തന്‍റെ വാട്സ്ആപ് ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുന്നു, മറ്റു തെളിവുകളില്ല -ഹൈകോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ആര്യൻ
text_fieldsമുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തന്‍റെ വാട്സ്ആപ് ചാറ്റുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യൻ ഖാൻ ജാമ്യാപേക്ഷയിൽ. ബോംബെ ഹൈകോടതിയിൽ പുതുതായി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ആര്യന്‍റെ പരാമർശം.
തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യൻ പറഞ്ഞു. മയക്കുമരുന്ന് കേസിൽ ആര്യന് വേണ്ടി അഭിഭാഷകനായ സതീഷ് മനേഷിൻഡെയാണ് ഹാജരാകുന്നത്. വെള്ളിയാഴ്ച അടിയന്തരമായി ആര്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ആവശ്യവുമായി വ്യാഴാഴ്ച ജസ്റ്റിസ് എൻ.ഡബ്ല്യൂ. സാംബ്രേയുടെ സിംഗിൾ ബെഞ്ച് മുമ്പാകെ ഹരജി നൽകുകയായിരുന്നു. എന്നാൽ ഹരജി പരിഗണിക്കുന്നത് ബോംബെ ഹൈകോടതി ഒക്ടോബർ 26ലേക്ക് മാറ്റുകയായിരുന്നു.
ആര്യൻ ഖാന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ആര്യന് ജാമ്യം നിഷേധിച്ചത്.
ആര്യന്‍റെ സുഹൃത്തായ ബോളിവുഡ് താരം അനന്യ പാണ്ഡെയെ കഴിഞ്ഞദിവസങ്ങളിൽ എൻ.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യൻ ഖാന്‍റെ ഫോണിലെ രണ്ടുവർഷം പഴക്കമുള്ള വാട്സ്ആപ് ചാറ്റിന്‍റെ അടിസ്ഥാനത്തിലാണ് 22കാരിയായ അനന്യയെ എൻ.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും അനന്യയെ ചോദ്യം ചെയ്യും. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതാമാെണന്നായിരുന്നു അനന്യയുടെ പ്രതികരണം.
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ മൂന്നിനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. ആര്യന്‍റെ സുഹൃത്തുക്കളെയും പിടികൂടിയിരുന്നു. നിലവിൽ ആർതർ റോഡ് ജയിലിലാണ് ആര്യനും സുഹൃത്തുക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.