നടൻ ശ്രീജിത്ത് രവിക്കെതിരെ മുമ്പും നഗ്നത പ്രദർശന പരാതിയും കേസും അറസ്റ്റും
text_fieldsതൃശൂർ: നടൻ ശ്രീജിത്ത് രവിക്കെതിരെ നഗ്നത പ്രദർശന പരാതിയും കേസും അറസ്റ്റും മുമ്പുണ്ടായിട്ടുണ്ട്. 2016ല്‍ ഒറ്റപ്പാലം പത്തിരിപ്പാലയിലായിരുന്നു സംഭവം. 14 വിദ്യാര്‍ഥികളാണ് അന്ന് പരാതി നല്‍കിയത്.
സ്കൂളിലേക്ക് സംഘമായി പോയ പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്ന് നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ബഹളം വെച്ചപ്പോൾ പെട്ടെന്ന് കാറോടിച്ച് പോയി. കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുക്കുകയുമായിരുന്നു. ഒറ്റപ്പാലം കോടതിയില്‍ 164 പ്രകാരം മൊഴിയും നല്‍കിയിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മാനസിക വൈകല്യമാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് പത്തിരിപ്പാലയിലെ പരാതി നല്കിയ കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് പറഞ്ഞു.
ബൈപോളാര്‍ ഡിസോര്‍ഡര്‍' രോഗിയെന്ന് വാദം
തൃശൂർ: കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിയെ റിമാൻഡ് ചെയ്തു. താൻ രോഗിയാണെന്നും ചികിത്സ നടക്കുന്നുണ്ടെന്നും രണ്ട് ദിവസമായി മരുന്ന് കഴിക്കാതിരുന്നതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദം തള്ളിയാണ് തൃശൂർ പോക്സോ കോടതി 14 ദിവസം റിമാൻഡിന് ഉത്തരവിട്ടത്. തൃശൂർ വെസ്റ്റ് പൊലീസാണ് വ്യാഴാഴ്ച രാവിലെ ശ്രീജിത്ത് രവിയെ വീട്ടിൽ നിന്നു അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നടന്റെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെയാണ് അറസ്റ്റിലേക്ക് വഴിയൊരുങ്ങിയത്.
ജൂലൈ നാലിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അയ്യന്തോൾ എസ്.എൻ. പാർക്കിന് സമീപത്ത് 14ഉം പത്തും വയസ്സുള്ള രണ്ട് കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ശേഷം അവിടെനിന്ന് പോയി. കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിച്ചു. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികൾ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കാറിനെക്കുറിച്ച് ലഭിച്ച സൂചനകളാണ് നിർണായകമായത്. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കി. രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ടുണ്ടായ പ്രശ്നമാണെന്നും ശ്രീജിത്ത് രവി ജാമ്യാപേക്ഷയിൽ വാദിച്ചു. അതിനായി മെഡിക്കൽ രേഖകളും ഹാജരാക്കി.
എന്നാൽ മെഡിക്കൽ രേഖകൾ വ്യാഴാഴ്ചത്തേതാണെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകൽ ആകുമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷൽ പ്രോസിക്യൂട്ടർ ലിജി മധു വാദിച്ചു. പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി 14 ദിവസം റിമാൻഡിന് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.