കൃത്രിമക്കാൽ ഊരിപ്പിച്ച സംഭവം; സുധാ ചന്ദ്രനോട് ക്ഷമചോദിച്ച് സി.ഐ.എസ്.എഫ്
text_fieldsമുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനക്കിടെ കൃത്രിമക്കാൽ ഊരിപ്പിച്ച സംഭവത്തിൽ നടിയും നർത്തകിയുമായ സുധാ ചന്ദ്രനോട് ക്ഷമ ചോദിച്ച് സി.ഐ.എസ്.എഫ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോൾ വിമാനത്താവളങ്ങളിൽ ഓരോ തവണയും കാൽ ഊരിമാറ്റി പരിശോധനക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും ശ്രദ്ധക്ഷണിച്ച് സുധ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവച്ചത്.
'ശ്രീമതി സുധാ ചന്ദ്രനുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ അങ്ങേയറ്റം ഖേദിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ സുരക്ഷാ പരിശോധനകൾക്കായി കൃത്രിമക്കാൽ നീക്കം ചെയ്യാവൂ. എന്തുകൊണ്ടാണ് ബന്ധപ്പെട്ട വനിതാ ഉദ്യോഗസ്ഥ സുധാ ചന്ദ്രനോട് കൃത്രിമക്കാൽ ഊരാൻ ആവശ്യപ്പെട്ടതെന്നും യാത്രക്കാർക്ക് ഒരു അസൗകര്യവും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന കാര്യവും ഞങ്ങൾ പരിശോധിക്കും'-സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തു.
കൃത്രിമക്കാൽ ഊരിക്കൊണ്ടുള്ള ഇത്തരം പരിശോധനകൾ ഒഴിവാക്കാൻ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക കാർഡ് നൽകണമെന്ന് സുധ ചന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. വലിയ വേദനയാണ് അനുഭവിക്കുന്നത്. എന്‍റെ സന്ദേശം, സംസ്ഥാന കേന്ദ്ര സർക്കാർക്കുകൾക്കുമുൻപിൽ എത്തുമെന്നും അവർ ശരിയായ നടപടി കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നതയും നടി അറിയിച്ചു.
വർഷങ്ങൾക്ക് മുമ്പ് കാറപകടത്തെ തുടർന്നാണ് നർത്തകിയായ സുധ ചന്ദ്രന് കാൽ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും തിരിച്ചെത്തിയെന്ന് മാത്രമല്ല, അഭിനയരംഗത്തും സജീവമായി.
ഇത് മനുഷ്യ സാധ്യമാണോ മോദിജീ.. നമ്മുടെ രാജ്യത്തെക്കുറിച്ച് ഇങ്ങനെയാണോ ചർച്ച ചെയ്യപ്പെടേണ്ടത്? നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്ക് ബഹുമാനം നൽകേണ്ടത് ഇപ്രകാരമാണോ? മുതിർന്ന പൗരന്മാർക്ക് ഒരു കാർഡ് നൽകുകയാണെങ്കിൽ അത് പ്രയോജനപ്പെടും.- സുധാ ചന്ദ്രൻ പറഞ്ഞു.
സെലിബ്രിറ്റികളടക്കം നിരവധി പേർ സുധയുടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. സുധയെ പോലുള്ളവർക്ക് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള നടപടി കൈക്കൊളളണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.