'നഗുമോ' ഗാനത്തിനൊപ്പം ബീഫ്! 'രാമ സങ്കീർത്തനത്തിന് പകരം അറബി ഗാനങ്ങൾ ഉപയോഗിക്കൂ'; മോഹൻലാലിനെതിരെ സൈബർ ആക്രമണം
text_fieldsനടൻ മോഹൻലാലിനെതിരെ വീണ്ടും സൈബർ ആക്രമണം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2022 ജനുവരി 21ന് പുറത്തിറങ്ങിയ 'ഹൃദയം' എന്ന ചിത്രത്തിലെ ബീഫ് കഴിക്കുന്ന രംഗം ഉയർത്തി കാട്ടിയാണ് മോഹൻലാലിനെതിരെ വിമർശനം .14,000ത്തോളം ഫോളോവേഴ്സുളള സ്വാതി ബെല്ലം എന്ന വെരിഫൈഡ് ട്വിറ്റർ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നാണ് ആദ്യം വിമർശനം ഉയർന്നത്.
ഹൃദയത്തിലെ 'നഗുമോ' എന്ന ഗാനരംഗത്ത് കല്യാണിയും പ്രണവും ബീഫ് കഴിക്കുന്ന രംഗമുണ്ട്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. തുടർന്ന് മോഹൻലാലിനെതിരെ രൂക്ഷ വിമർശനം ഉയരുകയായിരുന്നു. നടൻ ഹിന്ദുക്കളെ അവഹേളിക്കുന്ന ഒരു അവസരവും പാഴാക്കില്ലെന്നും മുസ്‍ലിംകളുമായി വളരെ അടുത്ത ബന്ധമാണെന്നും സ്വാതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് മറ്റൊരാൾ കുറിച്ചു.
'ഹൈന്ദവ സംസ്കാരം തകർക്കാൻ മല്ലുവുഡിന് ആരാണ് അധികാരം നൽകിയത്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെയും സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയെയും പ്രധാനകഥാപത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രമാണ് ഹൃദയം. ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന് ഒരു പവിത്രമായ തെലുങ്ക് രാമ സങ്കീർത്തനം പശ്ചാത്തലമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? തെലുങ്ക് ഹിന്ദുക്കൾ ഗോമാംസം കഴിക്കാറില്ല, പശുവിനെ അമ്മയായി കാണുന്നു- സിനിമയിലെ ബീഫ് കഴിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് സ്വാതി ബെല്ലം ട്വീറ്റ് ചെയ്തു.
ഇന്ന് തമിഴ്നാടിന്റെ ഭൂരിഭാഗവും ദ്രാവിഡ രീതിയിലേക്കും മലയാളം അറബ് രീതിയിലേക്കും മാറിയിരിക്കുന്നു. തെലുങ്ക്, കന്നഡ ഹിന്ദുക്കൾ ഇപ്പോഴും സനാതന സംസ്കാരം നിലനിർത്തുന്നു, ഞങ്ങളുടെ രാമ സങ്കീർത്തനം ഗോമാംസം ആസ്വദിക്കാൻ ഉപയോഗിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. ഇതിനായി അറബി ഗാനങ്ങൾ ഉപയോഗിക്കു'- സ്വാതി ബെല്ലം കൂട്ടിച്ചേർത്തു.
ഈ ട്വീറ്റ് വൈറലായതോടെ നടൻ മോഹൻ ലാലിനെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയായിരുന്നു. മോഹൻലാലിന് മുസ്‍ലിംകളുമായി വളരെ അടുത്ത ബന്ധമാണെന്നും ഹിന്ദുക്കളെ അവഹേളിക്കുന്ന ഒരു അവസരവും പാഴാക്കില്ലെന്നും മറ്റൊരു ട്വിറ്റർ ഉപഭോക്താവ് ട്വീറ്റ് ചെയ്തു. നേരത്തെയും ഹൃദത്തിലെ ഈ രംഗത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.