'തെറ്റായ തീരുമാനങ്ങളും പുതിയ അവസാനവും'; നിഗൂഢതയൊളിപ്പിച്ച പോസ്റ്റുമായി വീണ്ടും ശിൽപ ഷെട്ടി
text_fieldsമുംബൈ: നീലചിത്ര നിർമാണ വിതരണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതുമുതൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ബോളിവുഡ് താരമാണ് ശിൽപ ഷെട്ടി. രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ നിഗൂഢമായ പോസ്റ്റുകളിലൂടെ മനസുതുറക്കുകയായിരുന്നു താരം. അത്തരത്തിൽ ജീവിതത്തെക്കുറിച്ച് വീണ്ടുമൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ശിൽപ ഇപ്പോൾ. ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ പുസ്തകത്തിലെ ഒരു പേജാണ് താരം പങ്കുവെച്ചിരിക്കുന്നത്.
'ന്യൂ എൻഡിങ്സ് (പുതിയ അവസാനം)' എന്ന ചാപ്റ്ററിലെ കാൾ ബാർഡിന്‍റെ വാക്കുകളാണ് പോസ്റ്റ്. മോശം തീരുമാനങ്ങളെക്കുറിച്ചും പുതിയ അവസാനത്തെക്കുറിച്ചും കാൾ ബാർഡിന്‍റെ വാക്കുകളിലൂടെ വിവരിക്കുന്നു.
'ആർക്കും മടങ്ങിപ്പോയി പുതിയ തുടക്കമുണ്ടാക്കാൻ സാധിക്കില്ലെങ്കിലും, ഏതൊരാൾക്കും ഈ നിമിഷം മുതൽ പുതിയ തുടക്കമുണ്ടാക്കാനും ഒരു പുതിയ അവസാനം സൃഷ്ടിക്കാനും സാധിക്കും' - എന്ന വാക്കുകളാണ് ശിൽപ പങ്കുവെച്ചത്. 'ന്യൂ എൻഡിങ്സ് (പുതിയ അവസാനം)' എന്ന ചാപ്റ്ററിലാണ് ഈ വാക്കുകൾ.
'നമ്മുടെ തെറ്റായ തീരുമാനങ്ങളെക്കുറിച്ച്, തെറ്റുകളെക്കുറിച്ച്, സുഹൃത്തുക്കൾ വേദനിപ്പിച്ചതിനെക്കുറിച്ചെല്ലാം മനോവിശകലനം നടത്താൻ ധാരാളം സമയം ചെലവഴിക്കും. അത് ചുറുചുറുക്കുള്ള, ക്ഷമാശീലയായ, നല്ല സ്വഭാവത്തിനുടമയാണെങ്കിൽ മാത്രം. നമുക്ക് ഭൂതകാലത്തെ തിരുത്താനാകില്ല, അതുകൊണ്ടുതന്നെ അവ എത്ര വിശകലനം ചെയ്തിട്ടും കാര്യമില്ല' -ശിൽപ ഷെട്ടി പങ്കുവെച്ച പേജിൽ പറയുന്നു.
രാജ് കുന്ദ്ര അറസ്റ്റിലായതുമുതൽ നിഗൂഡമായ പോസ്റ്റുകളിലൂടെ മനസ് തുറക്കുന്ന വ്യക്തിയായി ശിൽപ മാറിയിരുന്നു. കുന്ദ്ര അറസ്റ്റിലായതിന് ശേഷവും ശിൽപ ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകൾ താരത്തിന്‍റെ വിവാഹമോചന സൂചനയാണെന്ന അഭിപ്രായങ്ങൾ പരന്നെങ്കിലും അതിനോടൊന്നും പ്രതികരിക്കാൻ ശിൽപ തയാറായിരുന്നില്ല.
ഭർത്താവിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശിൽപയെയും മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കേസുമായി നടിക്ക് ബന്ധമില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
നീലച്ചിത്ര നിർമാണ വിതരണവുമായി ബന്ധപ്പെട്ട് ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. രാജ് കുന്ദ്രക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസിന്റെ ഐ.ടി തലവനായ റയാൻ തോർപെയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 11 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതിൽ ഒമ്പതുപേർക്കെതിരെ പൊലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നു. രാജ് കുന്ദ്രക്ക് പുറമെ വിയാൻ ഇൻഡസ്ട്രീസ് ഐ.ടി തലവൻ റയാൻ തോർപെ, യഷ് താക്കൂർ, സന്ദീപ് ബക്ഷി എന്നിവർക്കെതിരെ ദിവസങ്ങൾക്ക് മുമ്പ് ഉപകുറ്റപത്രം സമർപ്പിച്ചിരുന്നു.
അശ്ലീല വിഡിയോകൾ നിർമിച്ച് ആപ്പുവഴി സമൂഹമാധ്യമങ്ങളിലൂടെ വിതരണം ചെയ്തുവെന്നതാണ് ഇവർക്കെതിരായ കേസ്. ഹോട്ട്ഷോട്സ് ആപ് വഴി നൂറിലധികം നീലചിത്രങ്ങൾ വിൽപന നടത്തിയതായി പൊലീസ് കെണ്ടത്തിയിരുന്നു. 20 ലക്ഷം പേരാണ് ഇതിന്‍റെ വരിക്കാർ.
കേസുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടിയുടെ മൊഴി പുറത്തായിരുന്നു. താൻ ജോലി തിരക്കുള്ള വ്യക്തിയാണെന്നും തെന്റ ഭർത്താവ് രാജ് കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ശിൽപയുടെ മൊഴി. '2015ലാണ് കുന്ദ്ര വിയാൻ ഇൻഡസ്ട്രീസ് ആരംഭിക്കുന്നത്. 2020 വെര ഞാനും അതിന്‍റെ ഡയറക്ടർമാരിൽ ഒരാളായിരുന്നു. പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ രാജിവെച്ചു. ഹോട്ട്ഷോട്ട്, ബോളിഫെയിം ആപ്പുകളെക്കുറിച്ച് എനിക്ക് അറിവില്ല. ഞാൻ എന്‍റെ ജോലിയുമായി തിരക്കിലായിരുന്നു. അതിനാൽ കുന്ദ്ര എന്താണ് ചെയ്തിരുന്നതെന്ന് അറിയില്ല' -ശിൽപ പറയുന്നു.
നീലച്ചിത്രറാക്കറ്റുമായി ബന്ധപ്പെട്ട ദൈനംദിന പ്രവർത്തനങ്ങൾക്കായി വിയാൻ എന്‍റർപ്രൈസസിന്‍റെ മുംബൈയിലെ ഓഫിസാണ് രാജ് കുന്ദ്ര ഉപയോഗിച്ചതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ സമൂഹമാധ്യമങ്ങളിൽ നീലചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ആപുകളാണ് ഹോട്ട്ഷോട്ടും ബോളിഫെയിമും. ശിൽപ ഷെട്ടി ഉൾപ്പെടെ 42 സാക്ഷിമൊഴികളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.