ചാൻഡ്ലർ, വി ലവ് യു ഫ്രൻഡ്
text_fields‘‘It’s always better to lie than to have a complicated discussion...’’ ചാൻഡ്ലർ തന്റെ ‘ഫ്രൻഡ്സ്’ സർക്കിളിൽ ഒരിക്കൽ പറഞ്ഞ വാചകമായിരുന്നു ഇത്. ജീവിതത്തിൽ പലവിധ ട്രോമകൾ അനുഭവിച്ച് മുന്നോട്ടുപോകുന്നവർക്ക് ആശ്വാസത്തിന്റെ രൂപമായിരുന്നു ചാൻഡ്ലർ ബിങ്ങും അവരുടെ ‘ഫ്രൻഡ്സ്’ സർക്കിളും. ഒരുപക്ഷേ, ലോകത്ത് ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു സിറ്റ്കോം സീരീസ് വേറെ ഒന്നുണ്ടാകില്ല. 1994 മുതൽ 2004 വരെ 10 സീസണുകളിലായി ഇറങ്ങിയ ‘ഫ്രൻഡ്സ്’ സീരീസിലെ ചാൻഡ്ലർ എന്ന കഥാപാത്രം മാത്യു പെറിക്ക് നേടിക്കൊടുത്തത് അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും വലിയ അംഗീകാരമായിരുന്നു. ചാൻഡ്ലർ ബിങ് എന്ന കഥാപാത്രത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ചിരി സമ്മാനിച്ച മാത്യു പെറി ഒടുവിൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ബാക്കിവെച്ച് കടന്നുപോയിരിക്കുന്നു.
1979ൽ ബാലതാരമായാണ് മാത്യു പെറി ടെലിവിഷൻരംഗത്ത് സാന്നിധ്യമറിയിക്കുന്നത്. നോട്ട് നെസെസറിലി ദ ന്യൂസ്, ചാൾസ് ഇൻ ചാർജ്, സിൽവർ സ്പൂൺസ്, ജസ്റ്റ് ദ ടെൻ ഓഫ് അസ്, ഹൈവേ ടു ഹെവൻ തുടങ്ങിയ ഷോകളിലൂടെ മാത്യു പെറി പിന്നീട് ശ്രദ്ധേയനായി. 1987ൽ ‘ബോയ്സ് വിൽ ബി ബോയ്സ്’ എന്ന സീരീസിലൂടെ നായക പരിവേഷത്തിലെത്തി. പിന്നീട് ഹോളിവുഡിലും അരങ്ങേറ്റംനടത്തി.
ഇതെല്ലാമുണ്ടായിരുന്നെങ്കിലും ‘ഫ്രൻഡ്സ്’ തന്നെയായിരുന്നു മാത്യു പെറിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്. ചാൻഡ്ലർ ബിങ്ങിന്റെ വേഷം 2002ൽ പെറിക്ക് തന്റെ ആദ്യ എമ്മി നോമിനേഷൻ നേടിക്കൊടുത്തു. കരോലിൻ ഇൻ സിറ്റി, അല്ലി മക്ബീൽ, ദി വെസ്റ്റ് വിങ്, സ്ക്രബ്സ് തുടങ്ങിയ സീരീസുകളിലും പെറി ശ്രദ്ധേയമായ വേഷങ്ങൾ കാഴ്ചവെച്ചു. അതിനിടെ ‘ദ എൻഡ് ഓഫ് ലോങ്ങിങ്’ എന്ന പേരിൽ നാടകമെഴുതി അതിൽ അഭിനയിക്കുകയും ചെയ്തു. ഒരിടക്ക് ലഹരിക്ക് അടിമപ്പെട്ട മാത്യുപെറി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിനുശേഷം അദ്ദേഹമെഴുതിയ ‘ഫ്രൻഡ്സ്, ലവേഴ്സ്, ആൻഡ് ദ ബിഗ് ടെറിബിൾ തിങ്’ എന്ന ഓർമക്കുറിപ്പുകൾ ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തിനായിരുന്നു പെറി പിന്നീട് ഇറങ്ങിത്തിരിച്ചത്. തന്റെ ഓർമക്കുറിപ്പിൽ പെറി ഇങ്ങനെ പറയുന്നു:
‘‘എന്റെ ജീവിതത്തിൽ നിരവധി ഉയർച്ചതാഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഒരു മദ്യപാനിയോ ഡ്രഗ് അഡിക്റ്റോ അടുത്തുവന്ന് അവർക്ക് ആ ശീലം മാറ്റിയെടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാൽ ഞാനത് ചെയ്യും. എനിക്കറിയാം ആ അവസ്ഥയെക്കുറിച്ച്. ഞാൻ മരിക്കുമ്പോൾ ആളുകൾ ‘ഫ്രൻഡ്സി’നെക്കുറിച്ച് സംസാരിക്കുമെന്ന് ഉറപ്പാണ്. ഒരു നടനെന്ന രീതിയിൽ അതിൽ താൻ സന്തോഷിക്കുകയും ചെയ്യുന്നു. എന്നാൽ മരണശേഷം ‘ഫ്രൻഡ്സി’നുമപ്പുറം മറ്റുള്ളവർക്കുവേണ്ടി ഞാൻ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ആളുകൾ സംസാരിച്ചാൽ അത് വളരെ നല്ലതായിരിക്കും. അത് സാധിക്കില്ലെന്ന് അറിയാം, എങ്കിലും...’’
ലഹരിക്കടിമകളായവരെ സഹായിക്കാൻ ‘പെറി ഹൗസ്’ എന്ന സംവിധാനത്തിനുതന്നെ പെറി തുടക്കമിട്ടിരുന്നു. ജീവിതത്തിൽ പലതും പൂർത്തിയാക്കാനാവാതെ, ആരാധകരുടെ ഹൃദയത്തിൽ ഒരു വിങ്ങൽ സമ്മാനിച്ച് ചാൻഡ്ലർ നടന്നുനീങ്ങിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.