സെയ്ഫ് അലി ഖാൻ സമ്മാനിച്ച തുക എത്രയെന്ന് വെളിപ്പെടുത്താതെ ഓട്ടോ ഡ്രൈവർ; ‘ആ നിമിഷം എന്റെ ജീവിതം മാറ്റിമറിച്ചു’
text_fieldsമുംബൈ: മോഷ്ടാവിന്റെ കുത്തുകളേറ്റ് ഗുരുതരാവസ്ഥയിലായ തന്നെ ഉടനടി ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ ആശുപത്രിയിൽ നാലുദിവസത്തെ ചികിത്സക്കുശേഷം താരം കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്. തന്റെ ജീവൻ രക്ഷിച്ച ഭജൻ സിങ് റാണയോട് നന്ദി പറഞ്ഞ സെയ്ഫ് അലി ഖാൻ സാമ്പത്തിക സഹായവും അയാൾക്ക് നൽകി. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ റാണ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉത്തർഖണ്ഡ് സ്വദേശിയാണ് റാണ. സെയ്ഫ് അലി ഖാൻ അരലക്ഷം രൂപയാണ് ഇയാൾക്ക് സമ്മാനിച്ചതെന്ന് പ്രചരിക്കുന്നുണ്ട്. എന്നാൽ, താരം നൽകിയ തുക എത്രയാണെന്ന് വെളിപ്പെടുത്താൻ റാണ തയാറായിട്ടില്ല.
‘ഞാൻ അദ്ദേഹത്തിന് ഒരു ഉറപ്പ് നൽകിയിട്ടുണ്ട്. അതിൽ വിട്ടുവീഴ്ച ചെയ്യില്ല. ജനങ്ങൾ അവർക്ക് തോന്നിയ പോലെ ഊഹിച്ചോട്ടെ’ -സെയ്ഫ് അലി ഖാൻ നൽകിയ തുക എത്രയാണെന്ന ചോദ്യത്തിന് റാണയുടെ മറുപടി ഇതായിരുന്നു. അദ്ദേഹം അരലക്ഷമോ ഒരു ലക്ഷമോ നൽകിയെന്നൊക്കെ ജനങ്ങൾ പറയുന്നുണ്ട്. തുക ഞാൻ പക്ഷേ, വെളിപ്പെടുത്തില്ല. നൽകിയത് എത്രയെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് നൽകിയ വാക്കിൽ ഞാൻ ഉറച്ചുനിൽക്കും. അത് എത്ര തുകയായാലും ഞാനും അദ്ദേഹവും തമ്മിൽ മാത്രമുള്ള കാര്യമാണ്’ -റാണ വിശദീകരിച്ചു. അതേസമയം, സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ശേഷം സാമൂഹിക പ്രവർത്തകനായ ഫൈസാൻ അൻസാരി 11,000 രൂപ തനിക്ക് നൽകിയതായി റാണ വെളിപ്പെടുത്തി.
ഖറിലെ ഒറ്റമുറി ഫ്ലാറ്റിൽ മറ്റു നാലു പേർക്കൊപ്പമാണ് റാണയുടെ താമസം. 15 വർഷമായി അദ്ദേഹം മുംബൈയിൽ ഓട്ടോ ഓടിക്കുന്നു. പ്രതിമാസം 10,000 മുതൽ 20,000 രൂപ വരെയാണ് ഓട്ടോ ഓടിച്ച് റാണ സമ്പാദിക്കുന്നത്. പലപ്പോഴും രാത്രിയിലും ഓട്ടോ ഓടിക്കാറുണ്ട്. അങ്ങനെയൊരു ദിവസത്തിലാണ് സെയ്ഫിനെ ആശുപത്രിയിലെത്തിച്ചത്.
‘ജോലിസ്ഥലത്ത് അന്ന് എല്ലാം പതിവ് പോലെയായിരുന്നു. 15 വർഷത്തിനിടെ ഒരു സെലിബ്രിറ്റിയും എന്റെ ഓട്ടോയിൽ യാത്ര ചെയ്തിട്ടില്ല. അന്ന് സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ കൊണ്ടുപോയതിനുശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. ഇന്ന്, എല്ലാവരും എന്നെ തിരിച്ചറിയുന്നു.
ചൊവ്വാഴ്ച വൈകീട്ട് സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടതിനു പിന്നാലെ അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിക്കാൻ റാണക്ക് അവസരം ലഭിച്ചിരുന്നു. സെയ്ഫിന്റെ മാതാവും നടിയുമായ ഷർമിള ടാഗോറിന്റെ കാൽതൊട്ടു വന്ദിച്ചാണ് റാണ ആദരവു പ്രകടിപ്പിച്ചത്. താരകുടുംബത്തോടൊപ്പം ഫോട്ടോയെടുത്തും അവരുടെ സ്നേഹവാത്സല്യങ്ങൾക്ക് പാത്രമായും മറക്കാനാവാത്ത വേളകളായിരുന്നു അതെന്നും റാണ പറയുന്നു. ഖാനെ തന്റെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന വാർത്തക്കുപിന്നാലെ മാധ്യമങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമെല്ലാം നിരന്തരം ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും റാണ പറഞ്ഞു.
‘ചൊവ്വാഴ്ചയാണ് ഞാൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ ചെന്നുകണ്ടത്. തന്നെ ഉടനടി ആശുപത്രിയിലെത്തിച്ചതിന് നന്ദി പറയാനാണ് അദ്ദേഹം എന്നെ വിളിച്ചത്. അദ്ദേഹം എന്നെ അഭിനന്ദിച്ചു. അമ്മയെ എനിക്ക് പരിചയപ്പെടുത്തി. ഞാൻ അവരുടെ കാൽ തൊട്ടുവന്ദിച്ചു. അദ്ദേഹം എനിക്ക് പണം തന്നു. എനിക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം കൂടെ ഉണ്ടാകുമെന്നും പറഞ്ഞു’.
ജനുവരി 16ന് ബാന്ദ്രയിലെ 12-ാം നിലയിലുള്ള തന്റെ അപ്പാർട്ട്മെന്റിൽ കവർച്ചാ ശ്രമത്തിനിടെയാണ് 54 കാരനായ സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടത്. കഴുത്തിനും കൈക്കും പുറത്തും ആറു കുത്തുകളേറ്റ നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായ ശേഷമാണ് നടൻ സുഖം പ്രാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.