വെള്ളിത്തിരയിലെ ക്രിക്കറ്റ് അമ്പയർ; ബോബി ഡിയോളിന്‍റെ മാരക അമ്പയറിങ് സ്റ്റെപ്പുകൾ ഹിറ്റ്
text_fieldsബോളിവുഡ് താരങ്ങളുടെ പഴയകാല ഗാനരംഗങ്ങളും മറ്റും പുതുതലമുറ മീമുകളിൽ സമന്വയിപ്പിക്കുന്നത് ഇന്‍റർനെറ്റിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇതിൽ ഏറ്റവും ഡിമാൻഡുള്ള താരങ്ങളിൽ ഒരാളാണ് ബോബി ഡിയോൾ.
ബോളിവുഡ് താരത്തിന്‍റെ മീമുകൾ പങ്കുവെക്കാൻ മാത്രമായി ബോബിവുഡ് എന്ന ട്വിറ്റർ അക്കൗണ്ട് തന്നെയുണ്ട്. ക്രിക്കറ്റ് അമ്പയർമാരെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ബോബി ഡിയോളിന്‍റെ ഡാൻസ് സ്റ്റെപ്പുകളാണിപ്പോൾ നെറ്റിസെൺസ് ഏറ്റെടുക്കുന്നത്.
അമ്പയർമാരുടെ സിഗ്നലുകൾ കാണിക്കുന്ന ബോബിയുടെ വിവിധ ചിത്രങ്ങളിൽ നിന്നുള്ള വിഡിയോ ശകലങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ വിഡിയോയാണ് ബോബിവുഡ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ വൈറലായത്.
ബൗണ്ടറിയോ, വൈഡോ, സിക്സോ, ഫ്രീ ഹിറ്റോ ഏതുമാകട്ടെ അതിനനുസരിച്ചുള്ള സ്റ്റെപുകൾ ബോബിയുടെ കൈയ്യിലുണ്ട്. മാർച്ച് 14ന് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. വിഡിയോക്ക് 8000 ലൈക്ക് ലഭിച്ചപ്പോൾ 2000 പേർ റീട്വീറ്റ് ചെയ്തു.
നേരത്തെ ചരിത്ര വിജയമായ 'എയർപോഡ്സ്' എന്ന ഓഡിയോ ഉൽപന്നത്തിലേക്ക് ആപ്പിളിനെ എത്തിച്ചത് ബോബി ഡിയോൾ അഭിനയിച്ച ഒരു ബോളിവുഡ് ചിത്രമാണെന്ന് 'ബോബിവുഡ്' അഭിപ്രായപ്പെട്ടിരുന്നു. 2008-ൽ റിലീസ് ചെയ്ത ബോബി ഡിയോൾ ചിത്രം 'ചംകു'-വിലെ രംഗത്തിന്‍റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തായിരുന്നു മീം.
'ലോർഡ് ബോബി 2008ൽ എയർപോഡ് ഉപയോഗിക്കുന്നു' - വയർലെസ് ബ്ലൂടൂത്ത് ഇയർപീസ് ധരിച്ചിരിക്കുന്ന ബോബിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് 'ബോബിവുഡ്' കുറിച്ചു. പിന്നാലെ, ട്വിറ്ററാട്ടികൾ രസകരമായ കമന്‍റുകളുമായെത്തി ട്വീറ്റ് വൈറലാക്കുകയും ചെയ്തു. ആപ്പിളിന് 'എയർപോഡ്സിന്റെ' ആശയം ലഭിച്ചത് ബോബി ഡിയോളിൽ നിന്നാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
'എയർബോബ്സ്' എന്നാണ് എയർപോഡ്സിന്റെ യഥാർഥ പേരെന്ന് മറ്റുചിലർ. ബോബി ഡിയോളിന് ചെയ്യാൻ സാധിക്കാത്ത എന്തെങ്കിലും ഈ ലോകത്തുണ്ടോ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.