'കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തൂ'; വ്യാജവാർത്തയിൽ പ്രതികരിച്ച് എ. ആർ. റഹ്മാന്റെ മകൾ ഖദീജ
text_fieldsപിതാവിനെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തയിൽ പ്രതികരിച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ. വിവാഹമോചനത്തോട് അനുബന്ധിച്ച് റഹ്മാൻ സംഗീതത്തിൽനിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുക്കുന്നുവെന്ന വ്യാജവാർത്തയിലാണ് ഖദീജയുടെ പ്രതികരണം. "ദയവായി ഇത്തരം ഉപയോഗശൂന്യമായ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തൂ''എന്നാണ് എക്സിൽ കുറിച്ചത്. ഖദീജ റഹ്മാന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.
എ. ആർ റഹ്മാന്റേയും ഭാര്യ സൈറ ബാനുവിന്റേയും വിവാഹമോചന വാർത്തകൾക്ക് പിന്നാലെ അഭ്യൂഹങ്ങളും ഗോസിപ്പുകളും നിരവധി പ്രചരിച്ചിരുന്നു. അന്നും മാതാപിതാക്കളെ പിന്തുണച്ച് ഖദീജയും മറ്റു രണ്ട് സഹോദരങ്ങളായ എ.ആർ. അമീൻ, റഹീമ എന്നിവരും എത്തിയിരുന്നു.
'എന്റെ പിതാവ് ഒരു ഇതിഹാസമാണ്. അദ്ദേഹം നൽകിയ അവിശ്വസനീയമായ സംഭാവനകൾ കൊണ്ടു മാത്രമല്ല, വർഷങ്ങളായി അദ്ദേഹം ആർജിച്ച മൂല്യങ്ങളും ആദരവും സ്നേഹവുമൊക്കെ അതിന് തെളിവാണ്. വ്യാജവും അടിസ്ഥാനരഹിതവുമായ കിംവദന്തികൾ പ്രചരിക്കുന്നത് ഏറെ നിരാശാജനകമാണ്. ഒരാളുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് സംസാരിക്കുമ്പോൾ സത്യത്തിന്റെ ആദരവിന്റെയും പ്രാധാന്യം മറക്കരുത്. അത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും ദയവായി വിട്ടുനിൽക്കണം. അദ്ദേഹത്തിന്റെ അന്തസ്സും നമ്മിൽ അദ്ദേഹം ചെലുത്തിയ അതിശയകരമായ സ്വാധീനവും നമുക്ക് ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യാം’ -എന്നാണ് മകൻ അമീൻ പറഞ്ഞത്.
‘കിംവദന്തികൾ വെറുപ്പുള്ളവരാണ് കൊണ്ടുനടക്കുന്നത്. പ്രചരിപ്പിക്കുന്നത് വിഡ്ഡികൾ. സ്വീകരിക്കുന്നത് മൂഢന്മാർ' എന്നായിരുന്നു റഹീമ റഹ്മാന്റെ വാക്കുകൾ.
സൈറയുടെ അഭിഭാഷകയാണ് വാർത്തക്കുറിപ്പിലൂടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ റഹ്മാനും വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണം നടത്തി. 'മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ, എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" റഹ്മാൻ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.