സൗമ്യയുടെ പ്രയത്നം ഫലം കണ്ടു; ദീപേഷ് ഭാനിന്റെ കടം വീട്ടിയെന്ന് ഭാര്യ
text_fieldsമുംബൈ: കോമഡി പരമ്പരയായ 'ഭാബിജി ഘർ പർ ഹെ'യിലൂടെ ആസ്വാദക ലക്ഷങ്ങളെ കീഴടക്കിയ ടെലിവിഷൻ താരം ദീപേഷ് ഭാൻ(41) അടുത്തിടെയാണ് അകാലത്തിൽ മരിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന ദീപേഷിന്റെ മരണം സീരിയൽ രംഗത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തുടർന്ന് ദീപേഷിന്റെ കുടുംബത്തെ സഹായിക്കാൻ 'ഭാബിജി ഘർ പർ ഹെ'യിലെ സഹതാരം സൗമ്യ ടണ്ടൻ ധനസമാഹരണം ആരംഭിച്ചിരുന്നു. 50 ലക്ഷം രൂപയാണ് സഹതാരം ദീപേഷിനായി സമാഹരിച്ചത്. വീടുവാങ്ങിയ വകയിൽ ദീപേഷിന് 50 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇത് വീട്ടാനായാണ് സൗമ്യ മുൻകൈ എടുത്തത്.
കഴിഞ്ഞ ദിവസം ദീപേഷിന്റെ ഭാര്യ മേഘ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ തങ്ങളുടെ കടം വീട്ടിയെന്ന് അറിയിച്ചു. തങ്ങളുടെ ഭവന വായ്പ്പ തിരിച്ചടച്ചതായി എല്ലാ ആരാധകരെയും അഭ്യുദയകാംക്ഷികളെയും അറിയിക്കുന്നതായി മേഘ പറഞ്ഞു. 18 മാസം പ്രായമുള്ള മകനാണ് മേഘക്കും ദീപേഷിനും ഉള്ളത്. ധന സമാഹരണത്തിന് മുൻകൈ എടുത്ത സൗമ്യക്ക് മേഘ നന്ദി അറിയിച്ചു. 'നിങ്ങൾ ഒരു മാലാഖയാണ്. ദൈവം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു'-മേഘ പറഞ്ഞു.
'ജൂലൈയിൽ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം, ഞാൻ മാനസികമായി വളരെയധികം അസ്വസ്ഥയായിരുന്നു. മാത്രമല്ല സാമ്പത്തികമായും ഞങ്ങൾ അരക്ഷിതാവസ്ഥയിൽ ആയിരുന്നു. ഈ വീടിന്മേൽ എനിക്ക് ഒരു വലിയ ലോൺ ഉണ്ടായിരുന്നു. അത് തിരിച്ചടയ്ക്കാൻ മാർഗമോ പിന്തുണയോ ഇല്ലായിരുന്നു. ആ സമയത്ത് സൗമ്യ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അവൾ എന്നെ വളരെയധികം സഹായിച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ ആ തുക തിരിച്ചടച്ചു'-വീഡിയോയിൽ മേഘ പറഞ്ഞു.
സൗമ്യ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് ധനസമാഹരണം നടത്തിയത്. 'ഞാൻ പ്രവർത്തിച്ച ഏറ്റവും മികച്ച സഹനടന്മാരിൽ ഒരാൾക്കുള്ള സഹായമാണിത്. ഓരോ ചെറിയ തുകയും വലുതാണ്'എന്നാണ് സൗമ്യ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരുന്നത്.
'ദീപേഷ് ഭാൻ ഇപ്പോൾ നമ്മോടൊപ്പമില്ല. പക്ഷേ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇപ്പോഴും നമ്മോടൊപ്പമുണ്ട്. സംസാരപ്രിയനായ അദ്ദേഹം കുടുംബത്തിന് വേണ്ടി വായ്പയെടുത്ത് വാങ്ങിയ വീടിനെ കുറിച്ച് പലപ്പോഴും പറയാറുണ്ടായിരുന്നു. അവന് ഒരു മകനുണ്ട്. പക്ഷേ അവൻ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ, അവന്റെ വീട് അവന്റെ മകന് തിരികെ നൽകിക്കൊണ്ട് നമുക്ക് അവനു പ്രതിഫലം നൽകാം'-വീഡിയോയിൽ സൗമ്യ പറഞ്ഞു.
ശരീരസൗന്ദര്യം നോക്കുന്നതിൽ കണിശക്കാരനായിരുന്ന ദീപേഷ് ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മിൽ ചെലവഴിച്ചിരുന്നു. ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ല. ഇടക്കാലത്ത് ശരീരഭാരം വർധിച്ചതിൽ ദീപേഷ് അസ്വസ്ഥനായിരുന്നു. ഇതോടെ ആഹാരം കുറയ്ക്കുകയും വ്യായാമത്തിന്റെ തോത് കൂട്ടുകയും ചെയ്‌തു. മണിക്കൂറുകൾ ജിമ്മിൽ ചെലവഴിച്ചശേഷം ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തിന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. ഇങ്ങിനെ ക്രിക്കറ്റ് കളിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.