'ഞാൻ എന്താ പറയുക നിങ്ങളോട്'... മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പരസ്പരം കെട്ടിപ്പിടിച്ച് ആസിഫ് അലിയും രമേശ് നാരായണനും
text_fieldsമുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പരസ്പരം കെട്ടിപ്പിടിച്ച് നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേശ് നാരായണനും. എം ടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിലെ ആസിഫ് അലിയോടുള്ള രമേശ് നാരായണന്‍റെ പെരുമാറ്റം വലിയ വിവാദം ആയിരുന്നു. ഇപ്പോഴിതാ ഇരുവരും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.'ഞാൻ എന്താ പറയുക നിങ്ങളോട്' എന്ന് ആസിഫ് സ്നേഹപൂർവ്വം രമേശ് നാരായണനോട് ചോദിക്കുന്നതും വിഡിയോയിൽ ഉണ്ട്.
നടനെ അപമാനിച്ച രമേശ് നാരായണന്‍റെ പ്രവൃത്തിയിൽ വ്യാപക വിമർശനമാണ് അന്ന് ഉയർന്നത്. രമേശ് നാരായണനെ വിമർശിച്ചുകൊണ്ട് സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ രമേശ് നാരായണൻ വിശദീകരണം നൽകിയിരുന്നു. ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ കിട്ടുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്നും തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ വിദ്വേഷ പ്രചാരണമാകരുതെന്നുമായിരുന്നു ആസിഫ് പ്രതികരിച്ചത്. അദ്ദേഹം അനുഭവിക്കുന്ന വേദന തനിക്ക് മനസ്സിലാകും. താനും സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ്. എന്നാൽ തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണ്. പരസ്യമായി ഒരിക്കലും അത് പ്രകടിപ്പിക്കാറില്ലെന്നും നടൻ സൂചിപ്പിച്ചു.
രമേശ് നാരായണനുമായി ഫോണിൽ സംസാരിച്ചു. സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹം ഒരുപാട് പിരിമുറുക്കങ്ങളുടെ നടുവിലായിരുന്നുവെന്നും ആസിഫ് വ്യക്തമാക്കി. അദ്ദേഹത്തിൽ നിന്നുണ്ടായ സ്വാഭാവികമായ പ്രതികരണമായിരുന്നു അത്. മനഃപൂർവം ചെയ്തതല്ല. മതപരമായി പോലും തെറ്റായ പ്രചാരണം നടന്നു. അതുമൂലം അദ്ദേഹത്തിനും അദ്ദേഹത്തിന് ചുറ്റിലുമുണ്ടാകുന്നവർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്ന് നമുക്ക് മനസിലാക്കാൻ കഴിയില്ല. അദ്ദേഹത്തെ കൊണ്ട് മാപ്പു പറയിപ്പിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കരുതായിരുന്നുവെന്നും ആസിഫ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.