അന്ന് ആരാധകൻ, ഇന്ന് ആസ്ട്രേലിയൻ മന്ത്രി; മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തി ജിൻസൻ
text_fieldsമമ്മൂട്ടിയും ജിന്സൻ ആന്റോ ചാള്‍സും കണ്ടപ്പോൾ
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ആരാധകനും ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവർത്തകനുമായ യുവാവ് ഇന്ന് ആസ്ട്രേലിയയിലെ മന്ത്രിയായി നടന് മുന്നിൽ വന്നു നിന്നപ്പോൾ ഒപ്പമുള്ളവർ സാക്ഷിയായത് അപൂർവ കൂടിക്കാഴ്ചക്ക്. ആസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ആദ്യ മന്ത്രിയും കോട്ടയം പാലാ സ്വദേശിയുമായ ജിന്സൻ ആന്റോ ചാള്‍സാണ് മമ്മൂട്ടിയെ കാണാനെത്തിയത്. കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു കണ്ടുമുട്ടൽ.
ആസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ മന്ത്രിയായി ചുമതലയേറ്റശേഷം കുറച്ചുദിവസമായി നാട്ടിലുണ്ടായിരുന്ന ജിന്സന് തിരികെ മടങ്ങുന്ന ദിവസമാണ് നടനെ കാണാനെത്തിയത്. ആസ്ട്രേലിയന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക കത്ത് ജിന്സൻ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ ക്ഷണം താരം ഹൃദയപൂര്‍വം സ്വീകരിച്ചു. ചെറിയ കാലംകൊണ്ട് ഭിന്നമേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റൊരു രാജ്യത്തിന്റെ ഭരണതലപ്പത്തേക്ക് എത്തിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
‘നമ്മുടെ ഫാന്‍സിന്റെ പഴയ ആളാ...’ എന്നാണ്, മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനിലെ സജീവസാന്നിധ്യം കൂടിയായിരുന്ന ജിൻസനെ കണ്ടപ്പോൾ നടൻ ചുറ്റും നിന്നവരോടായി പറഞ്ഞത്. ആസ്ട്രേലിയയിലേക്ക് കൊച്ചിയില്‍നിന്ന് നേരിട്ട് വിമാനസര്‍വിസ് തുടങ്ങുന്നതിന് സര്‍ക്കാറിനെക്കൊണ്ട് പറ്റുന്നത് ചെയ്യണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
ജീവിതത്തില്‍ ഏറെ കടപ്പാടും സ്നേഹവുമുള്ള മനുഷ്യനാണ് മമ്മൂട്ടിയെന്നും നടനപ്പുറം ലോകമറിയാതെ അദ്ദേഹം ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമായതെന്നും ജിന്സന് ചാള്‍സ് പ്രതികരിച്ചു.
പ്രവാസി മലയാളികൾക്കും അവരുടെ നാട്ടിലെ മാതാപിതാക്കൾക്കുമായി ഫാമിലി കണക്ട് പദ്ധതി കെയർ ആൻഡ് ഷെയർ ആരംഭിച്ചപ്പോൾ ജിൻസനായിരുന്നു പദ്ധതിയുടെ പ്രധാന സംഘാടകൻ. ഫാമിലി കണക്ട് പദ്ധതിയുടെ ആസ്ട്രേലിയൻ കോഓഡിനേറ്റർ ആയിരിക്കുമ്പോഴാണ് ജിൻസനെ ലിബറൽ പാർട്ടി അവരുടെ സ്ഥാനാർഥിയായി നിശ്ചയിക്കുന്നത്.
ഇനിയും ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിന്‍സനെ മമ്മൂട്ടി യാത്രയാക്കിയത്.
നിര്‍മാതാവ് ആന്റോ ജോസഫ്, കെയർ ആൻഡ് ഷെയർ ഡയറക്ടറും മമ്മൂട്ടിയുടെ മാനേജരുമായ ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.