അശോകൻ ചേട്ടന് അരോചകമായി തോന്നിയിട്ടുണ്ടാകും; അതുകൊണ്ട് ഞാനൊരു തീരുമാനമെടുത്തു -അസീസ് നെടുമങ്ങാട്
text_fieldsനടൻ അശോകനെ ഇനി അനുകരിക്കില്ലെന്ന് നടനും മിമിക്രി കലാകാരനുമായ അസീസ് നെടുമങ്ങാട്. പഴഞ്ചൻ പ്രണയം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുപോലെ എല്ലാവരും പ്രതികരിച്ചാൽ അനുകരണം അവാസനിപ്പിക്കുമെന്നും നടൻ പറഞ്ഞു.
'അശോകേട്ടന്റെ ആ ഇന്റർവ്യു കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് അയച്ചു തന്നത്. ഇപ്പോള്‍ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു. ഇനി അദ്ദേഹത്തെ അനുകരിക്കില്ലെന്ന്.
കുറച്ച് ഓവറായി ചെയ്താൽ മാത്രമേ സ്റ്റേജിൽ ഇത്തരം പെർഫോമൻസുകൾ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ ഓഡിയൻസ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവറായി ചെയ്യണം. ടിവിയിൽ പക്ഷേ ഇത്രയും വേണ്ട. സിനിമയിൽ ഒട്ടും വേണ്ട.
എന്റെ സ്റ്റേജ് പെർഫോമൻസുകൾ ഇഷ്ടമാണെന്ന് അശോകൻ ചേട്ടൻ നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാൾക്ക് ഇഷ്ടമല്ലെങ്കിൽ അത് അപ്പോൾ നിർത്തണം. അത് സ്വന്തം കൂട്ടുകാരനാണെങ്കിൽ കൂടി. ഇനി മുതൽ അശോകൻ ചേട്ടനെ ഒരിടത്തും അനുകരിക്കില്ല. ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാൽ അനുകരണം നിർത്തും. വേറെയും മിമിക്രികളുണ്ടല്ലോ. ഇപ്പോൾ തന്നെ ഫിഗർ ഷോ ഔട്ടായിക്കൊണ്ടിരിക്കുകയാണ്. നല്ല സ്കിറ്റുകൾ തുടരും. ഞങ്ങൾ മിമിക്രിക്കാരാണ്'- അസീസ് നെടുമങ്ങാട് പറഞ്ഞു.
അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമരത്തിലെ രാഘവൻ എന്ന തന്റെ കഥാപാത്രത്തെ അസീസ് അനുകരിക്കുന്നതിൽ അശോകൻ വിയോജിപ്പ് പ്രകടിപ്പിച്ചത്. 'മിമിക്രിക്കാരിൽ നല്ലതു പോലെ ചെയ്യുന്നവരുമുണ്ട്. അതുപോലെ നമ്മളെ വളരെ മോശമായിട്ട് അനുകരിക്കുന്ന ആളുകളുമുണ്ട്. നമ്മളെ ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ഉള്ളതിന്റെ പത്ത് മടങ്ങ് കൂട്ടിയാണല്ലോ പലരും കാണിക്കുന്നത്. ‘അമരം’ സിനിമയിൽ ഞാനങ്ങനെ നോക്കിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. എവിടെയെങ്കിലും ഒരു മൈന്യൂട്ടായിട്ടുള്ള പോയിന്റിൽ പിടിച്ചിട്ടാണ് അവർ വലിച്ച് നീട്ടുന്നത്. മനഃപൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുമ്പോൾ ഒറിജിനൽ ആയിട്ടേ ചെയ്യുകയുള്ളൂ. അല്ലാതെ സ്ഥിരമായി തന്നെ ചെയ്യുന്ന പലരുമുണ്ട്. എനിക്ക് അത്രയും തോന്നുന്നില്ല. അസീസ് നന്നായിട്ട് മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്‌സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ല'- എന്നാണ് അശോകൻ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.