രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്; രഞ്ജി പണിക്കർ ചിത്രങ്ങളോട് വിമുഖത പ്രകടിപ്പിച്ച് ഫിയോക്ക്
text_fieldsതിരക്കഥാകൃത്ത്, നടൻ, സംവിധായകൻ എന്നീ മേഖലകളിൽ മിന്നും താരമാണ് രഞ്ജി പണിക്കർ. സ്വന്തം നിലപാടുകൾ കൊണ്ട് രഞ്ജി പണിക്കർ എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരത്തിനെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്തെത്തിയിരിക്കുകയാണ്. രഞ്ജി പണിക്കർക്ക് വീണ്ടും തിയേറ്റർ ഉടമകൾ വിലക്കേർപ്പെടുത്തി. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ വിതരണക്കമ്പനി കുടിശിക നൽകാനുള്ളതിനാലാണ് വിലക്കേർപ്പെടുത്തിയതെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു.
കുടിശിക തീർക്കും വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വിലക്ക് നിലനിൽക്കെ തന്നെയാണ് അദ്ദേഹത്തിന്‍റെ സെഷൻ 306 ഐപിസി എന്ന സിനിമ തിയേറ്ററുകളിൽ എത്തിയത്. രഞ്ജി പണിക്കർ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തിൽ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങളോടാണ് തിയേറ്ററുടമകൾ വിലക്ക് ഏർപ്പെടുത്തിയത്.
'ഹണ്ട്' എന്ന ഷാജി കൈലാസ് ചിത്രമാണ് രഞ്ജി പണിക്കരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ഹൊറർ ത്രില്ലർ സിനിമയിൽ ഭാവനയാണ് പ്രധാന വേഷത്തിലെത്തുന്നത്. സുരേഷ് ഗോപി നായകനായെത്തിയ സൂപ്പഹിറ്റ് സിനിമ 'ലേലം2'വിന്റെ തിരക്കഥയുടെ പണിപ്പുരയിലുമാണ് രഞ്ജി പണിക്കർ. ഇതിന് പുറമേ ജീത്തു ജോസഫ് ചിത്രത്തിലും രഞ്ജി പണിക്കർ വേഷമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.