ആര്യൻ ഇന്ന് ജയിൽമോചിതനാകും; ഷാരൂഖ് ആർതർ റോഡ് ജയിലിലേക്ക് പുറപ്പെട്ടു
text_fieldsമുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഇന്ന് ജയിൽ മോചിതനാകും. വ്യാഴാഴ്ചയാണ് 23കാരന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്.
ജാമ്യ ഉത്തരവിന്‍റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഷാരൂഖ് ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നിന്നും ആർതർ റോഡ് ജയിലിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നു.
ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗളയാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകിയത്. ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ബോണ്ട് ഒപ്പിട്ടുനല്‍കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, ഷാരൂഖിെൻറ അടുത്ത സുഹൃത്തായ ജൂഹി, അദ്ദേഹത്തിെൻറ പ്രയാസകാലത്ത് പ്രതികരിക്കുന്നില്ല എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് അവർ കോടതിയിൽ എത്തിയത്.
14 കർശന വ്യവസ്ഥകളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിൽ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല. കേസുമായ ബന്ധപ്പെട്ട് മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്.
മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. സമാനരീതിയിലുള്ള കേസുകളിൽ ഉൾപ്പെടരുത്. കേസിൽ വിചാരണ ആരംഭിച്ചാൽ വൈകിപ്പിക്കാനാകില്ല. കൂടെ ഒരു ലക്ഷം രൂപ കെട്ടി വെക്കണമെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നുണ്ട്. ഇതിൽ ഏതെങ്കിലും ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാൻ എൻസിബിക്ക് കോടതിയെ സമീപിക്കാം.
മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടിയത്. ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.