കങ്കണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന്; പൊലീസിൽ പരാതി നൽകി അസം കോൺഗ്രസ്
text_fieldsഗുവാഹത്തി: സ്വാതന്ത്ര്യസമരത്തിനും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കുമെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിന് ബോളിവുഡ് നടി കങ്കണ റണാവാത്തിനെതിരെ പരാതി നൽകി അസം കോൺഗ്രസ്. ഗുവാഹത്തിയിലെ ദിസ്പൂർ െപാലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
കങ്കണക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം പൊലീസ് ഇതുവരെ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കഴിഞ്ഞദിവസങ്ങളിലായി നിരവധി വിവാദപരാമർശവുമായി രംഗത്തെത്തുകയായിരുന്നു കങ്കണ. സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങിനും മഹാത്മാഗാന്ധിയിൽനിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും ഗാന്ധിജിയുടെ അഹിംസ മന്ത്രം ഇന്ത്യക്ക് നേടിത്തന്നത് സ്വാതന്ത്ര്യമല്ല ഭിക്ഷയാണെന്നും കങ്കണ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അടച്ചാക്ഷേപിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം കിട്ടിയതെന്ന കങ്കണയുടെ മുൻ പരാമർശത്തിനെതിരായ പ്രതിഷേധം ശക്തമായതിനിടെയായിരുന്നു മഹാത്മാഗാനിക്കെതിരായ പരാമർശം. നിങ്ങളുടെ ആരാധ്യ പുരുഷനെ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കണമെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ പറയുന്നു. 'നേതാജിയെ കൈമാറാൻ ഗാന്ധിയും മറ്റുള്ളവർക്കൊപ്പം നിന്നു' എന്ന ശീർഷകത്തിലുള്ള പഴയ പത്ര ക്ലിപ്പിങ്ങും കങ്കണ പങ്കുെവച്ചു.
സുഭാഷ്ചന്ദ്രബോസ് രാജ്യത്തെത്തിയാൽ പിടിച്ചുനൽകാമെന്ന് ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും മുഹമ്മദാലി ജിന്നയും ബ്രിട്ടീഷ് ജഡ്ജിയുമായി ധാരണയിലെത്തിയിരുന്നെന്ന് ആ പത്ര റിപ്പോർട്ട് പറയുന്നു. 'നിങ്ങള്‍ ഗാന്ധി ആരാധകനോ, അതോ നേതാജി അനുകൂലിയോ? നിങ്ങള്‍ക്ക് രണ്ടുപേരെയും ഒരുപോലെ അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തിരഞ്ഞെടുക്കൂ തീരുമാനിക്കൂ' -സസ്പെൻഡ് ചെയ്ത ട്വിറ്റർ അക്കൗണ്ടിലെ പത്ര ക്ലിപ്പിങ്ങിെൻറ കാപ്ഷനിൽ ആരോപിക്കുന്നു.
ഒരു കവിളത്തടിച്ചാല്‍ മറുകരണം കാണിച്ചു കൊടുക്കണമെന്ന് നമ്മെ പഠിപ്പിച്ചവരിൽ ഒരാളാണ് ഗാന്ധിജി. ഇതുകൊണ്ട് എങ്ങനെ സ്വാതന്ത്ര്യം കിട്ടും. ഇങ്ങനെ കിട്ടുന്നത് സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.