'സമാന്തരങ്ങൾ'ക്ക് മൂന്ന് ദേശീയ അവാർഡുകൾ ലഭിക്കുമായിരുന്നു, പാരവെച്ചത് മലയാളി -ബാലചന്ദ്ര മേനോൻ
text_fields'സമാന്തരങ്ങൾ' എന്ന ചിത്രത്തിന് മൂന്ന് ദേശീയ അവാർഡുകൾ ലഭിക്കേണ്ടതായിരുന്നെന്നും എന്നാൽ ഒരു മലയാളി പാരവെക്കുകയായിരുന്നെന്നും നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. തന്‍റെ യുട്യൂബ് ചാനലിലെ ഫിലിമി ഫ്രൈഡേ എന്ന സീരിസിൽ 'എന്നെ തകർത്ത നിമിഷം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ആ വർഷം ബാലചന്ദ്ര മേനോനും സുരേഷ് ഗോപിയും മികച്ച നടനുള്ള ദേശീയ പുരസ്കാരം പങ്കിട്ടിരുന്നു. കൂടാതെ, മികച്ച കുടുംബ ക്ഷേമ ചിത്രത്തിനുള്ള പുരസ്കാരവും അന്ന് 'സമാന്തരങ്ങൾ'ക്ക് ലഭിച്ചിരുന്നു. എന്നാൽ, മൂന്നാമത് ഒരു ദേശീയ പുരസ്കാരം കൂടി 'സമാന്തരങ്ങൾ'ക്ക് ലഭിക്കുമായിരുന്നെന്നും തന്നെ മാത്രമാണ് മികച്ച നടനായി ആദ്യം നിശ്ചയിച്ചിരുന്നതെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
അവാർഡ് നിശ്ചയിച്ച ജൂറി അംഗങ്ങളിലൊരാളായ ദേവേന്ദ്ര ഖണ്ഡേവാല അന്ന് പറഞ്ഞ കാര്യമാണ് ബാലചന്ദ്ര മേനോൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 'സമാന്തരങ്ങൾ മികച്ച ഫീച്ചർ ചിത്രമായും, മികച്ച സംവിധായകനായി നിങ്ങളെയും, മികച്ച നടന് പങ്കിടൽ ഇല്ലാതെ നിങ്ങളെ മാത്രവും തെരഞ്ഞെടുത്തിരുന്നു. എന്നാൽ ആ തീരുമാനവുമായി മുന്നോട്ടു പോകേണ്ട സമയം വന്നപ്പോൾ ജൂറി അംഗങ്ങളിൽ ഒരാൾ എതിർത്തു. അത് ആരാണെന്ന് തൽക്കാലം പറയുന്നില്ല, അത് ഒരു മലയാളി ആണെന്ന് ഖണ്ഡേവാല പറഞ്ഞു' -ബാലചന്ദ്ര മേനോൻ വിവരിക്കുന്നു.
അന്ന് കേന്ദ്രത്തിൽ മികച്ച നടനായ താൻ കേരളത്തിൽ വന്നപ്പോൾ മികച്ച നടൻ അല്ലാതായെന്നും, തനിക്കിട്ട് പണിഞ്ഞുകൊണ്ടിരിക്കുന്നത് ഒരുപാട് പേരുണ്ടെന്ന് അറിയാമെന്നും ആ പണി ഇന്നും നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
1998ൽ പുറത്തിറങ്ങിയ 'സമാന്തരങ്ങൾ' എന്ന ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും കഥയും സംഗീതവും അടക്കം ഒമ്പത് വിഭാഗങ്ങളാണ് ബാലചന്ദ്ര മേനോൻ നിർവഹിച്ചത്. അദ്ദേഹത്തിനൊപ്പം മാതു, രേണുക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.