ബേസിലിന്റെ പത്തരമാറ്റ് ഷീൽഡ്
text_fields‘ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് തൊടുവെട്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരിപാടികളിലേക്ക് ഈ നാട്ടിലെ എല്ലാ കലാ-കായിക താരങ്ങളെയും സ്വാഗതം ചെയ്യുന്നു. വടംവലി, പൂക്കള മത്സരം, ബിസ്കറ്റ് കടി, ചാക്കിൽ തുള്ളൽ, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട് തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നു. വരൂ... കടന്നുവരൂ...പങ്കെടുക്കൂ... മത്സരിച്ച് സമ്മാനം നേടൂ’... റോഡിലൂടെ തലങ്ങും വിലങ്ങും അനൗൺസ്മെന്റ് വാഹനം കടന്നുപോകുമ്പോൾ വീട്ടിലിരുന്ന് ഇതുകേൾക്കുന്ന രണ്ടാം ക്ലാസുകാരനായ കൊച്ചു ബേസിലിന്റെ മനസ്സിലും ലഡു പൊട്ടി.
എല്ലാ ഇനത്തിലും മത്സരിച്ച് ഒന്നാംസമ്മാനം നേടണമെന്ന ആഗ്രഹം ഉള്ളിൽ വളർന്നു. മത്സരത്തിന്റെ രണ്ടു ദിവസം മുമ്പു തന്നെ പൂക്കളമത്സരത്തിനായി തൊടിയിലും റോഡ് വശങ്ങളിലും പൂക്കൾ തേടി ഇറങ്ങും. കൊങ്കിണി പൂവാണ് കൂടുതൽ ശേഖരിക്കുക. നുണ പറച്ചിൽ, ബിസ്കറ്റ് കടിക്കൽ, ചാക്കിൽ തുള്ളൽ, സിനിമാറ്റിക് ഡാൻസ് തുടങ്ങി എല്ലാ ഇനത്തിലും മത്സരിക്കാൻ പേരു നൽകും. ഇതിൽ പല ഇനത്തിലും മത്സരിച്ച് ഒന്നാംസ്ഥാനവും സ്വന്തമാക്കി. ‘പാര’യായി വീടിനടുത്തുള്ള ജസ്ന എന്ന പെൺകുട്ടിയും മത്സരത്തിൽ പങ്കെടുത്ത് പല ഇനങ്ങളിലും ഒന്നാംസ്ഥാനം നേടിയിരുന്നു.
മത്സരം കഴിഞ്ഞ് ഫലവും പ്രഖ്യാപിച്ചു. മികച്ച പ്രതിഭക്കുള്ള പോയന്റ് പരിശോധിച്ചപ്പോൾ ജസ്നനക്കും ബേസിലിനും തുല്യനില. അതോടെ സംഘാടകർ കുടുങ്ങി. സംഘാടകരുടെ കൈയിൽ ഒരൊറ്റ ഷീൽഡ് മാത്രമാണ് സമ്മാനിക്കാൻ ഉണ്ടായിരുന്നത്. രണ്ടു ജേതാക്കളും ഒരു ഷീൽഡും. ഒടുവിൽ കൂട്ടിയും കിഴിച്ചും അവസാനം അവർ ഒരു തീരുമാനത്തിലെത്തി. ടോസിട്ട് വിജയിയെ കണ്ടെത്താം. അങ്ങനെ നറുക്ക് വീണത് കൊച്ചു ബേസിലിനും. ടോസിട്ട് നേടിയ സമ്മാനവുമായി ബേസിൽ വീട്ടിലേക്ക് വെച്ചു പിടിച്ചു. ഇന്നും വീട്ടിലെ അലമാരയിൽ ഗാംഭീര്യത്തോടെ ഇരിക്കുന്നുണ്ട് ആ ഷീൽഡെന്ന് ബേസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.