അരുണ,സിനിമയെ തേടിയ തീർഥാടക
text_fieldsപാലക്കാട്: ഭാഷയുടെയും കാലത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച ദേശാടനമായിരുന്നു അരുണ വാസുദേവിന് സിനിമ. നല്ല സിനിമകൾ തേടി അവർ ചെന്നെത്താത്ത ചലച്ചിത്രോത്സവങ്ങളില്ല. ഇന്ത്യൻ സിനിമയുടെ വികാസത്തിെൻറ ഓരോ ഘട്ടത്തിലും കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇന്ത്യയിലാദ്യമായി സിനിമയെക്കുറിച്ച് ഇറങ്ങിയ ആധികാരിക പുസ്തകങ്ങൾ ഇവരുടെതാണ്. കാൻസ്, ലോക്കർനോ എന്നിവയുൾപ്പെടെ 40 ഓളം മികച്ച ചലച്ചിത്രോത്സവങ്ങളുടെ അന്താരാഷ്ട്ര ജൂറി അംഗമായിരുന്നു. 70കളിലും 80കളിലും സജീവമായ സിനിമ പ്രസിദ്ധീകരണമായ ‘സിനിമായ’യുടെയും ‘സിനി ദർബാർ’ സിനിമ കൂട്ടായ്മയുടെയും അമരക്കാരിയായിരുന്നു. മാധ്യമപ്രവർത്തക, നിരൂപക, എഴുത്തുകാരി, ചിത്രകാരി, ഡോക്യുമെന്ററി സംവിധായിക എന്നീ മേഖലകളിൽ ജീവിതാവസാനം വരെ തിളങ്ങിനിന്നു.
ഏഷ്യൻ സിനിമയുടെ മാതാവ് എന്നറിയപ്പെടുന്ന അരുണ വാസുദേവിന് മലയാള സിനിമയുമായി ഹൃദയബന്ധമേറെയായിരുന്നു. ‘സിനിമായ’ക്കുവേണ്ടി സംവിധായകൻ അരവിന്ദനെ അഭിമുഖം ചെയ്യാൻ വർഷങ്ങൾക്കുമുമ്പ് കേരളത്തിലെത്തി. അരവിന്ദനുമായും അടൂർ ഗോപാലകൃഷ്ണനുമായും ഏറെ അടുപ്പം സുക്ഷിച്ചിരുന്നു. മുമ്പ് സൗഹൃദം സൂക്ഷിച്ചിരുന്നവർ പലരും മരിച്ചുപോയെന്ന് നാലുവർഷം മുമ്പ് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തിയപ്പോൾ ‘മാധ്യമം’ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. ഏഷ്യൻ ചലച്ചിത്രോത്സവമായ ‘സിനിഫാൻ ഫിലിം ഫെസ്റ്റിവ’ലിന് ഡൽഹി വേദിയായപ്പോൾ അതിനു പിന്നിലെ പെൺകരുത്തായിരുന്നു അരുണ. ഏഷ്യൻ സിനിമപ്രവർത്തകരുടെ കൂട്ടായ്മയായ ‘നെറ്റ്പാക്കി’ന് രൂപം നൽകിയതും ഇവർതന്നെ.
പാരിസ് ഫിലിം സ്കൂളിൽ പഠിക്കണമെന്ന മോഹത്തിന് യു.എന്നിലെ ഉദ്യോഗസ്ഥനായ പിതാവിൽനിന്ന് സമ്മതം ലഭിച്ചതാണ് അരുണയെ സിനിമലോകത്ത് എത്തിച്ചത്. പഠനശേഷം ഡോക്യുമെന്ററി സംവിധായികയായി. പാരിസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് ഫിലിം സ്റ്റഡീസിൽ പിഎച്ച്.ഡി ചെയ്തു. ‘ദ ഫസ്റ്റ് റിയൽ ബുക് ഇൻ ഇന്ത്യൻ സിനിമ’ എന്നറിയപ്പെടുന്ന ‘ലിബർട്ടി ആൻഡ് ലൈസൻസ് ഇൻ ഇന്ത്യൻ സിനിമ’ എന്ന പുസ്തകമെഴുതി.
കുമാർ സാഹ്നി, മണി കൗൾ എന്നിവരുമായുള്ള സൗഹൃദമാണ് സിനിമ എഴുത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് അവർ ഓർമിച്ചിരുന്നു. 1999ലാണ് ഇവരുടെ നേതൃത്വത്തിൽ ഏഷ്യൻ സിനിമകളുടെ ആദ്യ ഫിലിം ഫെസ്റ്റിവലായ സിനിഫാൻ അഥവാ സിനിമായ ഫെസ്റ്റിവൽ ഓഫ് ഏഷ്യൻ സിനിമ തുടങ്ങിയത്. പിന്നീട് ഓഷ്യൻസ് സിനിഫാൻ ഫെസ്റ്റിവലായി. സ്റ്റാർ ഓഫ് ഇറ്റാലിയൻ സോളിഡാരിറ്റി, ഫ്രാൻസിൽ നിന്നുള്ള ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് എന്നീ പദവികൾ ലഭിച്ചു. സത്യജിത് റായി അവാർഡ് ഉൾപ്പെടെ പുരസ്കാരങ്ങൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.