'തെരുവിൽനിന്ന് വന്നെന്നു കരുതി പോയസ് ഗാർഡനിൽ താമസിക്കാൻ പറ്റില്ലേ?'; ധനുഷ്
text_fieldsപോയസ് ഗാർഡനിൽ വീടുവാങ്ങിയതിനെക്കുറിച്ച് നടൻ ധനുഷ് പറഞ്ഞ വാക്കുകൾ വൈറലാവുന്നു. തെരുവിൽ നിന്നു വന്നെന്നു കരുതി എനിക്ക് പോയസ് ഗാർഡനിൽ വീട് വാങ്ങാൻ പറ്റില്ലേ? എന്നാണ് നടൻ ചോദിക്കുന്നത്. ധനുഷിന്റെ പുതിയ ചിത്രമായ രായന്റെ ഓഡിയോ ലോഞ്ചിലായിരുന്നു ഇക്കാര്യം പറഞ്ഞത്..
'ഞാൻ പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങിയത് ഇത്ര വലിയ ചർച്ചാവിഷയമാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ ഒതുക്കിയേനെ.പോയസ് ഗാർഡനിൽ എനിക്ക് വീട് വാങ്ങാൻ പറ്റില്ലേ? തെരുവിൽ നിന്ന് വന്നെന്നു കരുതി തെരുവിലേ ജീവിക്കാവൂ എന്നാണോ ?- ധനുഷ് തുടർന്നു
ചെന്നൈയിലെ വി.ഐ.പികൾ മാത്രം താമസിക്കുന്ന ഈ സ്ഥലത്ത് വീട് വാങ്ങിയതിന് പിന്നിൽ ഒരു കഥയുണ്ട്. അന്നെനിക്ക് 16 വയസാണ്. ഞാനും എന്റെയൊരു സുഹൃത്തും കൂടി കത്തീഡ്രൽ റോഡ് വഴി പോവുകയായിരുന്നു. ഞാൻ ആരുടെ കടുത്ത ആരാധകനാണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ആ സമയത്ത് തലൈവരുടെ വീട് കാണണമെന്ന് ഒരു ആഗ്രഹം തോന്നി. അവിടെ നിന്ന ഒരാളോട് ചോദിച്ചപ്പോൾ സ്ഥലം പറഞ്ഞു തന്നു. അവിടെ ഒരു കൂട്ടം പൊലീസുകാർ ഉണ്ടായിരുന്നു. അവരോട് തലൈവരുടെ വീടിനെക്കുറിച്ച് തിരക്കി. അവർ വീട് കാണിച്ചു തരുന്നതിനോടൊപ്പം അവിടെ നിന്ന് വേഗം പോകണമെന്നും പറഞ്ഞു.
തലൈവരുടെ വീട് കണ്ട് സന്തോഷത്തോടെ തിരിച്ചുപോകാനൊരുങ്ങിയപ്പോൾ തൊട്ടടുത്ത വീട്ടിൽ ഒരാൾക്കൂട്ടം കണ്ടു. അന്വേഷിച്ചപ്പോൾ അത് ജയലളിതയുടെ വീടാണെന്ന് അറിഞ്ഞു. ഞാൻ ബൈക്ക് നിർത്തി തിരിഞ്ഞു നോക്കി. ഒരു വശത്ത് രജനി സാറിന്‍റെ വീട്, മറുവശത്ത് ജയലളിതാമ്മയുടെ വീട്. അന്ന് മനസിൽ കയറിയ വാശിയാണ് എന്നെങ്കിലും പോയസ് ഗാർഡനിൽ ഒരു ചെറിയ വീട് വെക്കണമെന്ന്. എന്നാൽ, അന്ന് വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. ഒരുപാടു പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് 16 കാരനായ വെങ്കിടേഷ് പ്രഭുവിന് (ജന്മപേര്), ഇന്നു കാണുന്ന ധനുഷ് സമ്മാനിച്ചതാണ് പോയസ് ഗാർഡനിലെ വീട്. നമ്മളാരാണ് എന്ന് നമ്മൾ മാത്രമറിഞ്ഞാൽ മതി. ഞാൻ ആരാണെന്ന് എനിക്കറിയാം, ഭഗവാൻ ശിവനറിയാം, എന്റെ മാതാപിതാക്കൾക്കും കുട്ടികൾക്കും അറിയാം- ധനുഷ് പറഞ്ഞു.
2022 ആണ് ധനുഷും രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും 18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. 'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായുമുള്ള 18 വർഷങ്ങൾ. ഇന്ന് നാം നമ്മുടെ വഴികൾ വേർതിരിക്കുന്ന ഒരു സ്ഥലത്താണ് നിൽക്കുന്നത്. ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കുന്നതിനായി സമയമെടുക്കാനും തീരുമാനിച്ചു. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കണം. ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് നൽകുകയും ചെയ്യണം' എന്നായിരുന്നു ധനുഷ് അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.