള്ള വ്യക്തിയുമല്ല. കുട്ടികൾ ആർക്കൊപ്പം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുത്തിട്ടില്ല. കുട്ടികളിൽ ചിലർ മുതിർന്നവരാണ്. ആരുടെയൊപ്പം നിൽക്കണമെന്ന് അവർക്ക് തീരുമാനിക്കാമെന്നും ഇവർ പറഞ്ഞു.
1995ലായിരുന്നു റഹ്മാൻ- സൈറാ ബാനു വിവാഹം. ഖദീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണിവർക്ക്. ദാമ്പത്യം 30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അത് സാധിച്ചില്ലെന്നും വിവാഹമോചന വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് റഹ്മാൻ പറഞ്ഞിരുന്നു. 'എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിലും ഞങ്ങൾ അർത്ഥം തേടുകയാണ്. തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" -റഹ്മാന്‍ എക്സ് പോസ്റ്റിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.