'ആദ്യം പോയി ആമിർ ഖാനോട് ചോദിക്കൂ... എന്നിട്ട് മതി എന്നോട്', കിരണ്‍ റാവുവിന് മറുപടിയുമായി സന്ദീപ് റെഡ്ഡി വങ്ക
text_fieldsപോയവർഷം ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത അനിമൽ. 2023 ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ പ്രമേയത്തിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. സത്രീവിരുദ്ധതയേയും അക്രമത്തേയും പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് അനിമലെന്നാണ് അധികവും ഉയർന്നുവന്ന വിമർശനം. പ്രേക്ഷകർ മാത്രമല്ല താരങ്ങൾ പോലും സിനിമയുടെ പ്രമേയത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും അനിമലിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചില്ല. കഴിഞ്ഞ വർഷം തിയറ്ററുകളിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നാണിത്. കൂടാതെ ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ നേടാൻ ചിത്രത്തിനായിട്ടുണ്ട്. സ്ട്രീമിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 62 ലക്ഷം വ്യൂസാണ് ലഭിച്ചിരിക്കുന്നത്.
ഈ അടുത്ത ഇടക്ക് സന്ദീപ് റെഡ്ഡി വങ്കയുടെ ചിത്രമായ കബീർ സിങ്ങിനെ വിമർശിച്ച് നടൻ ആമിർ ഖാന്റെ മുൻഭാര്യയും സംവിധായകയുമായ കിരൺ റാവു എത്തിയിരുന്നു. കബീർ സിങ്, ബാഹുബലി പോലുള്ള ചിത്രങ്ങൾ സ്ത്രീ വിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നവയാണെന്നാണ് കിരൺ റാവു പറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ. പേരെടുത്ത് പറയാതെയായിരുന്നു വങ്കയുടെ പ്രതികരണം.1990ല്‍ പുറത്തിറങ്ങിയ ‘ദില്‍’ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ കഥാപാത്രം മാധുരി ദീക്ഷിതിന്റെ കഥാപാത്രത്തെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും അവസാനം ഇരുവരും പരസ്പരം പ്രണയത്തിലാകുകയും ചെയ്യുന്ന രംഗമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സന്ദീപ് സംസാരിച്ചത്.
'ചില മനുഷ്യർ അവർ എന്താണ് പറയുന്നതെന്ന് മനസിലാക്കുന്നില്ല. അടുത്തിടെ എന്റെയൊരു അസിസ്റ്റന്റ് ഡയറക്ടർ ഒരു സൂപ്പർ സ്റ്റാറിന്റെ മുൻ ഭാര്യ കബീർ സിങ്, ബാഹുബലി എന്നീ ചിത്രങ്ങളെക്കുറിച്ച് ഒരു ലേഖനത്തിൽ പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തി. ഈ ചിത്രങ്ങൾ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അവർ പറഞ്ഞത്. എനിക്ക് തോന്നുന്നത് അവർ പിന്തുടരുന്നതും സമീപിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അവർക്ക് തന്നെ മനസിലായിട്ടില്ലെന്നാണ്. ഞാൻ അവരോട് ആദ്യം 'ഖാംബേ ജയ്‌സി ഖാദി ഹേ’ എന്ന ഗാനത്തെ കുറിച്ച് ആമിർ ഖാനോട് ചോദിക്കാൻ പറയും. അതെന്തായിരുന്നുവെന്ന്. എന്നിട്ട് എന്റെ അടുത്തേക്ക് വന്നാൽ മതി. നിങ്ങൾ 'ദിൽ' എന്ന ചിത്രം ഓർക്കുന്നില്ല. ചിത്രത്തിലെ ആമിർ ഖാന്റെ കഥാപാത്രം നായികയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും അതിനുശേഷം അവർ പരസ്പരം പ്രണയത്തിലാവുന്നു. എന്തായിരുന്നു അതെല്ലാം. ചുറ്റുപാടുകൾ പരിശോധിക്കുന്നതിന് മുമ്പ് അവർ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല- വങ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.