'ഈ പുസ്തകം ഒരുപാട് പ്രിയപ്പെട്ടത്, എന്റെ ഉമ്മ എഴുതിയതാണിത്'; ഷാർജയിൽ പുസ്തകപ്രകാശനത്തിന് ക്ഷണിച്ച് ആസിഫ് അലി
text_fieldsതന്റെ ജീവിതത്തിലെ അപൂർവ്വ ഭാഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ നടൻ ആസിഫ് അലി. തന്റെ ഭാര്യാമാതാവ് മുംതാസ് ആസാദിന്റെ ആദ്യപുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങുകയാണെന്ന് നടൻ പറയുന്നു. 'എന്നും മായാതെ' എന്നാണ് പുസ്തകത്തിന്റെ പേര്. ആസിഫിന്റെ ഭാര്യ സമയുടെ ഉമ്മയാണ് മുംതാസ് ആസാദ്. സമൂഹമാധ്യമത്തിലാണ് ആസിഫ് പുസ്തക പ്രകാശന വിവരം പങ്കുവച്ചത്.
'നമസ്കാരം....ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ ഞാനൊരു പുസ്തകം പ്രകാശനം ചെയ്യുന്നു. ഈ പുസ്തകം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്, കാരണം എന്റെ ഉമ്മ എഴുതിയതാണ് ഈ പുസ്തകം. ഉമ്മ പലപ്പോഴായി കുറിച്ചുവെച്ച കുഞ്ഞുകുഞ്ഞു കാര്യങ്ങളും ചിന്തകളും കഥകളുമാണ് ബുക്കിലുള്ളത്. 'എന്നും മായാതെ' എന്ന പുസ്തകം പുറത്തിറക്കുന്നത് ലിപി പബ്ലിക്കേഷൻസ് ആണ്.
അഞ്ചാം തീയതി വെള്ളിയാഴ്ച രാത്രി 9.30ന് നടക്കുന്ന ഈ ചടങ്ങിലേക്ക് നിങ്ങൾ ഏവരെയും സ്നേഹത്തോടെ ഞാൻ ക്ഷണിക്കുന്നു! വലിയ സ്വപ്നങ്ങൾ ഉയർന്നുനിൽക്കുന്ന നാട്ടിൽ വച്ച് ഉമ്മയുടെ സ്വപ്നം വെളിച്ചത്തിലേക്ക് വരികയാണ്. വായനക്കാരുടെ മനസ്സുകളിൽ ഈ പുസ്തകം എന്നും മായാതെ നിൽക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു'-ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ആസിഫ് സിനിമാഭിനയം തുടങ്ങിയത്. ഇന്ന് യുവ നടന്മാർക്കിടയിൽ ശ്രദ്ധേയമായ സ്ഥാനം നേടാൻ ആസിഫിനായിട്ടുണ്ട്.
ഷാർജ പുസ്തകോത്സവം
അറബ് മേഖലയിലെ സാംസ്കാരിക വസന്തമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. 1982ൽ അൽഖാനിലെ പഴയ വേൾഡ് എക്സ്പോ സെൻററിലാണ് ഷാർജ പുസ്തകോത്സവം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ അക്ഷര പൂരമാണ് ഇന്ന് ഷാർജ പുസ്തകോത്സവം. െഎക്യരാഷ്ട്ര സഭ എജ്യുക്കേഷനൽ, സയൻറിഫിക് ആൻറ് കൾചറൽ ഓർഗനൈസേഷൻ (യുനെസ്കോ) ലോകപുസ്തക തലസ്ഥാന പദവി നൽകിയാണ് പോയവർഷം ഷാർജയെ ആദരിച്ചത്.
ഗാന്ധിയുടെയും ബഷീറിെൻറയും എം.ടിയുടേതുമെല്ലാം കൃതികൾ അറബിയിൽ ധാരാളം വായിക്കപ്പെടുന്നുണ്ട്. വിവർത്തന സാഹിത്യത്തിന് എല്ലാവർഷവും ഷാർജ പുരസ്കാരങ്ങൾ നൽകുന്നുണ്ട്. നവംബർ മൂന്നുമുതൽ 13 വരെ നടക്കുന്ന മേളയിൽ 83 രാജ്യങ്ങളിൽ നിന്നുള്ള 1,576 പ്രസിദ്ധീകരണശാലകൾ പങ്കെടുക്കുന്നുണ്ട്. ഇത്തവണ നൂറിലധികം മലയാള പുസ്തകങ്ങളാണ് ഇന്ത്യൻ പവലിയനകത്തെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.