എന്നെ സ്വാധീനിച്ചത് പത്മരാജന്‍റെയും ഭരതന്‍റെയും സിനിമകളല്ല, അത് ഇവരുടെയാണ്- ബേസിൽ ജോസഫ്
text_fieldsമലയാളികളുടെ പ്രിയനടനായും സംവിധായകനുമായെല്ലാം ഇടം നേടുന്ന താരമാണ് ബേസിൽ ജോസഫ്. ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ കഴിഞ്ഞ വർഷം ഭാഗമായ ബേസിൽ തന്നെ സ്വാധീനിച്ച സംവിധായകരെ കുറിച്ച് പറയുകയാണിപ്പോൾ. മലയാളത്തിലെ എക്കാലത്തെയും വലിയ ഫിലിം മേക്കർമാരായ ഭരതന്‍റെയും പത്മരാജന്‍റെയും സിനിമകൾ തന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ലെന്നും പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളാണ് കൂടുതൽ സ്വാധീനിച്ചതെന്നും ബേസിൽ പറഞ്ഞു.
'സംവിധാനം ചെയ്‌ത മൂന്ന് സിനിമകളും ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞു പോകുന്നത്. മനപൂർവം അങ്ങനെ ചെയ്യുന്നതല്ല. അത്തരം ഗ്രാമങ്ങളാണ് കഥ ഡിമാൻഡ് ചെയ്യുന്നത്. പക്ഷേ, മഹേഷിന്റെ പ്രതികാരത്തിൽ കാണുന്നതുപോലെ പക്കാ റിയലിസ്റ്റിക്കായിട്ടുള്ള കഥ പുൾ ഓഫ് ചെയ്യാൻ എനിക്ക് സാധിക്കില്ല. മുത്തശ്ശിക്കഥകളിലൊക്കെ കേൾക്കുന്നതുപോലെ സ്വല്പം കോമിക് ടച്ചുള്ള ഗ്രാമങ്ങളിൽ കഥ പറയാനാണ് എനിക്കിഷ്‌ടം. കുട്ടിക്കാലത്ത് വായിച്ച പുസ്‌തകങ്ങളും ചെറുപ്പത്തിൽ കണ്ട സിനിമകളും അതിന് സഹായിച്ചിട്ടുണ്ട്.
അതിൽ തന്നെ പ്രിയദർശൻ സാറിന്‍റെയും സത്യൻ അന്തിക്കാട് സാറിന്‍റെയു സിനിമകളാണ് കൂടുതൽ കണ്ടിട്ടുള്ളത്. ഭരതൻ സാറിന്റെയോ പത്മരാജൻ സാറിന്‍റെയോ സിനിമകൾ എന്നെ എക്സൈറ്റ് ചെയ്യിക്കാറില്ല. കിലുക്കം, ചിത്രം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, മനു അങ്കിൾ പോലുള്ള സിനിമകളാണ് എനിക്ക് ഇൻസ്പിറേഷൻ ആയിട്ടുള്ളത്. മിന്നൽ മുരളിയും ഗോദയും വേറൊരു പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകളായിരുന്നു. എന്നാൽ എന്‍റെ നിർബന്ധത്തിലാണ് അത് മാറിയത്,' ബേസിൽ ജോസഫ് പറഞ്ഞു.
കുഞ്ഞിരാമായാണം എന്ന ആദ്യ ചിത്രത്തിൽ തന്നെ മികച്ച ഇമ്പാക്ടുണ്ടാക്കാൻ സാധിച്ച സംവിധായകനാണ് ബേസിൽ ജോസഫ്. പിന്നീട് ഗോദ എന്ന സ്പോർട്സ് ഡ്രാമയും ഇറക്കി ബേസിൽ പ്രേക്ഷകരെ കയ്യിലെടുത്തു. ഒ.ടി.റിലീസായ മിന്നൽ മുരളി പാൻ ഇന്ത്യൻ ലെവലിൽ ചർച്ചയായതോടെ ബേസിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.