തിയറ്ററിൽ നിന്ന് കരഞ്ഞുകൊണ്ട് മകൾ ഇറങ്ങിപ്പോയി, 'അനിമൽ' ചിത്രത്തിൽ ലജ്ജിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് എം.പി
text_fieldsരൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമായ അനിമലിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് എം.പിയുമായ രൻജീത് രാഞ്ജൻ. സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാനെത്തിയ മകൾക്ക് ചിത്രം കണ്ടിരിക്കാനായില്ലെന്നും കണ്ണീരോടെ സിനിമ പൂർത്തിയാക്കുന്നതിന് മുൻപ് തിയറ്റർ വിട്ടിറങ്ങിയെന്നും രൻജീത് രഞ്ജൻ രാജ്യസഭയിൽ പറഞ്ഞു. സിനിമകൾ സമൂഹത്തിന്റെ കണ്ണാടിയാണെന്നും ഇവക്ക് യൂത്തിനെ സ്വാധീനിക്കാൻ കഴിയുമെന്നും എം.പി കൂട്ടിച്ചേർത്തു. കൂടാതെ അർജൻ വൈലി എന്ന പഞ്ചാബി യുദ്ധഗാനം ചിത്രത്തിൽ തെറ്റായ രീതിയിൽ ഉപയോഗിച്ചെന്നും അഭിപ്രായപ്പെട്ടു.
'സിനിമയിൽ അക്രമത്തെയും സ്ത്രീവിരുദ്ധതയെയും ന്യായീകരിക്കുന്നത് ലജ്ജാകരമാണ്. എന്റെ മകളും സുഹൃത്തുക്കളും സിനിമ കാണാൻ പോയിരുന്നു. എന്നാൽ ചിത്രം മുഴുവൻ കണ്ടിരിക്കാൻ അവർക്ക് കഴിഞ്ഞില്ല. കരഞ്ഞുകൊണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങി പോയി. സിനിമകൾക്ക് സമൂഹത്തെ സ്വാധീനിക്കാൻ കഴിയും. അർജുൻ റെഡ്ഡി, കബീർ സിങ് പോലുള്ള ചിത്രങ്ങൾ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തെയാണ്കാണിക്കുന്നത്-രന്‍ജീത് രഞ്ജന്‍ രാജ്യസഭയില്‍ പറഞ്ഞു.
കൂടാതെ ചിത്രത്തിലെ അർജൻ വൈലി എന്ന ഗാനം തെറ്റായ പശ്ചാത്തലത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. പഞ്ചാബിയിലെ യുദ്ധഗാനമാണിത്. രൺബീർ കപൂറിന്റെ കഥാപാത്രം കൊലപാതകങ്ങൾ ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം. ഇത് മതവികാരം വ്രണപ്പെടുത്തിയേക്കാമെന്നും എം.പി രാജ്യസഭയിൽ പറഞ്ഞു.
അതേസമയം വിമർശനങ്ങളും വിവാദങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റി ഉയരുന്നുണ്ടെങ്കിലും ബോക്സോഫീസിൽ മികച്ച കളക്ഷനുമായി അനിമൽ കുതിക്കുകയാണ്. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 563 കോടിയാണ് നേടിയിരിക്കുന്നത്. കബീർ സിങ് എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രത്തിൽ രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.